ചരിത്രം തിരുത്തി, ചാമ്പ്യന്മാരെ ഒതുക്കി; 'സൂപ്പര്‍' കിങ്‌സ് ഫൈനലില്‍

ചരിത്രം തിരുത്തി, ചാമ്പ്യന്മാരെ ഒതുക്കി; 'സൂപ്പര്‍' കിങ്‌സ് ഫൈനലില്‍

നാളെ നടക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തിലെ വിജയികളുമായി ഗുജറാത്തിന് ക്വാളിഫയര്‍ രണ്ടില്‍ ഏറ്റുമുട്ടാം.

ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പിക്കാനായിട്ടില്ലെന്ന പേരുദോഷം മാറ്റി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ലെ ആദ്യ ക്വാളിഫയര്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ടൈറ്റന്‍സിനെ 15. റണ്‍സിന് തോല്‍പിച്ച് ചെന്നൈ ഫൈനലില്‍ കടന്നു.

ഇന്ന് ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിങ്‌സ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് 157 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. ജയത്തോടെ സീസണിലെ ആദ്യ ഫൈനലിസ്റ്റാകാന്‍ ചെന്നൈയ്ക്കു കഴിഞ്ഞപ്പോ ഗുജറാത്തിന് കലാശപ്പോരാട്ടത്തിന് ടിക്കറ്റ് നേടാന്‍ ഒരവസരം കൂടിയുണ്ട്.

നാളെ നടക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തിലെ വിജയികളുമായി ഗുജറാത്തിന് ക്വാളിഫയര്‍ രണ്ടില്‍ ഏറ്റുമുട്ടാം. അതില്‍ ജയിക്കുന്നവരാകും ഫൈനലില്‍ ചെന്നൈയെ നേരിടുക.

ഇന്ന് ചെന്നൈ ഉയര്‍ത്തിയ 173 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്തിന് മധ്യനിരയുടെ തകര്‍ച്ചയാണ് തിരിച്ചടിയായത്. ഫോമിലുള്ള ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനൊഴികെ മറ്റാര്‍ക്കും മികച്ച സംഭാവനകള്‍ നല്‍കാനായില്ല. 38 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 42 റണ്‍സ് നേടിയ ഗില്ലാണ് അവരുടെ ടോപ് സ്‌കോറര്‍.

ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ(12), നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ(8), മധ്യനിര താരങ്ങളായ ദസുന്‍ ഷനക(17), ഡേവിഡ് മില്ലര്‍(4), വിജയ് ശങ്കര്‍(14), രാഹുല്‍ തെവാട്ടിയ(3) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത റാഷിദ് ഖാനാണ് അവരെ 150-ലെങ്കിലും എത്തിച്ചത്. 16 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 30 റണ്‍സാണ് റാഷിദ് നേടിയത്.

ചെന്നൈയ്ക്കു വേണ്ടി നാലോവറില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. 28 റണ്‍സ് വഴങ്ങി മഹീഷ തീക്ഷ്ണയും 29 റണ്‍സ് വഴങ്ങി ദീപക് ചഹാറും 37 റണ്‍സ് വഴങ്ങി മതീഷ പതിരണയും രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കി മികച്ച പിന്തുണ നല്‍കി. തുഷാര്‍ ദേശ്പാണ്ഡെയ്ക്കാണ് ഒരു വിക്കറ്റ്.

നേരത്തെ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ റുത്‌രാജ് ഗെയ്ക്ക്‌വാദിന്റെയും മികച്ച പിന്തുണ നല്‍കിയ മറ്റൊരു ഓപ്പണര്‍ ഡെവണ്‍ കോണ്‍വെയുടെയും പ്രകടനമാണ് ചെന്നൈയ്ക്കു തുണയായത്. ഗെയ്ക്ക്‌വാദ് 44 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 60 റണ്‍സ് നേടി ടോപ്‌സ്‌കോററായപ്പോള്‍ 34 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികള്‍ സഹിതം 40 റണ്‍സാണ് കോണ്‍വെ നേടിയത്.

ഇരുവരും ചേര്‍ന്നുള്ള ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്ന 87 റണ്‍സാണ് ചെന്നൈ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ രണ്ടാം ഓവറില്‍ രണ്ടു റണ്‍സ് എടുത്തു നില്‍ക്കെ റുതുരാജിനെ ദര്‍ശന്‍ നല്‍ക്കണ്ഡെയുടെ പന്തില്‍ ശുഭ്മാന്‍ ഗില്‍ പിടികൂടിയതാണ്. എന്നാല്‍ നല്‍കണ്ഡെ ഓവര്‍ സ്‌റ്റെപ് ചെയ്തതിന് അമ്പയര്‍ നോബോള്‍ വിളിച്ചത് ചെന്നൈയ്ക്കു രക്ഷയാകുകയായിരുന്നു.

ഓപ്പണര്‍മാര്‍ക്കു പുറമേ ചെന്നൈ നിരയില്‍ മറ്റാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. മധ്യനിര താരങ്ങളായ ശിവം ദുബെ(1), അജിന്‍ക്യ രാഹാനെ(10 പന്തില്‍ 17), അമ്പാട്ടി റായിഡു(9 പന്തില്‍ 17), നായകന്‍ മഹേന്ദ്ര സിങ് ധോണി(1), രവീന്ദ്ര ജഡേജ(16 പന്തില്‍ 22) എന്നിവര്‍ നിരാശപ്പെടുത്തി. ഒരു റണ്ണുമായി മൊയീന്‍ അലി പുറത്താകാതെ നിന്നു.

ഗുജറാത്തിനു വേണ്ടി നാലോവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. 31 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകളുമായി മോഹിത് ശര്‍മ മികച്ച പിന്തുണ നല്‍കി. ദര്‍ശന്‍ നല്‍കണ്ഡെ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

logo
The Fourth
www.thefourthnews.in