'പൊട്ടിച്ചിരിച്ച്' നവീന്‍ ഉള്‍ ഹഖ്; അവസാനത്തെ ചിരിയെന്ന് കോഹ്ലി ആരാധര്‍

'പൊട്ടിച്ചിരിച്ച്' നവീന്‍ ഉള്‍ ഹഖ്; അവസാനത്തെ ചിരിയെന്ന് കോഹ്ലി ആരാധര്‍

ബാംഗ്ലൂര്‍ തോറ്റതിനു പിന്നാലെ നവീന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത 'സ്‌റ്റോറിയാണ്' പുതിയ വിവാദത്തിന് കളമൊരുക്കിയത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ല്‍ പ്ലേ ഓഫ് കാണാതെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പുറത്തായപ്പോള്‍ ആഹ്‌ളാദിച്ചത് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ മാത്രമല്ല! മറിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലെ 'ചിലര്‍' കൂടിയാണ്. സീസണിലെ ബാംഗ്ലൂര്‍-ലഖ്‌നൗ മത്സരത്തിനിടെയുണ്ടായ അസ്വാരസ്യങ്ങളും ഉരസലുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായ സംഭവങ്ങളായിരുന്നു.

അതിനാല്‍ത്തന്നെ പ്ലേ ഓഫില്‍ ഒരു ബാംഗ്ലൂര്‍-ലഖ്‌നൗ പോരാട്ടം ആഗ്രഹിച്ചിരുന്നവരാണ് ക്രിക്കറ്റ് ആരാധകരില്‍ ഭൂരിഭാഗവും. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ ബാംഗ്ലൂര്‍ കീഴടങ്ങിയതോടെ അതിനൊരു രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് ഉറപ്പായി.

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് മുന്‍ നായകന്‍ വിരാട് കോഹ്ലിയും ലഖ്‌നൗ പേസര്‍ നവീന്‍ ഉള്‍ ഹഖുമാണ് ഗ്രൗണ്ടില്‍ കൊമ്പുകോര്‍ത്ത് വിവാദങ്ങളില്‍ ഇടംപിടിച്ചത്. മേയ് ഒന്നിനു നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. കോഹ്ലി ആദ്യം നവീനെ പ്രകോപിപ്പിക്കുകയും അതിനു നവീന്‍ മറുപടി നല്‍കുകയും ചെയ്തതോടെയാണ് സംഭവം വഷളായത്.

പിന്നീട് മത്സരശേഷവും ഇരുവരും തമ്മില്‍ ഉരസലുണ്ടായി. ഇത് ലഖ്‌നൗ ടീം മെന്റര്‍ ഗൗതം ഗംഭീര്‍ ഏറ്റുപിടിച്ചതോടെ സംഭവം കൂടുതല്‍ വഷളായി. പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഇരു ടീമുകളുടെ ആരാധകര്‍ പ്രശ്‌നം ഏറ്റെടുത്തതോടെ സംഭവം വൈറലാകുകയും ചെയ്തു. അതിനു ശേഷം ലഖ്‌നൗ-ബാംഗ്ലൂര്‍ മത്സരം നടക്കാഞ്ഞതിനാല്‍ ഇരുതാരങ്ങളും നേര്‍ക്കുനേര്‍ വന്നിരുന്നില്ല.

പ്ലേ ഓഫില്‍ അതിനു സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഗുജറാത്തിനോടു തോറ്റു ബാംഗ്ലൂര്‍ പുറത്തുപോയതോടെ അതും അസ്തമിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഈ 'യുദ്ധം' ഇപ്പോഴും തുടരുകയാണ്. ലഖ്‌നൗ താരം നവീനാണ് അതിനു ഇക്കുറി വഴിമരുന്നിട്ടത്.

ഇന്നലെ ഗുജറാത്തിനോട് ബാംഗ്ലൂര്‍ തോറ്റതിനു പിന്നാലെ നവീന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത 'സ്‌റ്റോറിയാണ്' പുതിയ വിവാദത്തിന് കളമൊരുക്കിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേനേടിയിട്ടുള്ള ഒരു 'പൊട്ടിച്ചിരി' മീമാണ് നവീന്‍ സ്‌റ്റോറിയാക്കിയത്.

ഇത് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെയും വിരാട് കോഹ്ലിയെയും പരിഹസിക്കാന്‍ വേണ്ടിയാണെന്നാണ് ബാംഗ്ലൂര്‍ ആരാധകരുടെ ആരോപണം. ഈ സ്‌റ്റോറി പുറത്തുവന്നതിനു പിന്നാലെ നവീനെതിരേ സോഷ്യല്‍ മീഡിയയില്‍ കനത്ത ആക്രമണമാണ് ബാംഗ്ലൂര്‍ ആരാധകര്‍ നടത്തുന്നത്.

നവീന്റെ അവസാന ഐപിഎല്‍ ആകും ഇതെന്നുവരെ ബാംഗ്ലൂര്‍ ആരാധകര്‍ മുന്നറിയിപ്പു നല്‍കുന്നു. അതേസമം ഈ മീം സ്‌റ്റോറിയാക്കും മുമ്പേ തന്നെ നവീനെ കോഹ്ലി-ബാംഗ്ലൂര്‍ ആരാധകര്‍ നോട്ടമിട്ടിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലുടനീളം നവീന്‍ പന്ത് തൊടുമ്പോഴെല്ലാം ഗ്യാലറിയില്‍ കോഹ്ലി വിളികള്‍ ഉയര്‍ന്നിരുന്നു.

നവീനെ പിന്തുച്ചും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു ജൂനിയര്‍ താരമായ നവീനെ പരസ്യമായി അപഹസിക്കുന്ന തരത്തില്‍ പെരുമാറിയ കോഹ്ലി തന്റെ വില സ്വയം കളഞ്ഞകുളിക്കുകയായിരുന്നുവെന്നും കളിക്കളത്തില്‍ അനാവശ്യ അഗ്രഷന്‍ കാണിക്കുന്നതിനുള്ള തിരിച്ചടിയാണ് ഇപ്പോള്‍ കോഹ്ലിക്ക് ലഭിക്കുന്നതെന്നുമാണ് ആ പക്ഷത്തിന്റെ വാദം.

logo
The Fourth
www.thefourthnews.in