ഐപിഎല്‍ 2023: ഇന്നും മഴ പെയ്താല്‍ എന്ത് സംഭവിക്കും?

ഐപിഎല്‍ 2023: ഇന്നും മഴ പെയ്താല്‍ എന്ത് സംഭവിക്കും?

ട്രോഫി പങ്കിടുകയോ നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കുകയോ ചെയ്യുന്ന സാഹചര്യം ഐപിഎൽ ചരിത്രത്തിലെ 15 സീസണുകളിലുണ്ടായിട്ടില്ല

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം മഴയെ തുടർന്ന് റിസർവ് ദിനമായ ഇന്നത്തേയ്ക്ക് മാറ്റി. എന്നാൽ, ഇന്നും മഴ കളിച്ചാൽ ആർക്കായിരിക്കും നേട്ടമെന്നാണ് ഇരു ടീമുകളുടെയും ആരാധകർ ചിന്തിക്കുന്നത്. ട്രോഫി പങ്കിടുകയോ നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കുകയോ ചെയ്യുന്ന പതിവാണ് മറ്റ് ടൂർണമെന്റുകളിൽ ക്രിക്കറ്റ് ആരാധകർ കണ്ട് ശീലിച്ചത്. എന്നാൽ ഐപിഎൽ ചരിത്രത്തിലെ കഴിഞ്ഞ 15 സീസണുകൾ ഇത്തരമൊരു സാഹചര്യം നേരിട്ടിട്ടില്ല.

അതുകൊണ്ട് തന്നെ ഇവിടെ ഏത് നിയമമാണ് ഐപിഎൽ അധികൃതർ പ്രയോഗിക്കുന്നതെന്ന അങ്കലാപ്പിലാണ് ആരാധകർ. ഇന്നലെ രാത്രിയോടെ അതിന് വ്യക്തമായ ഒരു ചിത്രം നൽകിയാണ് മത്സരം മാറ്റിയത്. ഇന്നലത്തേതിന് സമാനമായി ഇന്നും വിജയികളെ കണ്ടെത്താൻ ഒരു ടി 20 മത്സരത്തിന്റെ നിശ്ചിത സമയമായി നാലര മണിക്കൂറും അധികമായി മൂന്ന് മണിക്കൂറും അനുവദിച്ചിട്ടുണ്ട്.

ഇന്നും മത്സരം മഴമൂലം വൈകിയാൽ പരമാവധി കാത്തിരുന്ന് ഒരു സൂപ്പർ ഓവർ എങ്കിലും നടത്താൻ ശ്രമിക്കും. അതിനും കഴിഞ്ഞില്ലെങ്കിൽ മാത്രമേ മറ്റ് രീതിയിൽ ചാമ്പ്യന്മാരെ കണ്ടെത്താൻ ശ്രമിക്കൂ. ഓവർ നഷ്ടമാകാതെ മത്സരം നടത്താൻ രാത്രി 9:40 വരെ സമയം അനുവദിച്ചിട്ടുണ്ട്. അതിനുള്ളിൽ മഴ ശമിച്ചില്ലെങ്കിൽ പിന്നീട് അഞ്ച് ഓവർ മത്സരമെങ്കിലും നടത്താനാകും ശ്രമിക്കുന്നത്. രാത്രി 11:56 വരെയാണ് ഇതിനുള്ള കട്ട് ഓഫ് ടൈം. ഇതിനുള്ളിലും മഴ ശമിച്ചില്ലെങ്കിൽ പിന്നീട് സൂപ്പർ ഓവറിൽ വിജയികളെ നിശ്ചയിക്കാനാകും ശ്രമിക്കുക.

12 മുതൽ 2 മണി വരെയാണ് ഇതിനായി കാത്തിരിക്കുക. നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ സീവേജ് സംവിധാനത്തിന്റെ മികവ് വച്ച് മഴ മാറി ഒരു മണിക്കൂർ സമയം വേണം ഗ്രൗണ്ട് മത്സരത്തിനായി ഒരുക്കിയെടുക്കാൻ. മത്സരം സൂപ്പർ ഓവറിൽ തീർക്കാൻ ആണെങ്കിൽ പോലും ഇത് കാരണം രാത്രി ഒരു മണിയോട് കൂടിയെങ്കിലും മഴ മാറി നിൽക്കണം. എന്നാൽ മാത്രമേ രണ്ടു മണിക്ക് മുൻപ് സൂപ്പർ ഓവർ ആരംഭിക്കാനാകു.

ഈ സമയത്തിനുള്ളിൽ മഴ മാറിയില്ലെങ്കിൽ അത് ഗുണം ചെയ്യുക നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെ ആകും. മത്സരം സൂപ്പർ ഓവറായി പോലും നടത്താൻ കഴിയാത്ത പക്ഷം ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച ടീമിന് കിരീടം സമ്മാനിക്കാനാണ് ബിസിസിഐ തീരുമാനം. സീസണിൽ 14 മത്സരങ്ങളിൽ നിന്ന് പത്ത് ജയത്തോടെ 20 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത് ഗുജറാത്താണ്. ഇത് അവർക്ക് ഗുണം ചെയ്യും.

കരീബിയൻ പ്രീമിയർ ലീഗ് ഓസ്‌ട്രേലിയൻ ബിഗ്ബാഷ് എന്നിവയിൽ ഇതിനു മുൻപ് ഇത്തരം സാഹചര്യങ്ങൾ ഉണ്ടായപ്പോൾ ടോസിട്ടാണ് വിജയികളെ നിശ്ചയിച്ചത്. ചാമ്പ്യൻസ് ട്രോഫി ഉൾപ്പെടെയുള്ള ഐസിസി ടൂർണമെന്റുകളിൽ ഇതേ സാഹചര്യത്തിൽ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയും ശ്രീലങ്കയും ഇതേ പോലെ കിരീടം പങ്കു വയ്ക്കുകയും ചെയ്തിട്ടുള്ളതാണ്.

എന്നാൽ, ഐപിഎൽ പോലെ ഇത്ര ജനപ്രീതിയുള്ള ഒരു ലീഗിന് സംയുക്ത ജേതാക്കൾ വരുന്നത് ആരാധകരുടെ ആവേശം കുറയ്ക്കുമെന്ന നിഗമനത്തിലാണ് ബിസിസിഐ മികച്ച ടീമിന് കിരീടം നൽകാൻ തീരുമാനമെടുത്തത്. ഇങ്ങനെ സംഭവിച്ചാൽ കിരീടം നേടി ഐപിഎല്ലിൽ നിന്നും വിരമിക്കാമെന്ന ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ മോഹം പൊലിയും.

logo
The Fourth
www.thefourthnews.in