ജയിച്ചു; പ്രതീക്ഷയുടെ പച്ചപ്പില്‍ മുംബൈ, രാജസ്ഥാന്‍ പുറത്ത്

ജയിച്ചു; പ്രതീക്ഷയുടെ പച്ചപ്പില്‍ മുംബൈ, രാജസ്ഥാന്‍ പുറത്ത്

തകര്‍പ്പന്‍ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന്റെയും അര്‍ധസെഞ്ചുറിയുമായി മുന്നില്‍ നിന്നു നയിച്ച നായകന്‍ രോഹിത് ശര്‍മയുടെയും മിന്നുന്ന ബാറ്റിങ്ങാണ് മുംബൈയ്ക്കു കരുത്തായത്.

താന്‍ പാതി ദൈവം പാതിയെന്നാണ് ചൊല്ലെങ്കില്‍ തങ്ങളുടെ പാതി ഭംഗിയാക്കി മുംബൈ ഇന്ത്യന്‍സ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ല്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമെന്ന നിലയില്‍ അവസാന ലീഗ് മത്സരത്തിനിറങ്ങിയ അവര്‍ തകര്‍പ്പന്‍ ജയവുമായി പ്രതീക്ഷ നിലനിര്‍ത്തി. ഇന്നു നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ടു വിക്കറ്റിനാണ് അവര്‍ തകര്‍ത്തത്.

മുംബൈ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ രണ്ടോവര്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

തകര്‍പ്പന്‍ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന്റെയും അര്‍ധസെഞ്ചുറിയുമായി മുന്നില്‍ നിന്നു നയിച്ച നായകന്‍ രോഹിത് ശര്‍മയുടെയും മിന്നുന്ന ബാറ്റിങ്ങാണ് മുംബൈയ്ക്കു കരുത്തായത്. 47 പന്തുകളില്‍ നിന്ന് എട്ടു വീതം ബൗണ്ടറികളും സിക്‌സറുകളും സഹിതം 100 റണ്‍സാണ് ഗ്രീന്‍ നേടിയത്. രോഹിത് 37 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 56 റണ്‍സ് നേടി.

14 റണ്‍സ് നേടിയ ഓപ്പണര്‍ ഇഷാന്‍ കിഷനാണ് പുറത്തായ മറ്റൊരു ബാറ്റര്‍. കളി അവസാനിക്കുമ്പോള്‍ 16 പന്തുകളില്‍ നിന്ന് 25 റണ്‍സുമായി സൂര്യകുമാര്‍ യാദവായിരുന്നു ഗ്രീനിനു കൂട്ടായി ക്രീസില്‍.

ജയത്തോടെ 14 കളികളില്‍ നിന്ന് 16 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന മുംബൈ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി നിലനിര്‍ത്തി. ഇന്നു നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ഗുജറാത്ത് ടൈറ്റന്‍സ് മത്സരഫലം കൂടി ആശ്രയിച്ചാണ്് മുംബൈയുടെ പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുന്നത്.

ആ മത്സരത്തില്‍ ബാംഗ്ലൂര്‍ തോല്‍ക്കുകയോ, മഴയെത്തുടര്‍ന്ന് മത്സരം ഉപേക്ഷിക്കുകയോ ചെയ്താല്‍ മുംബൈയക്ക് പ്ലേ ഓഫില്‍ കടക്കാം. എന്നാല്‍ ബാംഗ്ലൂര്‍ ജയിച്ചാല്‍ മികച്ച റണ്‍നിരക്കിന്റെ അടിസ്ഥാനത്തില്‍ അവരാകും അവസാന നാലില്‍ ഇടംപിടിക്കുക. ഇന്നത്തെ മുംബൈയുടെ ജയത്തോടെ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് കാണാതെ പുറത്തായി. രാജസ്ഥാന് 14 പോയിന്റ് മാത്രമാണുള്ളത്.

പ്രതീക്ഷ നിലനിര്‍ത്താന്‍ കൂറ്റന്‍ ജയം തേടിയിറങ്ങിയ മുംബൈയ്ക്ക് തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സ് എത്തിയപ്പോഴേക്കും ഇഷാന്‍ കിഷനെ നഷ്ടമായ അവരെ പിന്നീട് രോഹിത്-ഗ്രീന്‍ സഖ്യമാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 128 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

നേരത്തെ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളിന്റെയും വിവ്‌റാന്ത് ശര്‍മയുടെയും മികച്ച ബാറ്റിങ്ങാണ് ഹൈദരാബാദിന് തുണയായത്. അഗര്‍വാള്‍ 46 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും നാലു സിക്‌റുകളും സഹിതം 83 റണ്‍സ് നേടിയപ്പോള്‍ 47 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 69 റണ്‍സാണ് വിവ്‌റാന്ത് അടിച്ചെടുത്തത്.

ഇരുവരും ചേര്‍ന്നുള്ള ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്ന 140 റണ്‍സാണ് സണ്‍റൈസേഴ്‌സ് ഇന്നിങ്‌സിന്റെ നട്ടെല്ല. ഇവര്‍ക്കു പുറമേ മറ്റാര്‍ക്കും സണ്‍റൈസേഴ്‌സ് നിരയില്‍ തിളങ്ങാനായില്ല. ഹെന്റ്‌റിച്ച് ക്ലാസന്‍(18), ഗ്ലെന്‍ ഫിലിപ്‌സ്(1), ഹാരി ബ്രൂക്ക്(0) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ നായകന്‍ എയ്ഡന്‍ മര്‍ക്രം 13 റണ്‍സുമായും സന്‍വീര്‍ സിങ് നാലു റണ്‍സുമായും പുറത്താകാതെ നിന്നു. മുംബൈയ്ക്കു വേണ്ടി നാലോവറില്‍ 37 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ യുവ പേസര്‍ ആകാശ് മധ്‌വാള്‍ ആണ് ബൗളിങ്ങില്‍ തിളങ്ങിയത്. ക്രിസ് ജോര്‍ദാനാണ് ശേഷിച്ച ഒരു വിക്കറ്റ്.

logo
The Fourth
www.thefourthnews.in