മധ്യനിരക്കരുത്തില്‍ മുംബൈയ്ക്ക് മാന്യമായ സ്‌കോര്‍; ലഖ്‌നൗവിന് ലക്ഷ്യം 183

മധ്യനിരക്കരുത്തില്‍ മുംബൈയ്ക്ക് മാന്യമായ സ്‌കോര്‍; ലഖ്‌നൗവിന് ലക്ഷ്യം 183

മധ്യനിരയുടെ കരുത്തിലാണ് മുംബൈ മികച്ച സ്‌കോറിലേക്ക് എത്തിയത്. 23 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 41 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ് ടോപ്‌സ്‌കോറര്‍.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ്‍ 16-ലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ മാന്യമായ സ്‌കോര്‍ നേടി മുംബൈ ഇന്ത്യന്‍സ്. ചെന്നൈ ചെപ്പോക്ക് എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്.

മധ്യനിരയുടെ കരുത്തിലാണ് മുംബൈ മികച്ച സ്‌കോറിലേക്ക് എത്തിയത്. 23 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 41 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ് മുംബൈയുടെ ടോപ്‌സ്‌കോറര്‍. 20 പന്തുകളില്‍ നിന്ന് രണ്ടു വീതം ഫോറും സിക്‌സും പായിച്ച് 33 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും മികച്ച പ്രകടനം കാഴ്ചവച്ചു.

22 പന്തുകളില്‍ നിന്ന് 26 റണ്‍സ് നേടിയ തിലക് വര്‍മയും 12 പന്തുകളില്‍ നിന്ന് 23 റണ്‍സ് നേടിയ നെഹാല്‍ വധേരയും മികച്ച സംഭാവനകള്‍ നല്‍കിയപ്പോള്‍ നായകന്‍ രോഹിത് ശര്‍മ(10 പന്തില്‍ 11), ഓപ്പണര്‍ ഇഷാന്‍ കിഷന്‍(12 പന്തില്‍ 15), മധ്യനിര താരം ടിം ഡേവിഡ്(13 പന്തില്‍ 13), ഓള്‍റൗണ്ടര്‍ ക്രിസ് ജോര്‍ദാന്‍(4) എന്നിവര്‍ നിരാശപ്പെടുത്തി.

ഒരു ഘട്ടത്തില്‍ 4.2 ഓവറില്‍ രണ്ടിന് 38 എന്ന നിലയില്‍ പതറിയ മുംബൈയെ മൂന്നാം വിക്കറ്റില്‍ സൂര്യ-ഗ്രീന്‍ സഖ്യമാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 56 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിനെ 100 കടത്തി. ഈ സഖ്യം മുംബൈ മികച്ച സ്‌കോറിലെത്തിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഓരേ ഓവറില്‍ ഇരുവരെയും മടക്കി നവീന്‍ ഉള്‍ ഹഖ് ലഖ്‌നൗവിന് മേല്‍കൈ സമ്മാനിച്ചു.

പിന്നീട് ചെറിയ ചെറിയ കൂട്ടുകെട്ടിലൂടെ തിലക് വര്‍മയാണ് ടീമിനെ 150-ലേക്ക് എത്തിച്ചത്. സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ തിലകിനെയും നവീന്‍ വീഴ്ത്തിയതോടെ പതറിയ മുംബൈയെ അവസാന ഓവറുകളില്‍ ആഞ്ഞടിച്ച വധേരയാണ് 180 കടത്തിയത്.

ലഖ്‌നൗവിനു വേണ്ടി നാലോവറില്‍ 38 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ നവീനാണ് ബൗളിങ്ങില്‍ തിളങ്ങിയത്. 34 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളുമായി യാഷ് താക്കൂര്‍ മികച്ച പിന്തുണ നല്‍കി. മൊഹ്‌സിന്‍ ഖാനാണ് ശേഷിച്ച ഒരു വിക്കറ്റ്.

logo
The Fourth
www.thefourthnews.in