സൂപ്പര്‍ കിങ്‌സിന് വമ്പന്‍ തിരിച്ചടി; ധോണിക്ക് കാല്‍മുട്ടിനു പരുക്ക്

സൂപ്പര്‍ കിങ്‌സിന് വമ്പന്‍ തിരിച്ചടി; ധോണിക്ക് കാല്‍മുട്ടിനു പരുക്ക്

കാല്‍മുട്ടിന് പരുക്കേല്‍ക്കുന്നവര്‍ അണിയുന്ന ആവരണം അണിഞ്ഞാണ് ധോണി ഇന്നലെ പരിശീലനത്തിനിറങ്ങിയത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16-ാം സീസണ്‍ ആരംഭിക്കാന്‍ കേവലം 24 മണിക്കൂര്‍ ശേഷിക്കെ നാലു തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വമ്പന്‍ തിരിച്ചടി. നായകനും സൂപ്പര്‍ താരവുമായ മഹേന്ദ്ര സിങ് ധോണിക്കേറ്റ പരുക്കാണ് സൂപ്പര്‍ കിങ്‌സിനെ വലയ്ക്കുന്നത്. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ കാല്‍മുട്ടിനാണ് താരത്തിനു പരുക്കേറ്റത്.

ഇതിനേത്തുടര്‍ന്ന് ഗ്രൗണ്ടില്‍ താരം മുടന്തി നടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ധോണിയുടെ പരുക്കിനെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തുവിടാന്‍ സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റ് തയാറായിട്ടില്ല. സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നാളെ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാന്‍ സൂപ്പര്‍ കിങ്‌സ് തയാറെടുക്കുന്നതിനിടെയാണ് നായകന്റെ പരുക്ക് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്.

പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമമായ സ്‌പോര്‍ട്‌സ് സ്റ്റാറിന്റെ റിപ്പോര്‍ട്ട് പ്രകാരം കാല്‍മുട്ടിന് പരുക്കേല്‍ക്കുന്നവര്‍ അണിയുന്ന ആവരണം അണിഞ്ഞാണ് ധോണി ഇന്നലെ പരിശീലനത്തിനിറങ്ങിയത്. ഗ്രൗണ്ടില്‍ പലപ്പോഴും കാല്‍മുട്ട് സ്‌ട്രെക്ച്ച് ചെയ്ത് ധോണി കാലിന്റെ വേദന പരിശോധിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ആദ്യ രണ്ടു ദിനവും പരിശീലനത്തിനിടെ ബാറ്റിങ്ങും വിക്കറ്റ് കീപ്പിങ്ങും പ്രാക്ടീസ് ചെയ്ത താരം പക്ഷേ കഴിഞ്ഞ രണ്ടു ദിവസമായി ഇതിനു മുതിരുന്നില്ലെന്നും പരുക്ക് ഗുരുതരമാകാതെ സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

പരിശീലനത്തിന്റെ രണ്ടാം ദിനം ബാറ്റിങ്ങിനിടെ റണ്‍സ് പൂര്‍ത്തിയാക്കുന്ന വേളയിലാണ് താരത്തിനു കാല്‍മുട്ടിനു പരുക്കേറ്റതായി സംശയിക്കുന്നത്. പരിശീലനത്തിനിടെ കൂറ്റന്‍ സിക്‌സറുകളുമായി ആരാധകരെ കൈയിലെടുത്ത ധോണിക്ക് പിന്നീട് ബാറ്റിങ് പൂര്‍ത്തിയാക്കാനായിരുന്നില്ല.

നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലാണ് പതിനാറാം സീസണിന്റെ ഉദ്ഘാടന മത്സരം. കഴിഞ്ഞ സീസണില്‍ അരങ്ങേറിയ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ കളിച്ച രണ്ടു മത്സരങ്ങളിലും ചെന്നൈ പരാജയപ്പെട്ടിരുന്നു. അതിനാല്‍ത്തന്നെ ഗൗരവമായി ആദ്യ മത്സരത്തെ സമീപിക്കുന്നതിനിടെയാണ് നായകന്റെ പരുക്ക് സൂപ്പര്‍ കിങ്‌സിന് തിരിച്ചടിയാകുന്നത്.

logo
The Fourth
www.thefourthnews.in