രക്ഷകനായി പൂരന്‍; നിര്‍ണായക മത്സരത്തില്‍ ലഖ്‌നൗവിന് ഭേദപ്പെട്ട സ്‌കോര്‍

രക്ഷകനായി പൂരന്‍; നിര്‍ണായക മത്സരത്തില്‍ ലഖ്‌നൗവിന് ഭേദപ്പെട്ട സ്‌കോര്‍

ബാറ്റിങ് നിര അമ്പേ പരാജയപ്പെട്ട ദിനത്തില്‍ രക്ഷകനായി അവതരിച്ച മധ്യനിര താരം നിക്കോളാസ് പൂരന്റെ മിന്നുന്ന ബാറ്റിങ്ങാണ് അവര്‍ക്കു തുണയായത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ല്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ഇറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ഭേദപ്പെട്ട സ്‌കോര്‍. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡിന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്.

ബാറ്റിങ് നിര അമ്പേ പരാജയപ്പെട്ട ദിനത്തില്‍ രക്ഷകനായി അവതരിച്ച മധ്യനിര താരം നിക്കോളാസ് പൂരന്റെ മിന്നുന്ന ബാറ്റിങ്ങാണ് അവര്‍ക്കു തുണയായത്. 30 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതം 58 റണ്‍സ് നേടിയ പൂരനാണ് അവരുടെ ടോപ് സ്‌കോറര്‍.

പൂരനു പുറമേ 27 പന്തുകളില്‍ നിന്ന് രണ്ടു സിക്‌സറുകള്‍ സഹിതം 28 റണ്‍സ് നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക്, 20 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 26 റണ്‍സ് നേടിയ പ്രേര് മങ്കാദ്, 21 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 25 റണ്‍സ് നേടിയ ആയുഷ് ബദോനി എന്നിവരാണ് ലഖ്‌നൗവിനായി ബാറ്റ് വീശിയത്.

ഓപ്പണര്‍ കരണ്‍ ശര്‍മ(3), ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്(0), നായകന്‍ ക്രുണാല്‍ പാണ്ഡ്യ(9) എന്നിവര്‍ നിരാശപ്പെടുത്തി. കൊല്‍ക്കത്തയ്ക്കു വേണ്ടി രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ വൈഭവ് അറോറ, ഷാര്‍ദ്ദൂല്‍ താക്കൂര്‍, സുനില്‍ നരെയ്ന്‍ എന്നിവരാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഈ മത്സരം ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാമെന്ന നിലയിലാണ് ലഖ്‌നൗ ഇന്നിറങ്ങിയത്. നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് അവര്‍. ഇന്നു ജയിച്ചാല്‍ 17 പോയിന്റുമായി അവര്‍ ആദ്യ നാലില്‍ സ്ഥാനം ഉറപ്പാക്കും. എന്നാല്‍ തോല്‍വി നേരിട്ടാല്‍ മറ്റു ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിച്ചായിരിക്കും അവരുടെ മുന്നേറ്റം.

13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി ലഖ്‌നൗവിനു പിന്നിലുള്ള ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും മുംബൈ ഇന്ത്യന്‍സുമാണ് അവര്‍ക്കു ഭീഷണി ഉയര്‍ത്തുന്നത്. ഇന്നു കൊല്‍ക്കത്തയോടെ ലഖ്‌നൗ തോല്‍ക്കുകയും നാളെ മുംബൈയും ബാംഗ്ലൂരും തങ്ങളുടെ അവസാന മത്സരങ്ങള്‍ ജയിക്കുകയും ചെയ്ത ലഖ്‌നൗ പ്ലേ ഓഫ് കാണാതെ പുറത്താകും. അതുകൊണ്ടു തന്നെ ജയം മാത്രമാണ് ഇന്ന് അവരുടെ ലക്ഷ്യം.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in