മുന്‍നിരക്കരുത്തില്‍ സൂപ്പര്‍കിങ്‌സ്; ഡല്‍ഹിക്കെതിരേ കൂറ്റന്‍ സ്‌കോര്‍

മുന്‍നിരക്കരുത്തില്‍ സൂപ്പര്‍കിങ്‌സ്; ഡല്‍ഹിക്കെതിരേ കൂറ്റന്‍ സ്‌കോര്‍

ഓപ്പണര്‍മാരായ ഡെവണ്‍ കോണ്‍വെയുടെയും റുതുരാജ് ഗെയ്ക്ക്വാദിന്റെയും മിന്നുന്ന അര്‍ധസെഞ്ചുറികളാണ് ചെന്നൈയ്ക്കു കരുത്തായത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ല്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് പടുകൂറ്റന്‍ സ്‌കോര്‍. ഡല്‍ഹിയെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സാണ് നേടിയത്.

ഓപ്പണര്‍മാരായ ഡെവണ്‍ കോണ്‍വെയുടെയും റുതുരാജ് ഗെയ്ക്ക്വാദിന്റെയും മിന്നുന്ന അര്‍ധസെഞ്ചുറികളാണ് ചെന്നൈയ്ക്കു കരുത്തായത്. കോണ്‍വെ 52 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 87 റണ്‍സ് നേടി ടോപ് സ്‌കോററായപ്പോള്‍ 50 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഏഴു സിക്‌സറുകളും സഹിതം 79 റണ്‍സായിരുന്നു ഗെയ്ക്ക്വാദിന്റെ സംഭാവന.

ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 14.3 ഓവറില്‍ 141 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഒടുവില്‍ ഗെയ്ക്ക്വാദിനെ റിലി റൂസോയുടെ കൈകളില്‍ എത്തിച്ച് ചേതന്‍ സക്കരിയയാണ് ഡല്‍ഹിക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. എന്നാല്‍ ഗെയ്ക്ക്വാദിന് പകരം ക്രീസിലെത്തിയ ശിവം ദുബയെ കൂട്ടുപിടിച്ചു കോണ്‍വേ ആക്രമണം അഴിച്ചുവിട്ടതോടെ ചെന്നൈയെ 200-ല്‍ താഴെ ഒതുക്കാമെന്ന ഡല്‍ഹി മോഹങ്ങള്‍ തകര്‍ന്നു.

രണ്ടാം വിക്കറ്റില്‍ വെറും 15 പന്തുകളില്‍ 54 റണ്‍സാണ് കോണ്‍വെ-ദുബെ സഖ്യം അടിച്ചുകൂട്ടിയത്. ഒമ്പതു പനതുകളില്‍ നിന്ന് മൂന്നു സിക്‌സറുകളോടെ 22 റണ്‍സാണ് ദുബെ നേടിയത്. ആദ്യം ദുബെയും പിന്നീട് കോണ്‍വെയും പുറത്തായെങ്കിലും അവസാന രണ്ടോവറില്‍ തകര്‍ത്തടിച്ച രവീന്ദ്ര ജഡേജ ടീമിനെ 220 കടത്തി.

ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ഏഴു പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 20 റണ്‍സുമായി ജഡേജയും നാലു പന്തില്‍ അഞ്ചു റണ്‍സുമായി നായകന്‍ മഹേന്ദ്ര സിങ് ധോണിയുമായിരുന്നു. ക്രീസില്‍. ഡല്‍ഹിക്കു വേണ്ടി സക്കരിയയ്ക്കു പുറമേ ആന്റ്‌റിച്ച് നോര്‍ക്യെ, ഖലീല്‍ അഹമ്മദ് എന്നിവരും ഓരോ വിക്കറ്റ് സ്വന്തമാക്കി.

നിലവില്‍ 13 മത്സരത്തില്‍നിന്ന് 15 പോയിന്റുമായി ചെന്നൈ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാല്‍ ധോണിക്കും സംഘത്തിനും പ്ലേ ഓഫ് ഉറപ്പിക്കാം. ജയം ഡല്‍ഹിക്കൊപ്പമാണെങ്കില്‍ ചെന്നൈയ്ക്ക് മറ്റ് ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കേണ്ടി വരും.

logo
The Fourth
www.thefourthnews.in