ഐപിഎല്‍ പ്ലേ ഓഫിന് നാളെ തുടക്കം; ക്വാളിഫയറിൽ ഗുജറാത്ത് ചെന്നൈയെ നേരിടും

ഐപിഎല്‍ പ്ലേ ഓഫിന് നാളെ തുടക്കം; ക്വാളിഫയറിൽ ഗുജറാത്ത് ചെന്നൈയെ നേരിടും

ഗുജറാത്ത് ടൈറ്റൻസിന്റെ വിജയത്തോടെ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീം 14 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി ടേബിൾ ടോപ്പർമാരായി

ഐപിഎല്ലിൽ പ്ലേ ഓഫ് ലൈനപ്പായി. ഇന്നലെ നടന്ന അവസാന ലീഗ് മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് ആർസിബി പരാജയപ്പെട്ടതോടെ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് ബർത്തിൽ നാലാമതായി ഇടം കണ്ടെത്തി. ഐപിഎൽ 2023ലെ ലീ​ഗ് ഘട്ടത്തിന്റെ അവസാന ദിവസം ഏറെ നാടകീയ മുഹൂർത്തങ്ങൾക്കാണ് ബാം​ഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പ്ലേ ഓഫ് സാധ്യത നിലനിർത്താനായി, മുംബൈ ഇന്ത്യൻസിനെയും റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരിനെയും സംബന്ധിച്ച് ഇന്നലെ നടന്ന രണ്ട് മത്സരങ്ങളും ഏറെ നിർണായകമായിരുന്നു.

വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ, മുംബൈ സൺറൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചാണ് ഞായറാഴ്ച കളി ആരംഭിച്ചത്. അപ്പോഴും മുംബൈ അനിശ്ചിതത്വത്തിലായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ബാം​ഗ്ലൂരും ടൈറ്റൻസുമായുളള മത്സരത്തിൽ ബാം​ഗ്ലൂർ പരാജയപ്പെട്ടാൽ മാത്രമേ മുംബൈക്ക് പ്ലേ ഓഫ് ബർത്ത് ഉറപ്പിക്കാൻ കഴിയുമായിരുന്നുളളൂ. ഉച്ചകഴിഞ്ഞുള്ള മത്സരത്തിൽ മുംബൈ ഇന്ത്യൻസ് വിജയിച്ചതോടെ ഫാഫ് ഡു പ്ലെസിസിക്കും കൂട്ടർക്കും നോക്കൗട്ടിലേക്ക് യോഗ്യത നേടുന്നതിന് ഒരു സമ്പൂർണ്ണ ജയം ആവശ്യമായിരുന്നു.

മഴയെത്തുടർന്നു വൈകി ആരംഭിച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ കോഹ്ലിയുടെ ഒറ്റയാൾ പോരാട്ടമികവിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 197 റൺസ് നേടിയത്. എന്നാൽ, കോഹ്ലിയുടെ സെഞ്ചുറിക്കരുത്തിലും ബാം​ഗ്ലൂരിന് ടൈറ്റൻസിനെ കീഴടക്കാൻ കഴിഞ്ഞില്ല. ആതിഥേയരുടെ പ്ലേഓഫിലേക്ക് യോഗ്യത നേടാനുള്ള പ്രതീക്ഷകൾ തകർത്ത് ഗിൽ സീസണിലെ തന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറിക്ക് പിറവി നൽകി.

ഹൃദയഭേദകമായ തോൽവിയോടെ ഈ വർഷത്തെ മത്സരത്തിൽ ആർസിബിയുടെ യാത്ര അവസാനിച്ചു . 52 പന്തുകളിൽ നിന്ന് അഞ്ചു ബൗണ്ടറികളും എട്ടു സിക്‌സറുകളും സഹിതം 104 റൺസ് നേടിയ ​ഗില്ലും 35 പന്തുകളിൽ നിന്ന് ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 53 റൺസ് നേടിയ ശങ്കറുമാണ് ​ഗുജറാത്തിനെ വിജയതീരത്തിലെത്തിച്ചത്. നിലവിലെ ചാമ്പ്യന്മാർ കൂടിയാണ് ഗുജറാത്ത് ടൈറ്റൻസ്.

മുംബൈ വാങ്ക്‌ഡെ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് അടിച്ചെടുത്തത്. മായങ്ക് അഗർവാളിന്റെയും വിവ്രാന്ത് ശർമ്മയുടെയും മികച്ച ബാറ്റിംഗിലാണ് സൺറൈസേഴ്‌സ് മികച്ച സ്കോറിലെത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ രണ്ടോവർ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. തകർപ്പൻ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഓൾറൗണ്ടർ കാമറൂൺ ഗ്രീനിന്റെയും അർധസെഞ്ചുറിയുമായി മുന്നിൽ നിന്നു നയിച്ച നായകൻ രോഹിത് ശർമയുടെയും മിന്നുന്ന ബാറ്റിങ്ങാണ് മുംബൈയ്ക്കു കരുത്തായത്. ജയത്തോടെ 14 കളികളിൽ നിന്ന് 16 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയർന്ന മുംബൈ പ്ലേ ഓഫ് സാധ്യത നിലനിർത്തി.

​ഗുജറാത്ത് ടൈറ്റൻസിന്റെ വിജയത്തോടെ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീം 14 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി ടേബിൾ ടോപ്പർമാരായി ലീഗ് ഘട്ടം അവസാനിപ്പിച്ചു. തൊട്ടുപിന്നിൽ, സിഎസ്‌കെ 17 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. മൂന്നാമതുളള ലക്നൗ സൂപ്പർ ജെയിന്റ്സിനും 17 പോയിന്റാണ്. പട്ടികയിൽ നാലാമത് ഇടം പിടിച്ച മുംബൈ ഇന്ത്യൻസിന് 16 പോയിന്റാണ്. പോയിന്റ് പട്ടികയിൽ അഞ്ചാമതുളളത് സഞ്ചു സാംസന്റെ രാജസ്ഥാൻ റോയൽസാണ്. 14 പോയിന്റുമായാണ് ടീം അഞ്ചാമതെത്തിയത്. അതേസമയം ഇന്നലത്തെ പരാജയത്തോടെ ആർസിബി 14 പോയിന്റുമായി ആറാം സ്ഥാനത്തായി. 12 പോയിന്റുമായി കൊൽക്കത്ത നൈറ്റ് റെയ്ഡേഴ്സും 12 പോയിന്റുമായി പഞ്ചാബ് കിംഗ്‌സും 10 പോയിന്റുമായി ഡൽഹി ക്യാപിറ്റൽസും 8 പോയിന്റുമായി ഡൽഹി ക്യാപിറ്റൽസുമാണ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുളളത്.

ഐപിഎൽ 2023ലെ പ്ലേഓഫ് ഷെഡ്യൂൾ

  • ക്വാളിഫയർ 1: ഗുജറാത്ത് ടൈറ്റൻസ് vs ചെന്നൈ സൂപ്പർ കിംഗ്സ് - മെയ് 23, ചൊവ്വാഴ്ച - 7:30 PM, എംഎ ചിദംബരം സ്റ്റേഡിയം, ചെന്നൈ

  • എലിമിനേറ്റർ: ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് vs മുംബൈ ഇന്ത്യൻസ് - മെയ് 24, ബുധൻ - 7:30 PM, എംഎ ചിദംബരം സ്റ്റേഡിയം, ചെന്നൈ

  • ക്വാളിഫയർ 2: ക്വാളിഫയർ 1-ൽ തോറ്റവർ vs എലിമിനേറ്റർ വിജയി - മെയ് 26, വെള്ളി - 7:30 PM, നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്

  • ഫൈനൽ: ക്വാളിഫയർ 1 വിജയി vs ക്വാളിഫയർ 2 വിജയി - മെയ് 28, ഞായർ - 7:30 PM, നരേന്ദ്രമോദി സ്റ്റേഡിയം, അഹമ്മദാബാദ്

logo
The Fourth
www.thefourthnews.in