തകര്‍പ്പന്‍ ജയം; സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫില്‍

തകര്‍പ്പന്‍ ജയം; സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫില്‍

ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ചെന്നൈ പ്ലേ ഓഫ് ഉറപ്പിച്ചത്. സീസണില്‍ പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമാണ് അവര്‍.

മിന്നുന്ന ജയവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ന്റെ പ്ലേ ഓഫില്‍ കടന്നു. ഇന്നു നടന്ന മത്സരത്തില്‍ അവര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 77 റണ്‍സിനാണ് തുരത്തിയത്. ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.

ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ചെന്നൈ പ്ലേ ഓഫ് ഉറപ്പിച്ചത്. സീസണില്‍ പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമാണ് ചെന്നൈ. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സാണ് നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച ആദ്യ ടീം.

ഇന്നു ചെന്നൈയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഡല്‍ഹിക്ക് ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് തിരിച്ചടിയായത്. അര്‍ധസെഞ്ചുറി നേടിയ നായകന്‍ ഡേവിഡ് വാര്‍ണറിനു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. 58 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതം 86 റണ്‍സാണ് വാര്‍ണര്‍ നേടിയത്.

ഡല്‍ഹി നിരയില്‍ മറ്റാര്‍ക്കും 20 റണ്‍സ് പോലുമെടുക്കാനായില്ല. എട്ടു പന്തില്‍ 15 റണ്‍സ് നേടിയ അക്‌സര്‍ പട്ടേലാണ് മികച്ച രണ്ടാമത്തെ സ്‌കോറര്‍. ഓപ്പണര്‍ പൃഥ്വി ഷാ(5) മധ്യനിര താരങ്ങളായ ഫില്‍ സാള്‍ട്ട്(3), റിലി റൂസോ(0), യാഷ് ദുള്‍(13), അമന്‍ ഹക്കീം ഖാന്‍(7) എന്നിവര്‍ നിരാശപ്പെടുത്തി.

നാലോവറില്‍ 22 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ പേസര്‍ ദീപക് ചഹാറാണ് ചെന്നൈയ്ക്കു വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത്. രണ്ടു വിക്കറ്റുകളുമായി മഹീഷ് തീക്ഷ്ണയും മതീഷ പതിരണയും ഓരോ വിക്കറ്റുകളുമായി തുഷാര്‍ ദേശ്പാണ്ഡെ, രവീന്ദ്ര ജഡേജ എന്നിവരും ചഹാറിനു മികച്ച പിന്തുണ നല്‍കി.

നേരത്തെ ഓപ്പണര്‍മാരായ ഡെവണ്‍ കോണ്‍വെയുടെയും റുതുരാജ് ഗെയ്ക്ക്വാദിന്റെയും മിന്നുന്ന അര്‍ധസെഞ്ചുറികളാണ് ചെന്നൈയ്ക്കു കരുത്തായത്. കോണ്‍വെ 52 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 87 റണ്‍സ് നേടി ടോപ് സ്‌കോററായപ്പോള്‍ 50 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഏഴു സിക്‌സറുകളും സഹിതം 79 റണ്‍സായിരുന്നു ഗെയ്ക്ക്വാദിന്റെ സംഭാവന.

ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 14.3 ഓവറില്‍ 141 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഒടുവില്‍ ഗെയ്ക്ക്വാദിനെ റിലി റൂസോയുടെ കൈകളില്‍ എത്തിച്ച് ചേതന്‍ സക്കരിയയാണ് ഡല്‍ഹിക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. എന്നാല്‍ ഗെയ്ക്ക്വാദിന് പകരം ക്രീസിലെത്തിയ ശിവം ദുബയെ കൂട്ടുപിടിച്ചു കോണ്‍വേ ആക്രമണം അഴിച്ചുവിട്ടതോടെ ചെന്നൈയെ 200-ല്‍ താഴെ ഒതുക്കാമെന്ന ഡല്‍ഹി മോഹങ്ങള്‍ തകര്‍ന്നു.

രണ്ടാം വിക്കറ്റില്‍ വെറും 15 പന്തുകളില്‍ 54 റണ്‍സാണ് കോണ്‍വെ-ദുബെ സഖ്യം അടിച്ചുകൂട്ടിയത്. ഒമ്പതു പന്തുകളില്‍ നിന്ന് മൂന്നു സിക്‌സറുകളോടെ 22 റണ്‍സാണ് ദുബെ നേടിയത്. ആദ്യം ദുബെയും പിന്നീട് കോണ്‍വെയും പുറത്തായെങ്കിലും അവസാന രണ്ടോവറില്‍ തകര്‍ത്തടിച്ച രവീന്ദ്ര ജഡേജ ടീമിനെ 220 കടത്തി.

ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ഏഴു പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 20 റണ്‍സുമായി ജഡേജയും നാലു പന്തില്‍ അഞ്ചു റണ്‍സുമായി നായകന്‍ മഹേന്ദ്ര സിങ് ധോണിയുമായിരുന്നു. ക്രീസില്‍. ഡല്‍ഹിക്കു വേണ്ടി സക്കരിയയ്ക്കു പുറമേ ആന്റ്‌റിച്ച് നോര്‍ക്യെ, ഖലീല്‍ അഹമ്മദ് എന്നിവരും ഓരോ വിക്കറ്റ് സ്വന്തമാക്കി.

logo
The Fourth
www.thefourthnews.in