പഞ്ചാബിനെതിരേ ജയം; സഞ്ജുവിനും രാജസ്ഥാനും ഇനി പ്രാര്‍ഥനകളുടെ ദിനങ്ങള്‍

പഞ്ചാബിനെതിരേ ജയം; സഞ്ജുവിനും രാജസ്ഥാനും ഇനി പ്രാര്‍ഥനകളുടെ ദിനങ്ങള്‍

ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സുമാണ് പ്ലേ ഓഫിനായി മത്സരിക്കുന്ന മറ്റു രണ്ടു ടീമുകള്‍. ഇരുകൂട്ടര്‍ക്കും 14 പോയിന്റാണുള്ളത്. ഇവര്‍ അവസാന മത്സരം തോറ്റാല്‍ രാജസ്ഥാന് പ്രതീക്ഷയ്ക്കു വകയുണ്ട്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരം ജയിച്ചു പ്രതീക്ഷ നിലനിര്‍ത്തി രാജസ്ഥാന്‍. ഇന്നു നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ നാലു വിക്കറ്റിനു തോല്‍പിച്ച അവര്‍ 14 പോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് എത്തി. ലീഗ് റൗണ്ടിലെ എല്ലാ മത്സരങ്ങളും പൂര്‍ത്തിയാക്കിയ അവര്‍ക്ക് ഇനി പ്ലേ ഓഫ് കാണണമെങ്കില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലര്‍, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ വന്‍ തോല്‍വികള്‍ നേരിടണം.

ഇന്ന് ധരംശാലയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ രണ്ടു പന്ത് ബാക്കിനില്‍ക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ ദേവ്ദത്ത് പടിക്കല്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവരും മികച്ച ബാറ്റിങ് കാഴ്ചവച്ച ഷിംറോണ്‍ ഹെറ്റ്മയറുമാണ് അവരുടെ വിജയശില്‍പികള്‍.

പടിക്കല്‍ 30 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 51 റണ്‍സ് നേടി ടോപ് സ്‌കോററായപ്പോള്‍ 36 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളോടെ 50 റണ്‍സായിരുന്നു ജയ്‌സ്വാളിന്റെ സംഭാവന. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് 28 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 46 റണ്‍സ് നേടിയ ഹെറ്റ്മയറാണ് തകര്‍ച്ചയില്‍ നിന്നു കരകയറ്റി അവരെ ജയത്തിലേക്ക് നയിച്ചത്.

ജോസ് ബട്‌ലര്‍(0), നായകന്‍ സഞ്ജു സാംസണ്‍(2) എന്നിവര്‍ നിരാശപ്പെടുത്തി. പഞ്ചാബിനു വേണ്ടി കാഗിസോ റബാഡ രണ്ടും സാം കറന്‍, അര്‍ഷ്ദീപ് സിങ്, നഥാന്‍ എല്ലിസ്, രാഹുല്‍ ചഹാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ജയിച്ചെങ്കിലും പ്ലേ ഓഫ് കാണാന്‍ രാജസ്ഥാന്‍ ഇനിയും കാത്തിരിക്കണം. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സ്(18), ചെന്നൈ സൂപ്പര്‍ കിങ്‌സ്(15), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്(15), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(14) എന്നിവരാണ് ആദ്യ നാലു സ്ഥാനങ്ങളില്‍. രാജസ്ഥാനും 14 പോയിന്റുണ്ടെങ്കിലും മോശം റണ്‍റേറ്റ് തിരിച്ചടിയായി.

ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സുമാണ് പ്ലേ ഓഫിനായി മത്സരിക്കുന്ന മറ്റു രണ്ടു ടീമുകള്‍. ഇരുകൂട്ടര്‍ക്കും 14 പോയിന്റാണുള്ളത്. ഇവര്‍ അവസാന മത്സരം തോറ്റാല്‍ രാജസ്ഥാന് പ്രതീക്ഷയ്ക്കു വകയുണ്ട്. അതില്‍ ബാംഗ്ലൂര്‍ കുറഞ്ഞത് 20 റണ്‍സിനെങ്കിലും തോറ്റാല്‍ മാത്രമേ രാജസ്ഥാന് പ്രതീക്ഷയ്ക്കു വകയുള്ളൂ.

നേരത്തെ തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം മധ്യനിരയുടെ കരുത്തിലാണ് പഞ്ചാബ് മാന്യമായ സ്‌കോറിലെത്തിയത്. 31 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 49 റണ്‍സുമായി പുറത്താകാതെ നിന്ന ഓള്‍റൗണ്ടര്‍ സാം കറനാണ് അവരുടെ ടോപ് സ്‌കോറര്‍. എന്നാല്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് 23 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 41 റണ്‍സ് നേടി പുറത്താകാതെ നിന്ന ഷാരൂഖ് ഖാന്റെ ഇന്നിങ്‌സാണ് അവരെ 180 കടത്തിയത്.

ഇരുവര്‍ക്കും പുറമേ 28 പന്തുകളില്‍ നിന്ന് മൂന്നു വീതം സിക്‌സറും ഫോറും പായിച്ച് 44 റണ്‍സ് നേടിയ ജിതേഷ് ശര്‍മയും മികച്ച സംഭാവന നല്‍കി. പഞ്ചാബ് നിരയില്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല. ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്(2), നായകന്‍ ശിഖര്‍ ധവാന്‍(17), മധ്യനിര താരങ്ങളായ അതര്‍ഥ തായ്‌ഡെ(19), ലിയാം ലിവിങ്‌സ്റ്റണ്‍(9) എന്നിവര്‍ നിരാശപ്പെടുത്തി. രാജസ്ഥാനു വേണ്ടി മൂന്നു വിക്കറ്റ് വീഴ്ത്തിയ പേസര്‍ നവ്ദീപ് സൈനിയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ട്രെന്റ് ബോള്‍ട്ട്, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

logo
The Fourth
www.thefourthnews.in