ഈഡനിൽ ജെയ്സ്വാൾ വെടിക്കെട്ട്; കൊൽക്കത്തയെ കെട്ടുകെട്ടിച്ച് രാജസ്ഥാൻ

ഈഡനിൽ ജെയ്സ്വാൾ വെടിക്കെട്ട്; കൊൽക്കത്തയെ കെട്ടുകെട്ടിച്ച് രാജസ്ഥാൻ

പോയിന്റ് പട്ടികയിൽ മൂന്നാമതെത്തി രാജസ്ഥാൻ, പ്ലേ ഓഫ് സാധ്യത സജീവമാക്കി; നൈറ്റ്റൈഡേഴ്സ് പരുങ്ങലിൽ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണായക പോരാട്ടത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന് രാജകീയ ജയം. ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന്റെയും നായകന്‍ സഞ്ജു സാംസണിന്റെയും വെടിക്കെട്ട് ബാറ്റിങ്ങിന്റെ പിൻബലത്തിൽ ഒന്‍പത് വിക്കറ്റിന്റെ വമ്പന്‍ ജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. കൊല്‍ക്കത്തയുടെ സ്വന്തം കളിമുറ്റത്ത് രാജസ്ഥാൻ ബൗളർമാർ അവരെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സില്‍ ഒതുക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ജയ്‌സ്വാളിന്റെ പവര്‍ ഹിറ്റിങ്ങിലൂടെ 13.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അനായാസം വിജയലക്ഷ്യം മറികടന്നു. പോയിന്റ് ടേബിളില്‍ മുംബൈയെ മറികടന്ന് രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയെ കറക്കി വീഴ്ത്തി യുസ്വേന്ദ്ര ചഹലാണ് രാജസ്ഥാന് ആധിപത്യം നല്‍കിയത്. നാല് വിക്കറ്റാണ് ഈ ലെഗ് സ്പിന്നര്‍ വീഴ്ത്തിയത്. ഇതോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴത്തുന്ന താരമായി ചഹല്‍ മാറി. 150 വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ രാജസ്ഥാന്‍ തുടക്കം മുതല്‍ ഞെട്ടിച്ചു. ആദ്യ ഓവര്‍ എറിയാനെത്തിയ കൊല്‍ക്കത്ത നായകന്‍ നിതീഷ് റാണയെ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 26 റണ്‍സുമായാണ് വരവേറ്റത്. രണ്ടാം ഓവറില്‍ ജോസ് ബട്‌ലര്‍ റണ്‍ ഔട്ട് ആയെങ്കിലും രാജസ്ഥാനെ അതൊട്ടും ബാധിച്ചില്ല. ജയ്‌സ്വാള്‍ ആക്രമണം തുടങ്ങിയതോടെ മൂന്നാം ഓവറില്‍ അര്‍ധ സെഞ്ചുറി തികച്ചു. ഐപിഎല്ലിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയാണിത്. രണ്ടാം വിക്കറ്റില്‍ സഞ്ജുവും ചേര്‍ന്നതോടെ ഈഡന്‍ ഗാര്‍ഡന്‍സിന്റെ മൈതാനത്ത് തീപ്പൊരി പാറി.

ഈഡനിൽ ജെയ്സ്വാൾ വെടിക്കെട്ട്; കൊൽക്കത്തയെ കെട്ടുകെട്ടിച്ച് രാജസ്ഥാൻ
റെക്കോർഡ് കുറിച്ച് ജെയ്സ്വാള്‍; 'ഐപിഎല്ലിലെ അതിവേഗ അർധശതകം'

ജയ്സ്വാള്‍ 47 പന്തില്‍ 12 ഫോറും അഞ്ച് സിക്സും ഉള്‍പ്പെടെ 98 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ സഞ്ജു സാംസണ്‍ 29 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്സും ഉള്‍പ്പെടെ പുറത്താകാതെ നേടിയ 48 റണ്‍സുമായി മികച്ച പിന്തുണയേകി. സഞ്ജു നൽകിയ അനായാസ ക്യാച്ച് സുനില്‍ നരെയ്ന്‍ നഷ്ടപ്പെടുത്തിയത് കൊല്‍ക്കത്തയ്ക്ക് വലിയ തിരിച്ചടിയായി. ഇരുവരും ചേര്‍ന്ന് കൊല്‍ക്കത്ത ബൗളര്‍മാര്‍ക്കുമേല്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചതോടെ 41 പന്ത് ബാക്കി നില്‍ക്കെ രാജസ്ഥാന്‍ ജയം സ്വന്തമാക്കി. 121 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

ജയ്സ്വാള്‍ 47 പന്തില്‍ 12 ഫോറും അഞ്ച് സിക്സും ഉള്‍പ്പെടെ 98 റണ്‍സുമായി പുറത്താവാതെ നിന്നു

മങ്ങിയ തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് ലഭിച്ചത്. ഓപ്പണര്‍മാരായി ഇറങ്ങിയ ജേസണ്‍ റോയ്ക്കും റഹ്‌മാനുള്ള ഗുര്‍ബാസിനും ഇന്നിങ്സിന് കെട്ടുറപ്പുള്ള അടിത്തറപാകാന്‍ കഴിഞ്ഞില്ല. മൂന്നാം ഓവറില്‍ ട്രെന്‍ഡ് ബോള്‍ട്ടിന്റെ രണ്ടാം പന്തില്‍ ഷിംറോ ഹെറ്റ്മെയര്‍ക്ക് ക്യാച്ച് നല്‍കി റോയ് പുറത്തായി. പിന്നീട് 12 പന്തില്‍ 18 റണ്‍സെടുത്ത ഗുര്‍ബാസിനെയും ബോള്‍ട്ട് മടക്കി. മധ്യനിരയില്‍ വെങ്കടേഷ് അയ്യര്‍ നടത്തിയ അര്‍ധ സെഞ്ചുറി പോരാട്ടമാണ് കൊല്‍ക്കത്തയെ ആശ്വാസ സ്‌കോറിലെത്തിച്ചത്. 42 പന്തില്‍ രണ്ട് ഫോറും നാല് സിക്സും പറത്തിയ അയ്യര്‍ 57 റണ്‍സാണ് നേടിയത്.

ക്യാപ്റ്റന്‍ നിതീഷ് റാണ (17 പന്തില്‍ 22) റിങ്കു സിങ്(17 പന്തില്‍ 16) എന്നിവരാണ് കൊല്‍ക്കത്തയുടെ മറ്റ് സ്‌കോറര്‍മാര്‍. ആന്ദ്രെ റസല്‍(10) ഷാര്‍ദൂല്‍ താക്കൂര്‍ (1), സുനില്‍ നരെയ്ന്‍ (6) എന്നിവര്‍ നിരാശപ്പെടുത്തി. രാജസ്ഥാനായി ബോള്‍ട്ട് രണ്ടും കെ എം ആസിഫ്, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

logo
The Fourth
www.thefourthnews.in