മുംബൈയോ ലഖ്‌നൗവോ? എലിമിനേറ്റര്‍ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം

മുംബൈയോ ലഖ്‌നൗവോ? എലിമിനേറ്റര്‍ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം

സ്പിന്നര്‍മാരെ തുണയ്ക്കുന്ന ചെന്നൈയിലെ പിച്ചില്‍ സാഹചര്യം നന്നായി മനസിലാക്കുന്ന ടീമിന് മേല്‍കൈ ലഭിക്കുമെന്നാണ് മുന്‍ മത്സരങ്ങള്‍ തെളിയിക്കുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ലെ ഏഴ് ആഴ്ചകള്‍ക്കു ശേഷം ജീവന്മരണ പോരാട്ടത്തിന് ഇന്ന് മുംബൈ ഇന്ത്യന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഇറങ്ങുന്നു. എലിമിനേറ്റര്‍ പോരാട്ടത്തിന് ഇന്ന് ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയം വേദിയാകുമ്പോള്‍ ഒരു ചെറിയ പിഴവു പോലും പുറത്തേക്കുള്ള വാതില്‍ തുറക്കുമെന്ന നിലയിലാണ് ഇരുകൂട്ടരും കൊമ്പുകോര്‍ക്കുന്നത്.

പ്രതിസന്ധികളില്‍ നിന്നു കരകയറിയാണ് ഇരുകൂട്ടരുടെയും വരവ്. തങ്ങളുടെ അവസാന ലീഗ് മത്സരം വരെ പ്ലേ ഓഫ് ഉറപ്പില്ലാതിരുന്ന ഇരുവരും അവസാന മത്സരത്തില്‍ മിന്നും ജയം നേടിയാണ് അവസാന നാലില്‍ ഇടംപിടിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഒരു റണ്ണിനു തോല്‍പിച്ച് ലഖ്‌നൗ മൂന്നാം സ്ഥാനം നേടിയപ്പോള്‍ സണ്‍റൈസേഴ്‌സിനെ തോല്‍പിച്ച മുംബൈയ്ക്ക് നാലാം സ്ഥാനം ഉറപ്പിക്കാന്‍ ടൈറ്റന്‍സ്-ബാംഗ്ലൂര്‍ മത്സരം വരെ കാത്തിരിക്കേണ്ടി വന്നു.

ഇന്നു പക്ഷേ അതെല്ലാം മറന്ന് പുതിയ തന്ത്രങ്ങളുമായാകും ഇരുകൂട്ടരും ഇറങ്ങുക. സ്പിന്നര്‍മാരെ തുണയ്ക്കുന്ന ചെന്നൈയിലെ പിച്ചില്‍ സാഹചര്യം നന്നായി മനസിലാക്കുന്ന ടീമിന് മേല്‍കൈ ലഭിക്കുമെന്നാണ് മുന്‍ മത്സരങ്ങള്‍ തെളിയിക്കുന്നത്.

2013 മുതല്‍ കളിച്ച 13 പ്ലേ ഓഫ് മത്സരങ്ങളില്‍ പത്തിലും ജയം നേടിയ റെക്കോഡുമായാണ് മുംബൈ ഇറങ്ങുന്നത്. എന്നാല്‍ നേര്‍ക്കുനേര്‍ കളിച്ച മൂന്നു മത്സരങ്ങളിലും മുംബൈ തോല്‍പിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ലഖ്‌നൗ.

നായകന്‍ രോഹിത് ശര്‍മയുടെ മോശം ഫോമായിരുന്നു മുംബൈയുടെ തലവേദന. എന്നാല്‍ അവസാന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച രോഹിത് ഫോമിലേക്ക് ഉയര്‍ന്നത് അവര്‍ക്ക് കരുത്ത് പകരുന്നു. ബാറ്റിങ് നിരയില്‍ വെടിക്കെട്ട് താരങ്ങളായ കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ് എന്നിവരും മികച്ച ഫോമിലാണ്.

മറുവശത്ത് ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക്, ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിക്കോളാസ് പൂരന്‍ എന്നിവരുടെ ബാറ്റിലാണ് ലഖ്‌നൗവിന്റെ പ്രതീക്ഷകള്‍. നായകന്‍ ക്രുണാല്‍ പാണ്ഡ്യയും നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ കെല്‍പുള്ള താരമാണ്.

ബൗളിങ്ങാണ് ഇരുടീമുകളുടെയും തലവേദന. മുംബൈ നിരയില്‍ സ്പിന്നര്‍ പീയുഷ് ചൗളയും യുവ താരം ആകാശ് മദ്‌വാളും മാത്രമാണ് സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്നത്. ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫ്, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ റണ്‍സ് വഴങ്ങുന്നത് പല മത്സരങ്ങളിലും അവര്‍ക്ക് തിരിച്ചടിയായിരുന്നു.

മറുവശത്ത് സ്പിന്നര്‍മാരായ രവി ബിഷ്‌ണോയ് ക്രുണാല്‍ പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം എന്നിവര്‍ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുക്കുന്നത. സ്‌റ്റോയ്‌നിസ് മൊഹ്‌സിന്‍ ഖാന്‍, യാഷ് താക്കൂര്‍, നവീന്‍ ഉള്‍ ഹഖ് എന്നിവര്‍ക്ക് സ്ഥിരത പാലിക്കാന്‍ കഴിയാത്തത് ലഖ്‌നൗവിനെ വിഷമിപ്പിക്കുന്നു.

logo
The Fourth
www.thefourthnews.in