ഇനിയും 8-9 മാസങ്ങളില്ലേ? വിരമിക്കല്‍ ചോദ്യത്തിന് 'തല'യുടെ മറുപടി

ഇനിയും 8-9 മാസങ്ങളില്ലേ? വിരമിക്കല്‍ ചോദ്യത്തിന് 'തല'യുടെ മറുപടി

അടുത്ത ഐ പി എല്‍ ലേലം ഡിസംബറില്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം സംസാരിച്ചത്

ഐപിഎല്ലില്‍ നിന്നു വിരമിക്കുന്നത് തീരുമാനിക്കാന്‍ ഇനിയും മാസങ്ങളുണ്ടെന്ന് മഹേന്ദ്ര സിങ് ധോണി. ഐപിഎല്‍ ലേലം നടക്കുന്ന സാഹചര്യത്തില്‍ വിരമിക്കുന്ന തീരുമാനത്തെ കുറിച്ചൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലില്‍ കടന്നതിനു പിന്നാലെയാണ് ധോണി മനസു തുറന്നത്. ''എട്ട് -ഒന്‍പത് മാസങ്ങള്‍ ഇനിയുമുണ്ട് തീരുമാനമെടുക്കാന്‍. എന്തിനാണ് ആ തലവേദന ഇപ്പോഴേ ചുമക്കുന്നത്'' -ധോണി പറഞ്ഞു.

ഇന്നലെ ടൈറ്റന്‍സിനെ15 റണ്‍സിന് തോല്‍പ്പിച്ചായിരുന്നു സൂപ്പര്‍ കിങ്‌സ് ഫൈനലിലെത്തിയത്. ഈ ഐപിഎല്‍ സീസണ്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ ഇത്‌ ധോണിയുടെ കരിയറിലെ അവസാന ഐപിഎല്‍ ആയിരിക്കുമെന്ന ചര്‍ച്ച ഉയര്‍ന്നിരുന്നു.

10ം തവണയാണ് ചെന്നൈ സൂപ്പര്‍ കിംങ്‌സ് ഐ പി എല്‍ ഫൈനലിലെത്തുന്നത്. അത് കഠിനമായ ഒരു യാത്രയായിരുന്നു ഇതെന്നും രണ്ട് മാസത്തെ അധ്വാനം ഇതിനു പിന്നിലുണ്ടെന്നും ആ യാത്രയില്‍ പലരും സംഭാവന ചെയ്തിട്ടുണ്ടെന്നും ധോണി പറഞ്ഞു. രവീന്ദ്ര ജഡേജയുടെ പ്രകടനമാണ് ടീമിനെ പിടിച്ചു നിര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ഗുജറാത്ത് ടൈറ്റന്‍സിന്റെ പരാജയത്തിനു കാരണം ഹര്‍ദിക്കിന്റേയും ആശിഷ് നെഹ്‌റയുടേയും ചില തീരുമാനങ്ങളാണെന്ന വിമര്‍ശനങ്ങളും വരുന്നുണ്ട്. ഹര്‍ദിക്കിന്റെയും ആശിഷ് നെഹ്റയുടെയും ചില തീരുമാനങ്ങള്‍ പാളിയതാണ് ടീമിന്റെ തോല്‍വിക്ക് കാരണമായതെന്നാണ് ആരാധകര്‍ പറയുന്നത്.

ബാറ്റിങ് ഓഡറിലെ മാറ്റമാണ് ആരാധകര്‍ പ്രധാനമായും വിമര്‍ശിക്കുന്നത്. ബംഗളൂരുവിനെതിരേ മൂന്നാം നമ്പറില്‍ ഇറങ്ങി തകര്‍പ്പന്‍ ഫിഫ്റ്റിയോടെ ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായകമാവാന്‍ വിജയ് ശങ്കറിന് സാധിച്ചിരുന്നു. എന്നാല്‍ ചെന്നൈക്കെതിരേ ഗുജറാത്ത് ബാറ്റിങ് ഓഡര്‍ പൊളിച്ചു. മൂന്നാം നമ്പറില്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യയാണെത്തിയത്. 7 പന്തില്‍ 8 റണ്‍സ് മാത്രം നേടി ഹര്‍ദിക് പുറത്തായി. ഇതാണ് ടീമിനെ സമ്മര്‍ദ്ദത്തിലാക്കിയതും തോല്‍വിയിലേക്ക് നയിച്ചതും. വിജയ് ശങ്കറിനെ ആറാം നമ്പറില്‍ ഫിനിഷര്‍ റോളില്‍ കളിപ്പിച്ചത് ആന മണ്ടത്തരമാണെന്നാണ് ആരാധക പക്ഷം.

logo
The Fourth
www.thefourthnews.in