ഗില്ലാട്ടത്തില്‍ നടുങ്ങി മുംബൈ; ഗുജറാത്തിന് പടുകൂറ്റന്‍ സ്‌കോര്‍

ഗില്ലാട്ടത്തില്‍ നടുങ്ങി മുംബൈ; ഗുജറാത്തിന് പടുകൂറ്റന്‍ സ്‌കോര്‍

ഗില്ലിന്റെ മികവില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സാണ് ഗുജറാത്ത് അടിച്ചുകൂട്ടിയത്. 60 പന്തുകളില്‍ നിന്ന് 7 ഫോറും 10 സിക്‌സും സഹിതം 129 റണ്‍സ് നേടിയ ഗില്ലായിരുന്നു ഗുജറാത്ത് ഇന്നിങ്‌സിന്റെ നട്ടെല്ല്.

ടൂര്‍ണമെന്റിലുടനീളം കാഴ്ചവച്ച മിന്നും ഫോം ഒരിക്കല്‍ക്കൂടി പുറത്തെടുത്ത യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ മികവില്‍ ഗുജറാത്ത് ടൈറ്റന്‍സിന് കൂറ്റന്‍ സ്‌കോര്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ്‍ 16-ലെ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ഗില്ലിന്റെ സെഞ്ചുറി മികവില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സാണ് ഗുജറാത്ത് അടിച്ചുകൂട്ടിയത്. 60 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും 10 സിക്‌സറുകളും സഹിതം 129 റണ്‍സ് നേടിയ ഗില്ലായിരുന്നു ഗുജറാത്ത് ഇന്നിങ്‌സിന്റെ നട്ടെല്ല്.

നാല് ഇന്നിങ്‌സിനിടെ ഗില്ലിന്റെ മൂന്നാം സെഞ്ചുറിയാണ് ഇന്നു പിറന്നത്. രണ്ടാം വിക്കറ്റില്‍ സായ് സുദര്‍ശനൊപ്പം 138 റണ്‍സാണ് ഗില്‍ കൂട്ടിച്ചേര്‍ത്തത്. 31 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 43 റണ്‍സ് നേടിയ സായ് സുദര്‍ശന്‍ പരുക്കേറ്റ് മടങ്ങുകയായിരുന്നു.

ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 13 പന്തുകളില്‍ നിന്ന് രണ്ടു വീതം സിക്‌സറും ബൗണ്ടറികളും സഹിതം 28 റണ്‍സുമായി നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും അഞ്ചു റണ്‍സുമായി റാഷിദ് ഖാനും പുറത്താകാതെ നിന്നു. 16 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 18 റണ്‍സ് നേടിയ വൃദ്ധിമാന്‍ സാഹയാണ് പുറത്തായ മറ്റൊരു ഗുജറാത്ത് താരം.

മഴയെത്തുടര്‍ന്ന് വൈകി ആരംഭിച്ച മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ ഗുജറാത്തിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം ഗില്ലിന്റെ മികവില്‍ ഗുജറാത്ത് കൂറ്റന്‍ സ്‌കോറിലേക്കു കുതിക്കുകയായിരുന്നു. വ്യക്തിഗത സ്‌കോര്‍ 30-ല്‍ നില്‍ക്കെ ഗില്‍ നല്‍കിയ ക്യാച്ച് ടിം ഡേവിഡ് വിട്ടുകളഞ്ഞതാണ് മുംബൈയ്ക്ക് കനത്ത തിരിച്ചടിയായത്.

ഇന്നു ജയിക്കുന്ന ടീം 28-ന് നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടാന്‍ യോഗ്യത നേടും. അതിനാല്‍ത്തന്നെ ജയം മാത്രം ലക്ഷ്യമിട്ടാണ് ഇരുകൂട്ടരും കളത്തിലിറങ്ങുന്നത്. നിര്‍ണായക മത്സരത്തില്‍ മാറ്റങ്ങളുമായാണ് ഇരുകൂട്ടരും ടീമിനെ അണിനിരത്തിയത്. മുംബൈ നിരയില്‍ എലിമിനേറ്റര്‍ കളിച്ച ടീമില്‍ നിന്ന് സ്പിന്നര്‍ ഹൃഥ്വിക് ഷോകീന്‍ പുറത്തുപോയപ്പോള്‍ കുമാര്‍ കാര്‍ത്തികേയ തിരിച്ചെത്തി.

അതേസമയം ആദ്യ ക്വാളിഫയറില്‍ ചെന്നൈയോടു തോറ്റ ഇലവനില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തിയാണ് ടൈറ്റന്‍സ് ഇറങ്ങുന്നത്. ശ്രീലങ്കന്‍ താരം ദസുന്‍ ഷനകയ്ക്കു പകരം ജോഷ് ലിറ്റിലും യുവര്‍ പേസര്‍ ദര്‍ശന്‍ നല്‍കണ്ഡെയ്ക്കു പകരം ടോപ് ഓര്‍ഡര്‍ ബാറ്റര്‍ സായ് സുദര്‍ശനും ഇടംപിടിച്ചു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in