വില്യംസണിന്റെ പരുക്ക് അതീവ ഗുരുതരം; ഏകദിന ലോകകപ്പും നഷ്ടമാകും

വില്യംസണിന്റെ പരുക്ക് അതീവ ഗുരുതരം; ഏകദിന ലോകകപ്പും നഷ്ടമാകും

താരത്തിന്റെ പരുക്ക് അതീവ ഗുരുതരമാണെന്നും അടിയന്തര ശസ്ത്രക്രിയ വേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ 16-ാമത് സീസണിന്റെ ആദ്യ മത്സരത്തില്‍ തന്നെ പരുക്കേറ്റ് പുറത്തായ സൂപ്പര്‍ താരം കെയ്ന്‍ വില്യംസണിന് ഈ വര്‍ഷം അവസാനം നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പും നഷ്ടമാകുമെന്നുറപ്പായി. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍. 2023 ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിനിടെയാണ് താരത്തിനു പരുക്കേറ്റത്.

മത്സരത്തില്‍ ആദ്യ ഇന്നിങ്‌സിന്റെ 13-ാം ഓവറില്‍ ജോഷ് ലിറ്റിലിന്റെ പന്തില്‍ ചെന്നൈ ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്‌വാദിന്റെ ഷോട്ടില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് വില്യംസണു പരുക്കേറ്റത്. ഉയര്‍ന്നു ചാടിയുള്ള ഫീല്‍ഡിങ് ശ്രമത്തിനു ശേഷം ലാന്‍ഡിങ്ങിനിടെ കാല്‍മുട്ട് അപകടകരമായ രീതയില്‍ തിരിയുകയായിരുന്നു.

തുടര്‍ന്ന് വേദനകൊണ്ടു പുളഞ്ഞ താരത്തെ മെഡിക്കല്‍ സ്റ്റാഫുകള്‍ തോളിലേറ്റിയാണു കൊണ്ടുപോയത്. പിന്നീട് ഗുജറാത്ത് ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനും താരം ഇറങ്ങിയിരുന്നില്ല. ഇതിനു ശേഷംനടന്ന വിദഗ്ധ പരിശോധനകളിലാണ് പരുക്ക് ഗുരുതരമാണെന്നു വ്യക്തമായത്. പരുക്ക് ഭേദമാകാന്‍ മൂന്നു മാസത്തിലേറെ സമയം വേണ്ടിവരുമെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തുടര്‍ന്ന് താരത്തെ ഈ സീസണില്‍ നിന്ന് ഒഴിവാക്കാന്‍ ടൈറ്റന്‍സ് നിര്‍ബന്ധിതരാകുകയായിരുന്നു.

പിന്നീട് നാട്ടിലേക്കു മടങ്ങിയ വില്യംസണ്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ ചികിത്സയിലാണ്. എന്നാല്‍ പരുക്ക് ഭേദമാകാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം വേണ്ടി വരുമെന്നാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നത്.

താരത്തിന്റെ പരുക്ക് അതീവ ഗുരുതരമാണെന്നും അടിയന്തര ശസ്ത്രക്രിയ വേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതു കഴിഞ്ഞു വിശ്രമമെടുത്ത് ഫിറ്റ്‌നെസ് വീണ്ടെടുത്തു വീണ്ടും കളത്തിലിറങ്ങാന്‍ ചുരുങ്ങിയത് എട്ടു മാസമെങ്കിലും വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതോടെയാണ് താരത്തിന് ഏകദിന ലോകകപ്പ് നഷ്ടമാകുമെന്ന് ഉറപ്പായത്.

logo
The Fourth
www.thefourthnews.in