പഞ്ചാബ് അഞ്ചിന് 187; രാജസ്ഥാന് പ്രതീക്ഷ നിലനിര്‍ത്താന്‍ 18.3 ഓവറുകള്‍

പഞ്ചാബ് അഞ്ചിന് 187; രാജസ്ഥാന് പ്രതീക്ഷ നിലനിര്‍ത്താന്‍ 18.3 ഓവറുകള്‍

പഞ്ചാബ് കിങ്‌സ് ഉയര്‍ത്തിയ 188 റണ്‍സ് എന്ന വിജയലക്ഷ്യം മറികടക്കാനായാല്‍ സഞ്ജുവിനും സംഘത്തിനും ഭാഗ്യദേവതയെ കൂട്ടുപിടിക്കാം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് സീസണ്‍ 16-ന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അണയാതെ സൂക്ഷിക്കാന്‍ രാജസ്ഥാന്‍ റോയല്‍സിനു മുന്നില്‍ 18.3 ഓവറുകള്‍. ഇതിനുള്ളില്‍ പഞ്ചാബ് കിങ്‌സ് ഉയര്‍ത്തിയ 188 റണ്‍സ് എന്ന വിജയലക്ഷ്യം മറികടക്കാനായാല്‍ സഞ്ജുവിനും സംഘത്തിനും ഭാഗ്യദേവതയെ കൂട്ടുപിടിക്കാം.

പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ വന്‍ ജയം അനിവാര്യമെന്ന നിലയില്‍ ഇന്നു ധരംശാലയില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം മധ്യനിരയുടെ കരുത്തിലാണ് അവര്‍ മാന്യമായ സ്‌കോറിലെത്തിയത്.

31 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 49 റണ്‍സുമായി പുറത്താകാതെ നിന്ന ഓള്‍റൗണ്ടര്‍ സാം കറനാണ് അവരുടെ ടോപ് സ്‌കോറര്‍. എന്നാല്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് 23 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 41 റണ്‍സ് നേടി പുറത്താകാതെ നിന്ന ഷാരൂഖ് ഖാന്റെ ഇന്നിങ്‌സാണ് അവരെ 180 കടത്തിയത്.

ഇരുവര്‍ക്കും പുറമേ 28 പന്തുകളില്‍ നിന്ന് മൂന്നു വീതം സിക്‌സറും ഫോറും പായിച്ച് 44 റണ്‍സ് നേടിയ ജിതേഷ് ശര്‍മയും മികച്ച സംഭാവന നല്‍കി. പഞ്ചാബ് നിരയില്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല. ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്(2), നായകന്‍ ശിഖര്‍ ധവാന്‍(17), മധ്യനിര താരങ്ങളായ അതര്‍ഥ തായ്‌ഡെ(19), ലിയാം ലിവിങ്‌സ്റ്റണ്‍(9) എന്നിവര്‍ നിരാശപ്പെടുത്തി.

രാജസ്ഥാനു വേണ്ടി മൂന്നു വിക്കറ്റ് വീഴ്ത്തിയ പേസര്‍ നവ്ദീപ് സൈനിയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ട്രെന്റ് ബോള്‍ട്ട്, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി രാജസ്ഥാന്‍ ആറാമതും പഞ്ചാബ് എട്ടാമതുമാണ്. ഇരുവര്‍ക്കും ഇന്നു ജയിച്ചാലും പ്ലേ ഓഫ് ഉറപ്പിക്കാനാകില്ല. ഇരുവര്‍ക്കും വന്‍ ജയം നേടിയാലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നിവരുടെ തോല്‍വി കൂടി വേണം സാധ്യത നിലനിര്‍ത്താന്‍.

നിര്‍ണായക മത്സരത്തില്‍ സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ഇല്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങിയത്. ചുമലിലേറ്റ പരുക്കാണ് അശ്വിന് തിരിച്ചടിയായത്. പകരം ആദം സാംപ ടീമില്‍ ഇടംപിടിച്ചപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന പേസര്‍ ട്രെന്റ് ബോള്‍ട്ട് തിരിച്ചെത്തി. അതേസമയം പഞ്ചാബ് നിരയില്‍ മാറ്റങ്ങളില്ല.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in