ഹേസല്‍വുഡിന് ഐ.പി.എല്‍. ആദ്യ മത്സരങ്ങള്‍ നഷ്ടമാകും

ഹേസല്‍വുഡിന് ഐ.പി.എല്‍. ആദ്യ മത്സരങ്ങള്‍ നഷ്ടമാകും

ഐ.പി.എല്‍. നാളെ ആരംഭിക്കാനിരിക്കെ ഹേസല്‍വുഡിന് ഇന്ത്യയിലേക്ക് തിരിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ പേസറായ ജോഷ് ഹേസല്‍വുഡിന് ആദ്യ മത്സരങ്ങള്‍ നഷ്ടമാകും. ഉപ്പൂറ്റിക്കേറ്റ പരുക്കിനെത്തുടര്‍ന്ന് വിശ്രമത്തിലുളള താരം പരുക്കില്‍ നിന്നു മുക്തനാകാന്‍ കൂടുതല്‍ സമയമെടുക്കുമെന്നതിനാലാണ് ആദ്യ ഘട്ടത്തില്‍ പുറത്തിരിക്കേണ്ടി വരിക.

പരുക്കിനെത്തുടര്‍ന്ന് താരത്തിന് ഇന്ത്യക്കെതിരായ ഓസ്‌ട്രേലിയയുടെ ടെസ്റ്റ് പരമ്പര നഷ്ടമായിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ താരം ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഐ.പി.എല്‍. നാളെ ആരംഭിക്കാനിരിക്കെ ഹേസല്‍വുഡിന് ഇന്ത്യയിലേക്ക് തിരിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല.

മെഡിക്കല്‍ സംഘത്തിന്റെ ക്ലിയറന്‍സ് ലഭിക്കാത്തതാണ് അനുമതി നല്‍കാതിരിക്കാന്‍ കാരണം. താരത്തിന്റെ പരുക്ക് വേഗം സുഖം പ്രാപിക്കുന്നുണ്ടെന്നും രണ്ടാഴ്ച കൂടി വിശ്രമം വേണമെന്നുമാണ് ഡോക്ടര്‍മാരുടെ സംഘം ക്രിക്കറ്റ് ഓസ്‌ട്രേലിയയെ അറിയിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ രണ്ടാഴ്ചയ്ക്കു ശേഷം ആര്‍.സി.ബിക്കൊപ്പം ചേരാനാകും ക്രിക്കറ്റ് ഓസ്‌ട്രേലിയ താരത്തിന് അനുമതി നല്‍കുക. അങ്ങനെ വന്നാല്‍ ആര്‍.സി.ബിയുടെ ആദ്യ നാല് റൗണ്ട് മത്സരങ്ങള്‍ ഹേസല്‍വുഡിന് നഷ്ടമാകും.

ഇക്കഴിഞ്ഞ താരലേലത്തില്‍ 7.75 കോടി രൂപയ്ക്കാണ് ആര്‍.സി.ബി. താരത്തെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലും ആര്‍.സി.ബിയുടെ താരമായ ഹേസല്‍വുഡല്‍ 12 മത്സരങ്ങ ളില്‍ നിന്ന് 20 വിക്കറ്റുകളുമായി ടീമിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായിരുന്നു.

logo
The Fourth
www.thefourthnews.in