വെടിക്കെട്ടുമായി സ്‌റ്റോയ്‌നിസ്; മുംബൈയ്ക്കു ലക്ഷ്യം 178

വെടിക്കെട്ടുമായി സ്‌റ്റോയ്‌നിസ്; മുംബൈയ്ക്കു ലക്ഷ്യം 178

47 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും എട്ടു സിക്‌സറുകളും സഹിതം 89 റണ്‍സുമായി സ്‌റ്റോയ്‌നിസ് പുറത്താകാതെ നിന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്നു നടക്കുന്ന നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് 178 റണ്‍സിന്റെ വിജയലക്ഷ്യം വച്ചുനീട്ടി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. പ്ലേ ഓഫ് ബെര്‍ത്ത് ഉറപ്പിക്കാന്‍ ഇരുടീമുകള്‍ക്കും ജയം നിര്‍ണായകമായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്.

തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസാണ് ലഖ്‌നൗവിന്റെ ഹീറോയായത്. 47 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും എട്ടു സിക്‌സറുകളും സഹിതം 89 റണ്‍സുമായി സ്‌റ്റോയ്‌നിസ് പുറത്താകാതെ നിന്നു.

കാണ്‍പൂരിലെ ഏക്‌ന സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. തകര്‍ച്ചയോടെയായിരുന്നു ലഖ്‌നൗവിന്റെ തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ 35 റണ്‍സ് എത്തിയപ്പോഴേക്കും ഓപ്പണര്‍മാരായ ദീപക് ഹൂഡ(5), ക്വിന്റണ്‍ ഡി കോക്ക്(16) വണ്‍ഡൗണ്‍ ആയി ഇറങ്ങിയ പ്രേരക് മങ്കാദ്(0) എന്നിവരെ നഷ്ടമായി തകര്‍ച്ചയുടെ വക്കിലായിരുന്നു അവര്‍.

എന്നാല്‍ പിന്നീട് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന നായകന്‍ ക്രുണാല്‍ പാണ്ഡ്യയും സ്‌റ്റോയ്‌നിസും ചേര്‍ന്ന് അവരെ കരകയറ്റുന്നതാണ് കണ്ടത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 132 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 42 പന്തില്‍ ഒരു ഫോറും ഒരു സിക്‌സറും സഹിതം 49 റണ്‍സ് എടുത്തു നില്‍ക്കെ ക്രുണാല്‍ പരുക്കിനെത്തുടര്‍ന്നു റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയെങ്കിലും ഒരറ്റത്ത് അക്ഷോഭ്യനായി നിന്ന സ്‌റ്റോയ്‌നിസ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.

ക്രുണാലിനു പകരക്കാരനായി എത്തിയ നിക്കോളാസ് പൂരനെ(8) കാഴ്ചക്കാരനാക്കി നിര്‍ത്തി സ്‌റ്റോയ്‌നിസ് തകര്‍ത്തടിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് അവസാന നാലോവറില്‍ 60 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതില്‍ 48-ഉം പിറന്നത് സ്‌റ്റോയ്‌നിസിന്റെ ബാറ്റില്‍ നിന്നായിരുന്നു.

ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ 18-ാം ഓവറില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 24 റണ്‍സാണ് സ്‌റ്റോയ്‌നിസ് അടിച്ചുകൂട്ടിയത്. ഈ ഓവറാണ് കളിയുടെ ഗതി തിരിച്ചതും. മുംബൈയ്ക്കു വേണ്ടി നാലേവറില്‍ 30 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ പേസര്‍ ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫാണ് തിളങ്ങിയത്. പീയുഷ് ചൗളയ്ക്കാണ് ഒരു വിക്കറ്റ്.

logo
The Fourth
www.thefourthnews.in