ലഖ്‌നൗ എലിമിനേറ്റഡ്; മുംബൈ ഇന്ത്യന്‍സിന് ത്രസിപ്പിക്കുന്ന ജയം

ലഖ്‌നൗ എലിമിനേറ്റഡ്; മുംബൈ ഇന്ത്യന്‍സിന് ത്രസിപ്പിക്കുന്ന ജയം

ആകാശ് മദ്‌വാളിന്റെ ബൗളിങ് കരുത്തിന് മുന്നില്‍ ലഖ്‌നൗ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അടിപതറിയപ്പോള്‍ മുംബൈക്ക് 81 റണ്‍സിന്റെ മികച്ച വിജയം

ഐപിഎല്‍ എലിമിനേറ്റര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ത്രസിപ്പിക്കുന്ന ജയം. ആകാശ് മദ്‌വാളിന്റെ ബൗളിങ് കരുത്തിന് മുന്നില്‍ ലഖ്‌നൗ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അടിപതറിയപ്പോള്‍ മുംബൈക്ക് 81 റണ്‍സിന്റെ മികച്ച വിജയം. 3.3 ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുക്ക് അഞ്ച് വിക്കറ്റുകളാണ് ആകാശ് വീഴ്ത്തിയത്. ഈ സീസണിലെ ഏറ്റവും മികച്ച ബൌളിങ് പ്രകടനമാണ് ആകാശ് മദ്‌വാളിന്റേത്. രണ്ടാം ക്യാളിഫയറില്‍ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്

ലഖ്‌നൗ ബാറ്റിങ് നിരയെ കളിയുടെ തുടക്കം മുതല്‍ തന്നെ വലിഞ്ഞു മുറുക്കിയായിരുന്നു മുംബൈ ബോളര്‍മാരുടെ പ്രകടനം. ഓപ്പണര്‍ കയില്‍ മയേഴ്‌സ് മാര്‍ക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ എന്നിവര്‍ മാത്രമാണ് ലഖ്‌നൗ നിരയില്‍ രണ്ടക്കം കടന്ന ബാറ്റര്‍മാര്‍. ലഖ്‌നൗവിനായി മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിച്ചില്ല. അകാശിനെ കൂടാതെ പിയുഷ് ചൗള, ക്രിസ് ജോര്‍ധാന്‍ എന്നിവരും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

27 പന്തില്‍ അഞ്ച് ബൗണ്ടറികളും ഒരു സിക്‌സുമായി മാര്‍ക്കസ് സ്റ്റോയിനസ് പൊരുതിയെങ്കിലും റണ്‍ ഔട്ട് ആകുകയായിരുന്നു. പിന്നാലെയെത്തിയ ആയുഷ് ബധോനി ഒരു റണ്‍സിന് പുറത്തായി. വമ്പന്‍ അടിക്കാരനായ നിക്കോളാസ് പുരാനെയും അകാഷ് മദ്‌വാള്‍ പുറത്താക്കിയപ്പോഴേക്കും മുംബൈ വിജയം ഉറപ്പിച്ചിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മധ്യനിരയുടെ കരുത്തിലാണ് മുംബൈ മികച്ച സ്‌കോറിലേക്ക് എത്തിയത്. 23 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 41 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ് മുംബൈയുടെ ടോപ്‌സ്‌കോറര്‍. 20 പന്തുകളില്‍ നിന്ന് രണ്ടു വീതം ഫോറും സിക്‌സും പായിച്ച് 33 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും മികച്ച പ്രകടനം കാഴ്ചവച്ചു.

22 പന്തുകളില്‍ നിന്ന് 26 റണ്‍സ് നേടിയ തിലക് വര്‍മയും 12 പന്തുകളില്‍ നിന്ന് 23 റണ്‍സ് നേടിയ നെഹാല്‍ വധേരയും മികച്ച സംഭാവനകള്‍ നല്‍കിയപ്പോള്‍ നായകന്‍ രോഹിത് ശര്‍മ(10 പന്തില്‍ 11), ഓപ്പണര്‍ ഇഷാന്‍ കിഷന്‍(12 പന്തില്‍ 15), മധ്യനിര താരം ടിം ഡേവിഡ്(13 പന്തില്‍ 13), ഓള്‍റൗണ്ടര്‍ ക്രിസ് ജോര്‍ദാന്‍(4) എന്നിവര്‍ നിരാശപ്പെടുത്തി.

ഒരു ഘട്ടത്തില്‍ 4.2 ഓവറില്‍ രണ്ടിന് 38 എന്ന നിലയില്‍ പതറിയ മുംബൈയെ മൂന്നാം വിക്കറ്റില്‍ സൂര്യ-ഗ്രീന്‍ സഖ്യമാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 56 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിനെ 100 കടത്തി. ഈ സഖ്യം മുംബൈ മികച്ച സ്‌കോറിലെത്തിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഓരേ ഓവറില്‍ ഇരുവരെയും മടക്കി നവീന്‍ ഉള്‍ ഹഖ് ലഖ്‌നൗവിന് മേല്‍കൈ സമ്മാനിച്ചു.

പിന്നീട് ചെറിയ ചെറിയ കൂട്ടുകെട്ടിലൂടെ തിലക് വര്‍മയാണ് ടീമിനെ 150-ലേക്ക് എത്തിച്ചത്. സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ തിലകിനെയും നവീന്‍ വീഴ്ത്തിയതോടെ പതറിയ മുംബൈയെ അവസാന ഓവറുകളില്‍ ആഞ്ഞടിച്ച വധേരയാണ് 180 കടത്തിയത്.

ലഖ്‌നൗവിനു വേണ്ടി നാലോവറില്‍ 38 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ നവീനാണ് ബൗളിങ്ങില്‍ തിളങ്ങിയത്. 34 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളുമായി യാഷ് താക്കൂര്‍ മികച്ച പിന്തുണ നല്‍കി. മൊഹ്‌സിന്‍ ഖാനാണ് ശേഷിച്ച ഒരു വിക്കറ്റ്.

logo
The Fourth
www.thefourthnews.in