ക്ലാസിക് ക്ലാസന്‍; റോയല്‍ ചലഞ്ചേഴ്‌സിന് ലക്ഷ്യം 187

ക്ലാസിക് ക്ലാസന്‍; റോയല്‍ ചലഞ്ചേഴ്‌സിന് ലക്ഷ്യം 187

സെഞ്ചുറി നേടിയ മധ്യനിര താരം ഹെന്റ്‌റിച്ച് ക്ലാസന്റെ ഒറ്റയാള്‍ മികവാണ് സണ്‍റൈസേഴ്‌സിനെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ പ്ലേ ഓഫ് ലക്ഷ്യമിട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നിര്‍ണായക മത്സരത്തിനിറങ്ങിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനു 187 റണ്‍സ് വിജയലക്ഷ്യം. ഇന്നു ഹൈദരാബാദിലെ ഉപ്പാല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് നേടിയത്.

സെഞ്ചുറി നേടിയ മധ്യനിര താരം ഹെന്റ്‌റിച്ച് ക്ലാസന്റെ ഒറ്റയാള്‍ മികവാണ് സണ്‍റൈസേഴ്‌സിനെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്. 51 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും ആറു സിക്‌സറുകളും സഹിതം 104 റണ്‍സാണ് ക്ലാസന്‍ അടിച്ചുകൂട്ടിയത്. 19 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 27 റണ്‍സ് നേടിയ ഹാരി ബ്രൂക്കാണ് മറ്റൊരു പ്രമുഖ സ്‌കോറര്‍.

ഹൈദരാബാദ് നിരയില്‍ മറ്റാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ(11), രാഹുല്‍ ത്രിപാഠി(15), നായകന്‍ എയ്ഡന്‍ മര്‍ക്രം(18), മധ്യനിര താരം ഗ്ലെന്‍ ഫിലിപ്‌സ്(5) എന്നിവര്‍ നിരാശപ്പെടുത്തി. ബാംഗ്ലൂരിനു വേണ്ടി മൈക്കല്‍ ബ്രേസ്‌വെല്‍ രണ്ടും മുഹമ്മദ് സിറാജ്, ഷഹബാസ് അഹമ്മദ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

logo
The Fourth
www.thefourthnews.in