ബാംഗ്ലൂരിന്റെ പ്രതീക്ഷകള്‍ മഴയില്‍ ഒലിക്കുമോ? കാലാവസ്ഥ ഇങ്ങനെ

ബാംഗ്ലൂരിന്റെ പ്രതീക്ഷകള്‍ മഴയില്‍ ഒലിക്കുമോ? കാലാവസ്ഥ ഇങ്ങനെ

മുംബൈ ഇന്ത്യന്‍സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും മറികടന്ന പ്ലേ ഓഫില്‍ കടക്കാന്‍ ബാംഗ്ലൂരിന് ഇന്ന് ജയം അനിവാര്യമാണ്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ല്‍ പ്ലേ ഓഫ് ലക്ഷ്യമിട്ട് ജീവന്മരണ പോരാട്ടത്തിനിറങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മഴ ചതിക്കുമോ? ഇന്നു നടക്കുന്ന നിര്‍ണായക മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് അവര്‍ നേരിടുന്നത്. മുംബൈ ഇന്ത്യന്‍സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും മറികടന്ന പ്ലേ ഓഫില്‍ കടക്കാന്‍ ബാംഗ്ലൂരിന് ഇന്ന് ജയം അനിവാര്യമാണ്.

എന്നാല്‍ കനത്ത മഴ മത്സരത്തിന് വെല്ലുവിളി ഉയര്‍ത്തുകയാണ്. ബാംഗ്ലൂരിലും പരിസര പ്രദേശത്തും ഇന്നു രാവിലെ മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. രാത്രിയും ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍. അങ്ങനെ സംഭവിച്ചാല്‍ മത്സരം ഉപേക്ഷിച്ച് ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം പങ്കിട്ടു നല്‍കേണ്ടി വരും.

നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി ബാംഗ്ലൂര്‍ നാലാം സ്ഥാനത്താണ്. 14 പോയിന്റ് തന്നെയുള്ള രാജസ്ഥാന്‍ അഞ്ചാമതും മുംബൈ ഇന്ത്യന്‍സ് ആറാമതുമുണ്ട്. മുംബൈയുടെ അവസാന ലീഗ് മത്സരം സ്വന്തം തട്ടകമായ വാങ്ക്‌ഡേയില്‍ സണ്‍റൈസേഴ്‌സിനെതിരേ നടക്കുകയാണ്. ഈ മത്സരം ജയിച്ചാല്‍ 16 പോയിന്റുമായി മുംബൈ നാലാമതെത്തും.

ഈ സാഹചര്യത്തില്‍ ഗുജറാത്തിനെതിരായ മത്സരം ഉപേക്ഷിക്കപ്പെട്ടാലോ തോറ്റാലോ ബാംഗ്ലൂരിന് പ്ലേ ഓഫ് കാണാതെ പുറത്തേക്കു പോകേണ്ടി വരും. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തിലും പരിസരത്തും കനത്ത മഴയാണ്. ഒരു മണിക്കൂറിള്ളില്‍ മഴ ശമിച്ചില്ലെങ്കില്‍ മത്സരത്തിന് ഭീഷണിയാണ്.

എന്നാല്‍ പ്രമുഖ കാലാവസ്ഥാ നിരീക്ഷണ വെബ്‌സൈറ്റായ 'അക്യുവെതര്‍' നടത്തിയ പ്രവചനപ്രകാരം രാത്രിയും മഴയ്ക്കു സാധ്യതയേറെയാണ്. ചിന്നസ്വാമി സ്‌റ്റേഡിയത്തിലും പരിസരത്തും അക്യുവെതറിന്റെ പ്രവചന പ്രകാരം കാലാവസ്ഥ ഇങ്ങനെയാണ്.

വൈകിട്ട് 6 മണി:- 20 ഡിഗ്രി സെല്‍ഷ്യസ്, മഴയ്ക്ക് 43 ശതമാനം സാധ്യത

രാത്രി 7 മണി:- 27 ഡിഗ്രി സെല്‍ഷ്യസ്, ഇടിമിന്നലോടു കൂടി മഴയ്ക്ക് 63 ശതമാനം സാധ്യത

രാത്രി 8 മണി:- 25 ഡിഗ്രി സെല്‍ഷ്യസ്, മഴയ്ക്ക് 49 ശതമാനം സാധ്യത

രാത്രി 9 മണി:- 24 ഡിഗ്രി സെല്‍ഷ്യസ്, മഴയ്ക്ക് 63 ശതമാനം സാധ്യത

രാത്രി 10 മണി:- 24 ഡിഗ്രി സെല്‍ഷ്യസ്, മഴയ്ക്ക് 40 ശതമാനം സാധ്യത.

logo
The Fourth
www.thefourthnews.in