പ്രകോപിപ്പിച്ചത് കോഹ്ലി? ഇതിഹാസത്തില്‍ നിന്ന് ഇതു പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍

പ്രകോപിപ്പിച്ചത് കോഹ്ലി? ഇതിഹാസത്തില്‍ നിന്ന് ഇതു പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍

കോഹ്ലിക്കും ഗംഭീറിനും മാച്ച് ഫീയുടെ 100 ശതമാനവും നവീന് 50 ശതമാനവും പിഴശിക്ഷയാണ് ബി.സി.സി.ഐ. വിധിച്ചത്.

ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കാത്ത കാര്യങ്ങളാണ് ഇന്നലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ റോയല്‍ ചലഞ്ചേഴ്‌സ്-സൂപ്പര്‍ ജയന്റ്‌സ് മത്സരത്തില്‍ അരങ്ങേറിയത്. റോയല്‍ ചലഞ്ചേഴ്‌സ് സൂപ്പര്‍ താരം വിരാട് കോഹ്ലിയും ലഖ്‌നൗ താരം നവീന്‍ ഉള്‍ ഹഖും തമ്മിലുണ്ടായ ഉരസലും പിന്നീട് അത് ലഖ്‌നൗ കോച്ചിങ് സ്റ്റാഫും ഇന്ത്യന്‍ മുന്‍ താരവുമായ ഗൗതം ഗംഭീര്‍ ഏറ്റുപിടിച്ചതുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം.

മൂവര്‍ക്കും മോശം പെരുമാറ്റത്തിന്റെ പേരില്‍ ബി.സി.സി.ഐ. പിഴ ചുമത്തുകയും ചെയ്തു. കോഹ്ലിക്കും ഗംഭീറിനും മാച്ച് ഫീയുടെ 100 ശതമാനവും നവീന് 50 ശതമാനവും പിഴശിക്ഷയാണ് ബി.സി.സി.ഐ. വിധിച്ചത്.

ഇന്നലെ നടന്ന ലോ സ്‌കോറിങ് ത്രില്ലറിനൊടുവില്‍ 16 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത അവര്‍ക്ക് 126 മാത്രമേ നേടാനായിരുന്നുള്ളു. എന്നാല്‍ ലഖ്‌നൗവിനെ വെറും 108 റണ്‍സില്‍ ഒതുക്കി റോയല്‍ ചലഞ്ചേഴ്‌സ് വിജയം കൊയ്യുകയായിരുന്നു.

മത്സരശേഷം നടന്ന സംഭവങ്ങളാണ് ക്രിക്കറ്റിനു തന്നെ നാണക്കേടായത്. മത്സരം കഴിഞ്ഞ് പവലിയനിലേക്ക് തിരിച്ചുപോകുന്നതിന് മുന്‍പ് ഇരു ടീമുകളും ഹസ്തദാനത്തിനായി എത്തിയപ്പോള്‍ നവീന്‍ കോഹ്ലിയുടെ കൈ തട്ടിമാറ്റുകയും ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും ചെയ്തിരുന്നു.

പിന്നീട് മൈതാനത്ത് ലഖ്നൗ ഓപ്പണര്‍ കെയ്ല്‍ മേയേഴ്സ്, കോഹ്ലിയുമായി സംസാരിക്കുന്നതിനിടയില്‍ ഗംഭീര്‍ അതില്‍ ഇടപെടുകയും മേയേഴ്സിനെ അവിടെനിന്ന് നിര്‍ബന്ധിച്ച് കൊണ്ടുപോവുകയും ചെയ്തു. ഇതു വീണ്ടും വാക്കറ്റത്തിനു കാരണമായി. കോഹ്ലിയും ഗംഭീറും മുഖാമുഖം വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ലഖ്നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ അടക്കമുള്ളവരാണ് ഇരുവരെയും വേര്‍പെടുത്തി അന്തരീക്ഷം ശാന്തമാക്കിയത്.

ഗംഭീറും കോഹ്ലിയും വീണ്ടും ഏറ്റുമുട്ടി എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ കാര്യങ്ങളുടെ തുടക്കം അവിടെ നിന്നല്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വീഡിയോകളും റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. പ്രശ്‌നങ്ങള്‍ തുടങ്ങിവച്ചത് കോഹ്ലിയാണെന്നും അതില്‍ നിന്നു വ്യക്തമാകുകയാണ്.

ലഖ്‌നൗവിന്റെ ബാറ്റിങ്ങിനിടെ കോഹ്ലി അകാരണമായി നവീനെയും ലഖ്‌നൗ സീനിയര്‍ താരം അമിത് മിശ്രയെയും അസഭ്യം പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായത്. ഗ്രൗണ്ടില്‍ നവീനുമായി ഉരസിയ കോഹ്ലി നവീനെ രൂക്ഷമായി അപമാനിക്കുകയും ചെയ്തു. ''എന്റെ ഷൂവിന് അടിയിലെ ചെളിയുടെ അത്രപോലും വില പോലും നിനക്കില്ലെന്ന്'' കോഹ്ലി നവീനോടു പറയുന്ന ദൃശ്യങ്ങളും വീഡിയോയും പുറത്തു വന്നു. സ്റ്റംപ് മൈക്കില്‍ കോഹ്ലിയുടെ പരാമര്‍ശവും പതിഞ്ഞിട്ടുണ്ട്.

ഇതോടെയാണ് നവീന്‍ ഇടഞ്ഞത്. ഈ അപമാനത്തെത്തുടര്‍ന്നാണ് മത്സരശേഷം കോഹ്ലിക്ക് ഹസ്തദാനം നല്‍കാന്‍ നവീന്‍ തയാറാകാഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് പിന്നീട് ഗംഭീര്‍ ഏറ്റുപിടിക്കുകയാണെന്നും തന്റെ ടീമിലെ യുവതാരത്തെ അപമാനിച്ചത് ഗംഭീര്‍ ചോദ്യം ചെയ്യുകയാണ് ഉണ്ടായതെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ആരാധകരും വിഷയം ഏറ്റെടുത്തിട്ടുണ്ട്. ഇതിഹാസ താരമായ കോഹ്ലിയില്‍ നിന്ന് ഇത്തരത്തില്‍ ഒരു യുവതാരത്തെ അപമാനിക്കുന്ന പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്.

കോഹ്ലിയും ഗംഭീറും തമ്മില്‍ ഉരസുന്നത് ഇത് ആദ്യമായല്ല. ഐപിഎല്ലിന്റെ ഈ സീസണില്‍ ഇരുവരും തമ്മില്‍ ആദ്യ കളി മുതല്‍ തന്നെ പരോക്ഷമായി ഏറ്റുമുട്ടത്തുടങ്ങിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍നിന്ന് ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്തതും ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ വന്ന വഴി കോഹ്ലി മറക്കരുതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ തന്റെ ആദ്യ സെഞ്ചുറി നേടിയ കോഹ്ലിക്ക് ആ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ ലഭിച്ച മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് സമര്‍പ്പിച്ച ഗംഭീറിനോട് കോഹ്ലി മാന്യത കാണിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

logo
The Fourth
www.thefourthnews.in