'ക്ലാസിക് കോഹ്ലി'; തകര്‍പ്പന്‍ ജയവുമായി ചലഞ്ചേഴ്‌സ്

'ക്ലാസിക് കോഹ്ലി'; തകര്‍പ്പന്‍ ജയവുമായി ചലഞ്ചേഴ്‌സ്

കോഹ്ലി 63 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 100 റണ്‍സ് നേടിയപ്പോള്‍ 47 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 71 റണ്‍സായിരുന്നു ഡുപ്ലീസിസിന്റെ സംഭാവന.

വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ സെഞ്ചുറി മികവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തുരത്തി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. ജയത്തോടെ ഐ.പി.എല്‍. സീസണ്‍ 16-ല്‍ അവര്‍ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി നിലനിര്‍ത്തി.

നിര്‍ണായക മത്സരത്തില്‍ ടീമിന്റെ രക്ഷകനായി വിരാട് കോഹ്ലി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ജീവന്മരണ പോരാട്ടത്തിനിറങ്ങിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് കോഹ്ലിയുടെ സെഞ്ചുറിക്കരുത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് പ്രതീക്ഷ നിലനിര്‍ത്തി.

ഇന്നു ഹൈദരാബാദിലെ ഉപ്പാല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ നാലു പന്ത് ബാക്കിനില്‍ക്കെ 187 റണ്‍സ് നേടി ലക്ഷ്യം കണ്ടു.

സെഞ്ചുറി നേടിയ കോഹ്ലിയുടെയും അര്‍ധസെഞ്ചുറി നേടിയ നായകന്‍ ഫാഫ് ഡുപ്ലീസിസിന്റെയും മിന്നുന്ന പ്രകടനമാണ് അവര്‍ക്കു തുണയായത്. കോഹ്ലി 63 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 100 റണ്‍സ് നേടിയപ്പോള്‍ 47 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 71 റണ്‍സായിരുന്നു ഡുപ്ലീസിസിന്റെ സംഭാവന.

ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 172 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിനെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു സെഞ്ചുറി നേടിയതിനു പിന്നാലെ കോഹ്ലിയും അതിനു ശേഷം ഡുപ്ലീസിസും മടങ്ങിയപ്പോഴേക്കും ബാംഗ്ലൂര്‍ മത്സരം സ്വന്തമാക്കിയിരുന്നു. പിന്നീട് ഗ്ലെന്‍ മാക്‌സ്‌വെല്‍(5), മൈക്കല്‍ ബ്രേസ്‌വെല്‍(4) എന്നിവര്‍ ചേര്‍ന്ന് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.

ജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി മുംബൈ ഇന്ത്യന്‍സിനെ പിന്തള്ളി നാലാം സ്ഥാനത്ത് എത്താനും ബാംഗ്ലൂരിനായി. പക്ഷേ അവര്‍ക്ക് പ്ലേ ഓഫ് ബര്‍ത്ത് ഇനിയും ഉറപ്പിക്കാനായിട്ടില്ല. അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പിക്കാനായാല്‍ അവസാന നാലില്‍ ഇടംപിടിക്കാന്‍ ബാംഗ്ലൂരിനാകും.

നേരത്തെ സെഞ്ചുറി നേടിയ മധ്യനിര താരം ഹെന്റ്‌റിച്ച് ക്ലാസന്റെ ഒറ്റയാള്‍ മികവാണ് സണ്‍റൈസേഴ്‌സിനെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്. 51 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും ആറു സിക്‌സറുകളും സഹിതം 104 റണ്‍സാണ് ക്ലാസന്‍ അടിച്ചുകൂട്ടിയത്. 19 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 27 റണ്‍സ് നേടിയ ഹാരി ബ്രൂക്കാണ് മറ്റൊരു പ്രമുഖ സ്‌കോറര്‍.

ഹൈദരാബാദ് നിരയില്‍ മറ്റാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ(11), രാഹുല്‍ ത്രിപാഠി(15), നായകന്‍ എയ്ഡന്‍ മര്‍ക്രം(18), മധ്യനിര താരം ഗ്ലെന്‍ ഫിലിപ്‌സ്(5) എന്നിവര്‍ നിരാശപ്പെടുത്തി. ബാംഗ്ലൂരിനു വേണ്ടി മൈക്കല്‍ ബ്രേസ്‌വെല്‍ രണ്ടും മുഹമ്മദ് സിറാജ്, ഷഹബാസ് അഹമ്മദ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in