പ്ലേ ഓഫിന് മുമ്പേ പാളയത്തില്‍ പട? ധോണിയും ജഡേജയും ഉടക്കിലെന്ന് റിപ്പോര്‍ട്ട്

പ്ലേ ഓഫിന് മുമ്പേ പാളയത്തില്‍ പട? ധോണിയും ജഡേജയും ഉടക്കിലെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസം ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരശേഷം ഇരുവരും ഗ്രൗണ്ടില്‍ വച്ചു കയര്‍ത്തത് വാര്‍ത്തയായിരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ന്റെ പ്ലേ ഓഫ് റൗണ്ടിന് നാളെ തുടക്കമാകുകയാണ്. ആദ്യ ക്വാളിഫയറില്‍ പോയിന്റ് പട്ടികയിലെ ഒന്നാമന്മാരായ ഗുജറാത്ത് ടൈറ്റന്‍സും രണ്ടാമന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് ഏറ്റുമുട്ടത്. എന്നാല്‍ ക്വാളിഫയര്‍ പോരാട്ടത്തിനു മുമ്പേ ചെന്നൈ ക്യാമ്പില്‍ പാളയത്തില്‍ പടയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോണിയും ഉപനായകന്‍ രവീന്ദ്ര ജഡേജയും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരശേഷം ഇരുവരും ഗ്രൗണ്ടില്‍ വച്ചു കയര്‍ത്തത് വാര്‍ത്തയായിരുന്നു.

മത്സരം ശേഷം താരങ്ങള്‍ ഡഗ്ഗൗട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ജഡേജയോടു ധോണി രോഷത്തോടെ സംസാരിക്കുന്നതും ജഡേജ അതിനു മറുപടി നല്‍കുന്നതും വീഡിയോയില്‍ കാണാമായിരുന്നു.

മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു ജഡേജ കാഴ്ചവച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്കു വേണ്ടി അവസാന ഓവറുകളില്‍ ബാറ്റിങ്ങിനിറങ്ങിയ ജഡേജ ഏഴു പന്തുകളില്‍ 20 റണ്‍സ് നേടി. പിന്നീട് മികച്ച ഫീല്‍ഡിങ്ങും കാഴ്ചവച്ച താരത്തിനു പക്ഷേ ബൗളിങ്ങില്‍ തിളങ്ങാനായില്ല. ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും നാലോവറില്‍ 50 റണ്‍സ് വഴങ്ങിയിരുന്നു.

ഇതിന്റെ പേരിലാണ് ജഡേജയും ധോണിയും തമ്മില്‍ കയര്‍ത്തതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനു പിന്നാലെ ഇപ്പോള്‍ ജഡേജ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രവും ഇരുവരും തമ്മിലുള്ള അസ്വാരസ്യം വ്യക്തമാക്കുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

''കര്‍മ്മ ഫലം നിങ്ങള്‍ക്ക് ഉറപ്പായും ലഭിക്കും, ഉടനെ അല്ലെങ്കില്‍ വൈകിയായാലും തീര്‍ച്ചയായും ലഭിക്കും'' എന്ന പിക്ചര്‍ മെസേജാണ് ജഡേജ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തത്. 'തീര്‍ച്ചയായും' എന്ന അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്. ഇത് ധോണിയെ ഉദ്ദേശിച്ചുള്ള ട്വീറ്റ് ആണെന്നാണ് ഇപ്പോള്‍ ജഡേജയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജഡേജയുടെ ഭാര്യയും ഗുജറാത്ത് എം.എല്‍.എയുമായ റിവാബയും ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.

ധോണിയും ജഡേജയും തമ്മില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയത് കഴിഞ്ഞ സീസണിലാണ്. ജഡേജയെയായിരുന്നു കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ ചെന്നൈയുടെ ക്യാപ്റ്റനാക്കിയത്. എന്നാല്‍ ടീം തുടര്‍തോല്‍വികള്‍ നേരിട്ടതോടെ ജഡേജയില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം മാറ്റി ധോണിലെ തിരിച്ചേല്‍പ്പിച്ചിരുന്നു. ഇത് തന്നെ അപമാനിച്ചതിനു തുല്യമായാണ് ജഡേജ കണക്കിലെടുത്തതെന്നു അടുത്ത വൃത്തങ്ങള്‍ അന്നു പറഞ്ഞിരുന്നു.

ജഡേജ നയിച്ച മത്സരങ്ങളില്‍ പലതിലും നായകന്റെ തീരുമാനത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ ധോണി ഇടപെടലുകള്‍ നടത്തിയതും അന്ന് ഏറെ വിവാദമായിരുന്നു. മത്സരത്തിനിടെ പലകുറി ജഡേജയുടെ ഫീല്‍ഡ് വിന്യാസം നായകനോടു ചോദിക്കാതെ ധോണി മാറ്റിയത് കമന്റേറ്റര്‍മാരുടെയും മുന്‍ താരങ്ങളുടെയും വിമര്‍ശനങ്ങള്‍ക്കു കാരണമായി.

നായകസ്ഥാനം തിരിച്ചെടുത്തതിനു ശേഷം പലപ്പോഴും ടീം യോഗങ്ങളിലും മറ്റു പരിപാടികളിലും ജഡേജയുടെ അസാന്നിദ്ധ്യം ശ്രദ്ധനേടിയിരുന്നു. ഇതേത്തുടര്‍ന്ന് ചെന്നൈ വിടാനും താരം തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ചില ഇടപെടലുകളിലൂടെ അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു.

logo
The Fourth
www.thefourthnews.in