ഗില്ലിനെ തകര്‍ത്ത ധോണിയുടെ 
മിന്നല്‍ സ്റ്റമ്പിങ്; വീഡിയോ വൈറല്‍

ഗില്ലിനെ തകര്‍ത്ത ധോണിയുടെ മിന്നല്‍ സ്റ്റമ്പിങ്; വീഡിയോ വൈറല്‍

കാലമെത്ര കഴിഞ്ഞാലും ധോണിയുടെ കീപ്പിങ് മികവിന് പകരക്കാരനില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ധോണിയുടെ മിന്നല്‍ സ്റ്റമ്പിങ്
Published on

ചെന്നൈ സൂപ്പര്‍ കിങ്സില്‍ ധോണിയുടെ സാന്നിധ്യം എത്ര നിര്‍ണായകമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഈ ഐപിഎല്‍ സീസണിലെ ഫൈനൽ മത്സരം. ഗുജറാത്തിനെതിരായ മത്സരത്തില്‍ സെക്കൻഡുകള്‍ക്കൊണ്ട് ധോണി തീര്‍ത്ത മാജിക്കാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. മഹേന്ദ്ര സിങ് ധോണിയുടെ മിന്നല്‍ സ്റ്റമ്പിങില്‍ ഗുജറാത്തിന്റെ ഗില്ലിന് തലകുനിക്കേണ്ടിവന്നു.

20 പന്തില്‍ 39 റണ്‍സ് എടുത്ത് മികച്ച ഫോമിൽ കുതിക്കുകയായിരുന്ന ഗില്ലിനെ രവീന്ദ്ര ജഡേജയുടെ പന്തിലാണ് ധോണി ശരവേഗത്തില്‍ പുറത്താക്കുന്നത്. തന്റെ ഐപിഎല്‍ കരിയറിലെ 42-ാം സ്റ്റമ്പിങാണ് ധോണിയുടേത്. കാലമെത്ര കഴിഞ്ഞാലും ധോണിയുടെ കീപ്പിങ് മികവിന് പകരക്കാരനില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ധോണിയുടെ മിന്നല്‍ സ്റ്റമ്പിങ്. ഗില്ലിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച വേഗത്തോടെയാണ് ധോണി സ്റ്റമ്പ് പിഴുതത്.

ചെന്നൈ സൂപ്പര്‍കിങ്സ് താരങ്ങള്‍ നിരവധി ഫീല്‍ഡിങ് പിഴവുകളാണ് തുടക്കത്തിലേ വരുത്തിയത്. എന്നാല്‍ ധോണിയുടെ മിന്നല്‍ സ്റ്റമ്പിങ്ങിലൂടെ സമ്മര്‍ദ്ദം മാറി. വൃദ്ധിമാന്‍ സാഹയുടെ ക്യാച്ചും നേടാന്‍ ധോണിക്കായി.

ടി20യില്‍ 300 പുറത്താക്കലുമായി ധോണി റെക്കോഡിട്ടിരിക്കുകയാണ്. ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് ധോണി. 296 പുറത്താക്കലുമായി ദിനേഷ് കാര്‍ത്തികാണ് രണ്ടാം സ്ഥാനത്ത്. 174 പുറത്താക്കല്‍ നടത്തി വൃദ്ധിമാന്‍ സാഹയും 172 പുറത്താക്കലുമായി സുരേഷ് റെയ്നയും 170 പുറത്താക്കലുമായി വിരാട് കോലിയുമാണ് പട്ടികയില്‍ പിന്നാലെയുള്ളത്.

മത്സരത്തിനിടെ 250 ഐപിഎല്‍ മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ധോണി സ്വന്തമാക്കി.

രവീന്ദ്ര ജഡേജയുടെ ഓവറില്‍ പന്ത് അല്‍പ്പം ടേണ്‍ ചെയ്തപ്പോള്‍ ഗില്ലിന്റെ ഫൂട്ട്സ്റ്റെപ്പ് പിഴച്ചു. ഞൊടിയിടയില്‍ പന്ത് പിടിച്ചെടുത്ത് ധോണി ചെയ്ത സ്റ്റമ്പിങ്ങിലാണ് ഗില്‍ പുറത്തായത്. 20 പന്തില്‍ ഏഴ് ബൗണ്ടറിയടക്കം 39 റണ്‍സുമായാണ് ഗില്‍ മടങ്ങിയത്.

സ്റ്റംപിങുകള്‍ക്കും ഗ്ലൗസുകള്‍ ഉപയോഗിച്ചുള്ള ക്യാച്ചുകള്‍ക്കും പുറമെ, 377 മത്സര കരിയറില്‍ നോണ്‍-കീപ്പറായി അഞ്ച് പുറത്താക്കലുകളും (ക്യാച്ചുകള്‍) ധോണിക്ക് സാധിച്ചിട്ടുണ്ട്. 243 ഇന്നിങ്സുകളില്‍നിന്ന് 180 പുറത്താക്കലുകളും 138 ക്യാച്ചുകളും 42 സ്റ്റംപിങ്ങുകളുമായി സിഎസ്‌കെ ക്യാപ്റ്റന്‍ ഐപിഎല്ലില്‍ വിക്കറ്റ് കീപ്പിങ് ചാര്‍ട്ടില്‍ മുന്നിലാണ്.

നിമിഷനേരം കൊണ്ടാണ് ധോണിയുടെ സ്റ്റമ്പിങ് വീഡിയോ വയറലാവുന്നത്. ധോണി വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ ഒരിക്കലും ക്രീസില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് ആരാധകര്‍ പറയുന്നത്. മുട്ടിന് പരിക്കേറ്റിട്ടും 41ാം വയസിലും ഇത്രയും മികച്ച രീതിയില്‍ കീപ്പ് ചെയ്യാന്‍ ധോണിക്ക് മാത്രമെ സാധിക്കൂവെന്നാണ് ആരാധകര്‍ വാഴ്ത്തുന്നത്. ധോണിയെപ്പോലെ കൗശലക്കാരനായ മറ്റൊരു നായകനോ കീപ്പറോ ലോക ക്രിക്കറ്റ് ചരിത്രത്തിലില്ലെന്നാണ് ആരാധകര്‍ പ്രശംസിക്കുന്നത്.

logo
The Fourth
www.thefourthnews.in