ഫൈനല്‍ മഴയില്‍ കുതിരുമോ?  അങ്കത്തിനൊരുങ്ങി ഗുജറാത്തും ചെന്നൈയും

ഫൈനല്‍ മഴയില്‍ കുതിരുമോ? അങ്കത്തിനൊരുങ്ങി ഗുജറാത്തും ചെന്നൈയും

അഞ്ചാം കിരീടത്തിനായി ചെന്നൈ സൂപ്പര്‍ കിങ്‌സും തുടര്‍ച്ചയായ രണ്ടാം കിരീടത്തിനായി ഗുജറാത്ത് ടൈറ്റന്‍സും ഫൈനലില്‍ കൊമ്പുകോര്‍ക്കും

ഐപിഎല്‍ 16ാം സീസണ്‍ ഫൈനല്‍ പൂരത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. അഞ്ചാം കിരീടത്തിനായി ചെന്നൈ സൂപ്പര്‍ കിങ്‌സും തുടര്‍ച്ചയായ രണ്ടാം കിരീടത്തിനായി ഗുജറാത്ത് ടൈറ്റന്‍സും ഫൈനലില്‍ കൊമ്പുകോര്‍ക്കും. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മത്സരം. അഹമ്മദാബാദില്‍ മഴഭീഷണിയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

ബാറ്റര്‍മാരുടെ പറുദീസയായ അഹമ്മദാബാദിലെ റണ്ണൊഴുക്ക് മുംബൈയക്കെതിരായ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് കാണിച്ചു തന്നതാണ്. ഇനി അവിടെ ഗുജറാത്തിന്റെ സ്‌കോറിങ്ങിനെ പിടിച്ചുകെട്ടി കിരീടം നേടാന്‍ ചെന്നൈയ്ക്ക് കഴിയുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഒന്നാം ക്വാളിഫയറില്‍ ഗുജറാത്തിനെ തോല്‍പ്പിച്ച് ധോണിപ്പട ആദ്യമേ ഫൈനല്‍ ഉറപ്പിച്ചിരുന്നു. ഐപിഎല്‍ 2023 ല്‍ ചെന്ന മുംബൈ ഫൈനല്‍ പ്രതീക്ഷിച്ചിരുന്ന ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു രണ്ടാം ക്വാളിഫയര്‍. മുംബൈയെ നിലം പരിശാക്കി ഹാര്‍ദ്ദിക് പാണ്ഡ്യയും സംഘവും തുടര്‍ച്ചയായി രണ്ടാം തവണയും ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കുന്ന കാഴ്ചയ്ക്കാണ് അഹമ്മദാബാദ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ഫൈനലിനിറങ്ങുമ്പോള്‍ കഴിഞ്ഞ കളിയിലെ തോല്‍വിക്ക് പകരം വീട്ടുക എന്ന ലക്ഷ്യം കൂടി ഹാര്‍ദ്ദിക്കിനും സംഘത്തിനും ഉണ്ട്

കഴിഞ്ഞ സീസണിന്റെ തുടര്‍ച്ച തന്നെയായിരുന്നു ഗുജറാത്തിന്. ഗില്ലും ബൗളര്‍മാരും ആണ് ഗുജറാത്തിനെ നയിച്ചത്. ഫൈനലിനിറങ്ങുമ്പോള്‍ കഴിഞ്ഞ കളിയിലെ തോല്‍വിക്ക് പകരം വീട്ടുക എന്ന ലക്ഷ്യം കൂടി ഹാര്‍ദ്ദിക്കിനും സംഘത്തിനും ഉണ്ട്. സ്റ്റാര്‍ ബാറ്റര്‍ ശുഭ്മാന്‍ഗില്ലിന്റെ അപാര ഫോമാണ് ഗുജറാത്തിന്റെ കരുത്ത്. മികച്ച റണ്‍നേട്ടത്തിനുള്ള ഓറഞ്ച് ക്യാപ് ഗില്‍ ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. വൃദ്ധിമാന്‍ സാഹ, സായ് സുദര്‍ശന്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ എന്നിവരും ഗുജറാത്തിന്റെ ബാറ്റിങ്ങിന് ആഴം കൂട്ടുന്നു.

മുംബൈയ്‌ക്കെതിരെ 2.2 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ മോഹിത് ശര്‍മ ചെന്നൈയ്‌ക്കെതിരെയും ഗുജറാത്തിന്റെ തുറുപ്പ് ചീട്ടാകും. മുഹമ്മദ് ഷമി, ഹാര്‍ദ്ദിക് പാണ്ഡ്യ, ജോഷ് ലിറ്റില്‍ എന്നിവര്‍ അടങ്ങിയ ബൗളിങ് നിരയും സന്തുലിതമാണ്. റാഷിദ് ഖാന്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങാന്‍ സാധ്യതയുണ്ട്. സ്വന്തം തട്ടകത്തിലാണ് ഫൈനല്‍ പോരാട്ടമെന്നുള്ളതും ഗുജറാത്തിന് അനുകൂലമാണ്.

ചെന്നൈ കൊട്ടക്കലാശത്തിനിറങ്ങുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് മഹേന്ദ്ര സിങ് ധോണിയുടെ ക്യാപ്റ്റന്‍സി മികവിലേക്കാണ്. ധോണിയുടെ 11ാം ഫൈനല്‍ ആണ് ഇത്. ബാറ്റിങ്ങില്‍ ഗുജറാത്തിനോട് ഒപ്പത്തിനൊപ്പമാണ് ചെന്നൈയും. ഗില്ലിനെ ക്രീസില്‍ പിടിച്ച് നില്‍ക്കാന്‍ അനുവദിക്കാതിരിക്കുകയായിരിക്കും ചെന്നൈയുടെ പ്രധാന ലക്ഷ്യം. ഡെവോണ്‍ കോണ്‍വേയും ഋതുരാജ് ഗെയ്ക്വാദും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് ചെന്നൈ ഇന്നിങ്‌സിന് അടിത്തറയൊരുക്കും. വമ്പനടിക്കാരായ അജിങ്ക്യ രഹാനെ, ശിവം ദുബെയും ചെന്നൈയെ മികച്ച സ്‌കോറിലെത്തിക്കാന്‍ സാധ്യതയുണ്ട്.

അമ്പാട്ടി റായിഡു, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ, ധോണി എന്നിവരുടെ പ്രകടനവും ചെന്നൈയ്ക്ക് നിര്‍ണായകമാണ്. ജഡേജ-മഹീഷ് തീക്ഷണ-മൊയീന്‍ അലി സ്പിന്‍ ത്രയം കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ അഹമ്മദാബാദിലെ റണ്ണൊഴുകും പിച്ചിലെ ഗുജറാത്തിന്റെ മേല്‍ക്കോയ്മ അവസാനിപ്പിക്കാം. പേസര്‍ മതീഷ പതിരണ ക്യാപ്റ്റന്‍ ധോണിയുടെ വജ്രായുധമാണ്. വിക്കറ്റുകള്‍ കാര്യമായിവീഴ്ത്തുന്നുണ്ടെങ്കിലും കൂടുതല്‍ റണ്‍ വഴങ്ങുന്നു എന്നത് തുഷാര്‍ ദേശ്പാണ്ഡെയുടെ വലിയ പോരായ്മയാണ്. ആദ്യ ഓവറുകളില്‍ ദീപക് ചപറും അവസാന ഓവറുകളില്‍ പതിരണയയും ഉപയോഗിച്ചാകും ധോണി ഗുജറാത്തിന്റെ സ്‌കോറിങ്ങിന് തടയിടുക.

logo
The Fourth
www.thefourthnews.in