കപ്പില്ലെങ്കിലും പാണ്ഡ്യപ്പടയുടെ തട്ട് താണ് തന്നെ; സീസണില്‍ പണം വാരിക്കൂട്ടി ഗുജറാത്ത് താരങ്ങള്‍

കപ്പില്ലെങ്കിലും പാണ്ഡ്യപ്പടയുടെ തട്ട് താണ് തന്നെ; സീസണില്‍ പണം വാരിക്കൂട്ടി ഗുജറാത്ത് താരങ്ങള്‍

സീസണിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ് ഗുജറാത്തിന്റെ കൂറ്റനടിക്കാരന്‍ ഗില്‍ നേടിയപ്പോള്‍, വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയത് സഹതാരം മുഹമ്മദ് ഷമി

ഐപിഎല്‍ 16-ാം സീസണ്‍ ഫൈനലില്‍ വമ്പന്മാര്‍ തമ്മിലുള്ള പോരാട്ടം പ്രവചനാതീതമായിരുന്നു. ഒരുപോലെ ശക്തരായ രണ്ട് ടീമുകള്‍, അഞ്ചാം കിരീടത്തിനായി ചെന്നൈ സൂപ്പര്‍ കിങ്സും തുടര്‍ച്ചയായ രണ്ടാം കിരീടത്തിനായി ഗുജറാത്ത് ടൈറ്റന്‍സും കളത്തിലിറങ്ങിയപ്പോള്‍ അഹമ്മദാബാദ് മഴയത്തും വിയര്‍ത്തു. മഴയും മൈതാനത്തെ വെള്ളക്കെട്ടും രസം കൊല്ലിയാകുമെന്ന് കരുതിയെങ്കിലും കളിയാവേശത്തില്‍ ആരാധകര്‍ എല്ലാം മറന്നു. അവസാനം ജഡേജയുടെ ബൗണ്ടറിയിലൂടെ കിരീടം മഞ്ഞപ്പടയുടെ കൈകളിലേക്ക് എത്തി. എന്നാല്‍ തോല്‍വിയിലും ഗുജറാത്തിന്റെ തല കുനിക്കേണ്ടി വന്നില്ല. കിരീടം ചെന്നൈ കൊണ്ടുപോയപ്പോഴും സീസണിലെ മറ്റെല്ലാ തലങ്ങളിലും പൂര്‍ണ ആധിപത്യം ഗുജറാത്തിനായിരുന്നു.

2022 സീസണില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ പുതിയൊരു ടീമായി ഗുജറാത്ത് ടൈറ്റന്‍സ് അരങ്ങേറിയപ്പോള്‍ അവര്‍ ഇത്രത്തോളം എതിരാളികള്‍ക്ക് വെല്ലുവിളിയാകുമെന്ന് ആരും പ്രതീക്ഷിച്ച് കാണില്ല. അരങ്ങേറ്റ സീസണില്‍ തന്നെ കപ്പുയര്‍ത്തിയ ഗുജറാത്തിന് ഇത്തവണയും ഫൈനല്‍ റേസില്‍ മുന്‍ തൂക്കമുണ്ടായിരുന്നു. അത്രയും മികച്ച ടീമായിട്ടാണ് ഗുജറാത്ത് ഇത്തവണയും ഇറങ്ങിയത്.

ഐപിഎല്‍ 2023 ല്‍ റണ്ണേഴ്സപ്പായ ഗുജറാത്തിന് 12.5 കോടി രൂപയാണ് സമ്മാനത്തുക. 14 മത്സരങ്ങളില്‍നിന്ന് 10 ജയവുമായി 20 പോയിന്റോടെ ഒന്നാമന്മാരായാണ് അവര്‍ ലീഗ് റൗണ്ട് ഫിനിഷ് ചെയ്തത്. അഹമ്മദാബാദില്‍ ഇന്നലെ ഗുജറാത്ത് ചെന്നൈയ്ക്ക് മുന്നില്‍ വച്ച 214 റണ്‍സാണ് ഐപിഎല്‍ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

ശുഭ്മാൻ ഗില്‍
ശുഭ്മാൻ ഗില്‍

ഗുജറാത്ത് ടൈറ്റന്‍സിന്റെ പോരാട്ടവീര്യം കഴിഞ്ഞ സീസണിന്റെ തുടര്‍ച്ച പോലെ തോന്നിച്ചു. സമഗ്രാധിപത്യമായിരുന്നു തുടക്കം മുതല്‍ ഒടുക്കം വരെ. ഗുജറാത്തിന്റെ സീസണായാണ് ഐപിഎല്‍ 2023 ഉം വിലയിരുത്തപ്പെട്ടത്. മുന്‍ ചാമ്പ്യന്മാര്‍ തന്നെ ഇത്തവണയും കിരീടമുയര്‍ത്തുമെന്ന് ഉറപ്പിച്ചവര്‍ ഏറെയാണ്.

ടൂര്‍ണമെന്റ് അവസാനിക്കുമ്പോള്‍ അവാര്‍ഡുകള്‍ക്കായി ഏറ്റവും കൂടുതല്‍ തവണ മുഴങ്ങിക്കേട്ട പേരുകളും ഗുജറാത്തിന്റെ പോരാളികളുടേത് തന്നെ. സീസണിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ് ഗുജറാത്തിന്റെ കൂറ്റനടിക്കാരന്‍ ശുഭ്മാൻ ഗില്‍ നേടിയപ്പോള്‍, വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയത് സഹതാരം മുഹമ്മദ് ഷമിയാണ്.

ഈ സീസണില്‍ മൂന്ന് സെഞ്ചുറികള്‍ നേടിയ ഏക താരമാണ് ഗില്‍

ഈ സീസണിലുടനീളം ഗില്‍ തന്റെ പീക് ഫോമിലായിരുന്നു. 17 ഇന്നിങ്‌സുകളില്‍നിന്ന് 157.80 സ്‌ട്രൈക്ക് റേറ്റില്‍ 890 റണ്‍സ് നേടിയാണ് ഗില്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. 10 ലക്ഷം രൂപയാണ് ഓറഞ്ച് ക്യാപ് ജേതാവിന് ലഭിക്കുക. ഈ സീസണില്‍ മൂന്ന് സെഞ്ചുറി നേടിയ ഏക താരമാണ് ഗില്‍. ഗുജറാത്തിനെ എതിരിടാന്‍ വരുന്നവര്‍ ആദ്യം ഉന്നം വയ്ക്കുന്നതും പുറത്താക്കാന്‍ പാടുപെടുന്നതും ഗില്ലിനെ തന്നെയാകും. ഫൈനലങ്കത്തില്‍ ചെന്നൈയുടെ ജയം തുടങ്ങിയത് ഗില്‍ പുറത്തായിടത്തു വച്ചാണ്.

20 പന്തില്‍ 39 റണ്‍സുമായി ഫോമില്‍ നില്‍ക്കുമ്പോഴാണ് രവീന്ദ്ര ജഡേജയുടെ പന്തില്‍ ചെന്നൈ ക്യാപ്റ്റന്‍ എംഎസ് ധോണി ഗില്ലിനെ അതിവേഗ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കിയത്. ഒരു നിമിഷം ധോണിക്ക് പിഴച്ചിരുന്നെങ്കില്‍ ഗില്‍ ചെന്നൈയുടെ അന്തകനായേനെ. ടൂര്‍ണമെന്റിലെ മികച്ച താരം, വിലപിടിച്ച താരം (10 ലക്ഷം), ഏറ്റവും കൂടുതല്‍ ഫോര്‍ നേടിയ താരം (10 ലക്ഷം), ഗെയിം ചെയ്ഞ്ചര്‍ (10 ലക്ഷം) തുടങ്ങി ശുഭ്മാന്‍ ഗില്‍ ഈ സീസണിലെ ഏറ്റവും കൂടുതല്‍ പണം വാരിയ താരമായി.

മുഹമ്മദ് ഷമി
മുഹമ്മദ് ഷമി

ഗില്ലിന്റെ കൂടെ ബൗളര്‍മാരും എതിരാളികളെ വിറപ്പിച്ച് നിര്‍ത്തുന്നതില്‍ മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. പര്‍പ്പിള്‍ ക്യാപിനായി ഗുജറാത്തിന്റെ ത്രിമൂര്‍ത്തികള്‍ തമ്മിലായിരുന്നു മത്സരം. 65 ഓവര്‍ എറിഞ്ഞ് പേസര്‍ മുഹമ്മദ് ഷമി 28 വിക്കറ്റ് വീഴ്ത്തി പർപ്പിള്‍ ക്യാപ് നേടി (10 ലക്ഷം രൂപ). 27 വീതം നേടി മോഹിത് ശര്‍മയും റാഷിദ് ഖാനും തൊട്ടുപിന്നാലെ തന്നെയുണ്ടായിരുന്നു.മോഹിത് ശര്‍മയുടെ മുന്നേറ്റം അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു. 44 ഓവറുകളില്‍നിന്നാണ് അദ്ദേഹം 361 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 27 വിക്കറ്റ് നേടിയത്.

സീസണിലെ ഏറ്റവും മികച്ച ക്യാച്ചും ഗുജറാത്തായിരുന്നു കൈപ്പിടിയിലൊതുക്കിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ റാഷിദ് ഖാനായിരുന്നു സീസണിലെ മികച്ച ക്യാച്ചെടുത്ത താരം (10 ലക്ഷം രൂപ).

കപ്പില്ലെങ്കിലും പാണ്ഡ്യപ്പടയുടെ തട്ട് താണ് തന്നെ; സീസണില്‍ പണം വാരിക്കൂട്ടി ഗുജറാത്ത് താരങ്ങള്‍
ഹീറോയായി 'സര്‍ ജഡേജ'; സൂപ്പര്‍ കിങ്‌സിന് അഞ്ചാം ഐപിഎല്‍ കിരീടം

ഫൈനലിലും അവാര്‍ഡുകള്‍ വാരിക്കൂട്ടാന്‍ ഗുജറാത്ത് മറന്നില്ല. ഗില്‍ പുറത്തായെങ്കിലും മിന്നിനിന്ന സായ് സുദര്‍ശന്‍ 47 പന്തില്‍ 96 റണ്‍സ് നേടി ഫൈനലിലെ വിലപിടിപ്പുള്ള താരവും ഗെയിം ചെയ്ഞ്ചറുമായി മാറി. മത്സരത്തിലെ ലോങെസ്റ്റ് സിക്സ് (1 ലക്ഷം രൂപ), സൂപ്പർ ഫോർ (1ലക്ഷം രൂപ) തുടങ്ങിയ അവാർഡുകളും സായ് ആണ് നേടിയത്.

ചുരുങ്ങിയ കാലയലവിനുള്ളിലാണ് പാണ്ഡ്യപ്പട ഐപിഎല്ലിലെ ഏറ്റവും അപകടകാരികളായ ടീമുകളിലൊന്നായി വളര്‍ന്നത്. കിരീടം ചെന്നൈ കൊണ്ടുപോയെങ്കിലും നേട്ടങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ തട്ട് താണ് തന്നെയിരിക്കും. പ്രധാനപ്പെട്ട താരങ്ങളെ നിലനിര്‍ത്താന്‍ ഗുജറാത്തിന് കഴിഞ്ഞാല്‍ അടുത്ത സീസണിലും ഈ മുന്നേറ്റം ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.

logo
The Fourth
www.thefourthnews.in