ലിവിങ്‌സ്റ്റണിന്റെ പോരാട്ടം പാഴായി; കലമുടച്ച് പഞ്ചാബ്‌

ലിവിങ്‌സ്റ്റണിന്റെ പോരാട്ടം പാഴായി; കലമുടച്ച് പഞ്ചാബ്‌

തോല്‍വിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറേ അസ്തമിച്ചു. 13 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി എട്ടാമതാണ് അവര്‍.

പ്ലേ ഓഫ് പ്രതീക്ഷയുടെ നുറുങ്ങുവെട്ടവുമായി ഇറങ്ങിയ പഞ്ചാബ് കിങ്‌സ് പടിക്കല്‍ കലമുടച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ല്‍ അവസാന നാലില്‍ കടക്കാന്‍ ശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ചേ തീരൂയെന്ന നിലയില്‍ നിന്നു ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിട്ട അവര്‍ 15 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങി പുറത്തേക്ക്.

ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി രണ്ടു വിക്കറ്റിന് 213 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ഇതു പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന് എട്ടു വിക്കറ്് നഷ്ടത്തില്‍ 198 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. തോല്‍വിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറേ അസ്തമിച്ചു. 13 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി എട്ടാമതാണ് അവര്‍. ഇനി പഞ്ചാബ് അവസാന നാലില്‍ ഇടംപിടിക്കണമെങ്കില്‍ മഹാദ്ഭുതങ്ങള്‍ സംഭവിക്കണം.

പഞ്ചാബ് നിരയില്‍ ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണിനും യുവതാരം അഥര്‍വ തായ്‌ഡെയ്ക്കും മാത്രമാണ് പൊരുതാനായത്. ലിവിങ്‌സ്റ്റണ്‍ 48 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒമ്പതു സിക്‌സറുകളും സഹിതം 94 റണ്‍സ് നേടിയപ്പോള്‍ 42 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 55 റണ്‍സായിരുന്നു തായ്‌ഡെയുടെ സംഭാവന.

ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്(22), നായകന്‍ ശിഖര്‍ ധവാന്‍(0), മധ്യനിര താരങ്ങളായ ജിതേഷ് ശര്‍മ(0), ഷാരൂഖ് ഖാന്‍(6), ഓള്‍റൗണ്ടര്‍ സാം കറന്‍(11) എന്നിവര്‍ നിരാശപ്പെടുത്തി. ഡല്‍ഹിക്കു വേണ്ടി ഇഷാന്ത് ശര്‍മ, ആന്റ്‌റിച്ച് നോര്‍ക്യെ എന്നിവര്‍ രണ്ടും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ തകര്‍പ്പന്‍ അര്‍ധശസഞ്ചുറിയുമായി പുറത്താകാതെ നിന്ന മധ്യനിര താരം റിലി റൂസോയാണ് ഡല്‍ഹി ഇന്നിങ്‌സിന്റെ നട്ടെല്ലായത്. 37 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ആറു സിക്‌സറുകളും സഹിതം 82 റണ്‍സാണ് റൂസോ നേടിയത്. റൂസോയ്ക്കു പുറമേ അര്‍ധസഞ്ചുറി നേടിയ ഓപ്പണര്‍ പൃഥ്വി ഷാ(54) നായകന്‍ ഡേവിഡ് വാര്‍ണര്‍(46), മധ്യനിര താരം ഫില്‍ സാള്‍ട്ട്(26 നോട്ടൗട്ട്) എന്നിവരും തിളങ്ങി.

ടൂര്‍ണമെന്റിലാദ്യമായി ഡല്‍ഹിയുടെ മുന്‍നിര ബാറ്റിങ് ഫോമിലെത്തിയപ്പോള്‍ പഞ്ചാബിന്റെ കണക്കുകൂട്ടലുകളെല്ലാം പിഴയ്ക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ തന്നെ 94 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് ഡല്‍ഹി പഞ്ചാബിനെ പരീക്ഷിച്ചത്. വാര്‍ണറും പൃഥ്വിയും ചേര്‍ന്നുള്ള കൂട്ടുകെട്ട് 10.2 ഓവറില്‍ 94 റണ്‍സ് അടിച്ചു കൂട്ടി.

വാര്‍ണറിനെ വീഴ്ത്തി ഓള്‍റൗണ്ടര്‍ സാം കറന്‍ പഞ്ചാബിന് ബ്രേക്ക്ത്രൂ സമ്മാനിച്ചെങ്കിലും പൃഥ്വിക്കു കൂട്ടായി റൂസോ എത്തിയതോടെ തിരിച്ചുവരാമെന്ന അവരുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. പൃഥ്വിക്കൊപ്പം 54 റണ്‍സിന്റെ കൂട്ടുകെട്ട് ക്ഷണനേരത്തില്‍ പടുത്തുയര്‍ത്തിയാണ് റൂസോ പ്രതികരിച്ചത്.

അര്‍ധസെഞ്ചുറി തികച്ചതിനു പിന്നാലെ സാം കറന്റെ പന്തില്‍ പൃഥ്വി പുറത്തായെങ്കിലും പിന്നീടെത്തിയ സാള്‍ട്ടിനെ കൂട്ടുനിര്‍ത്തി റൂസോ ടീമിനെ 200 കടത്തുകയായിരുന്നു. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 65 റണ്‍സാണ് അടിച്ചുകൂട്ടിയത്. പഞ്ചാബ് ബൗളര്‍മാരില്‍ സാം കറനൊഴികെ മറ്റാര്‍ക്കും ഡല്‍ഹിയു െആക്രമണം തടയാനായില്ല.

logo
The Fourth
www.thefourthnews.in