സിറാജ് മാജിക്കില്‍ റോയല്‍ ചലഞ്ചേഴ്‌സ്

സിറാജ് മാജിക്കില്‍ റോയല്‍ ചലഞ്ചേഴ്‌സ്

നാലോവറില്‍ വെറും 21 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ സിറാജാണ് പഞ്ചാബിനെ തകര്‍ത്തത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നു നടന്ന ആവേശപ്പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ 24 റണ്‍സിന് വീഴ്ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ തീപാറുന്ന ബൗളിങ്ങാണ് ബാംഗ്ലൂരിന് ജയമൊരുക്കിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചലഞ്ചേഴ്‌സ് നാലു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ പോരാട്ടം 18.2 ഓവറില്‍ 150 റണ്‍സില്‍ അവസാനിച്ചു. നാലോവറില്‍ വെറും 21 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ സിറാജാണ് പഞ്ചാബിനെ തകര്‍ത്തത്.

പഞ്ചാബ് കിങ്‌സ് നിരയില്‍ 30 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 46 റണ്‍സ് നേടിയ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിനും 27 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 41 റണ്‍സ് നേടിയ മധ്യനിര താരം ജിതേഷ് ശര്‍മയ്ക്കും മാത്രമാണ് പിടിച്ചു നില്‍ക്കാനായത്.

ഓപ്പണര്‍ അഥര്‍വ തായ്‌ഡെ(4), മധ്യനിര താരങ്ങളായ മാത്യു ഷോര്‍ട്ട്(8), ലിയാം ലിവിങ്‌സ്റ്റണ്‍(2), ഷാരൂഖ് ഖാന്‍(7), ഹര്‍പ്രീത് സിങ്(13), താല്‍ക്കാലിക നായകന്‍ സാം കറന്‍(10) എന്നിവര്‍ നിരാശപ്പെടുത്തി. ചലഞ്ചേഴ്‌സിനു വേണ്ടി സിറാജിനു പുറമേ രരണ്ടു വിക്കറ്റ് വീഴ്ത്തിയ വാനിന്ദു ഹസരങ്കയും ഓരോ വിക്കറ്റുകളുമായി വെയ്ന്‍ പാര്‍നല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരും തിളങ്ങി.

നേരത്തെ മികച്ച തുടക്കത്തിനു ശേഷം റണ്‍സ് ഉയര്‍ത്താന്‍ കഴിയാതെ പോയ ബാംഗ്ലൂര്‍ 174 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു.ഒരു ഘട്ടത്തില്‍ 16 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 137 റണ്‍സ് എന്ന നിലയിലായിരുന്ന അവര്‍ക്ക് ശേഷിച്ച നാലോവറില്‍ വെറും 37 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. ആദ്യ 10 ഓവറില്‍ 98 റണ്‍സ് നേടിയ അവര്‍ക്ക് അവസാന 10 ഓവറില്‍ 76 റണ്‍സാണ് നേടാനായത്. 11-ാം ഓവര്‍ മുതല്‍ 16-ാം ഓവര്‍ വരെ പിറന്നത് വെറും 39 റണ്‍സ് മാത്രം!

അര്‍ധസെഞ്ചുറികളള്‍ നേടി രണ്ട് സെറ്റ് ബാറ്റര്‍മാര്‍ ക്രീസില്‍ ഉള്ളപ്പോഴാണ് തകര്‍പ്പന്‍ ബൗളിങ്ങിലൂടെ പഞ്ചാബ് കളി തിരിച്ചുപിടിച്ചത.. ചലഞ്ചേഴ്‌സിനു വേണ്ടി ഇന്നിങ്‌സ് തുറന്ന താത്കാലിക നായകന്‍ വിരാട് കോഹ്ലിയും ഫാഫ് ഡുപ്ലീസിസും മികച്ച തുടക്കമാണ് നല്‍കിയത്.

ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 137 നേടി. എന്നാല്‍ മധ്യഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ ഇരുവരും പരാജയപ്പെട്ടതോടെ കൂറ്റന്‍ സ്‌കോര്‍ എന്ന അവരുടെ സ്വപ്‌നം പൊലിഞ്ഞു. കോഹ്ലിയായിരുന്നു ഇക്കാര്യത്തില്‍ ഏറെ പരാജയമായത്.

47 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 59 റണ്‍സാണ് കോഹ്ലിക്ക് നേടാനായത്. 17-ാം ഓവറിന്റെ ആദ്യ പന്തില്‍ കോഹ്ലിയെയും തൊട്ടടുത്ത പന്തില്‍ അപകടകാരിയായ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും പുറത്താക്കിയ ഹര്‍പ്രീത് ബ്രാറാണ് പഞ്ചാബിനായി മത്സരം തിരിച്ചുപിടിച്ചത്.

പിന്നീട് എത്തിയ ദിനേഷ് കാര്‍ത്തിക്(7), മഹിപാല്‍ ലോംറോര്‍ എന്നിവര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ഡുപ്ലീസിസും വീണതോടെ 200-നു മേല്‍ സ്‌കോര്‍ എന്ന ബാംഗ്ലൂര്‍ സ്വപ്‌നം പൊലിഞ്ഞു. 56 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതം 84 റണ്‍സാണ് ഡുപ്ലീസിസ് നേടിയത്. പഞ്ചാബിനു വേണ്ടി ബ്രാറിനു പുറമേ അര്‍ഷ്ദീപ് സിങ്, നഥാന്‍ എല്ലിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

logo
The Fourth
www.thefourthnews.in