കെ. ജയറാം; സഹതാരങ്ങൾക്ക് പ്രചോദനം നൽകിയ ക്യാപ്റ്റൻ

കെ. ജയറാം; സഹതാരങ്ങൾക്ക് പ്രചോദനം നൽകിയ ക്യാപ്റ്റൻ

ഇന്ത്യന്‍ ടീം സെലക്ഷന് തൊട്ടരികെ എത്തിയ ആദ്യ കേരള താരമായിരുന്നു ജയറാം

കേരളം കണ്ടതിൽ വച്ച് ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് കെ ജയരാമൻ എന്ന ജയറാം. 1980കളിൽ കേരള ക്രിക്കറ്റിലെ ഒഴിച്ചുകൂടാനാവാത്ത താരം. രഞ്ജി ട്രോഫിയിൽ ഒരു സീസണിൽ നാല് സെഞ്ച്വറി നേടിയ കേരള താരമെന്ന റെക്കോഡ് ഇപ്പോഴും ജയറാമിന്റെ പേരിലാണ്. മികച്ച ഒരു ഓള്‍റൗണ്ടറായിരുന്ന ജയറാം ബൗളിങ്ങിലും ശ്രദ്ധേയ പ്രകടനങ്ങള്‍ കാഴ്ചവച്ച താരമാണ്. എന്നാല്‍ ഇതിനേക്കാളെല്ലാം ശ്രദ്ധ നേടിയത് അദ്ദേഹത്തിന്റെ നേതൃപാടവമായിരുന്നുവെന്ന് ഓര്‍ത്തെടുക്കുകയാണ് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി ഡോ. എന്‍. അജിത് കുമാര്‍.

1981-82 സീസണിലാണ് ജയറാം കേരളാ ടീമിന്റെ ക്യാപ്റ്റനാകുന്നത്. ടീമിന്റെ ക്യാപ്റ്റന്‍സി ജയറാമിന് തന്നെ നല്‍കണമെന്ന് അസോസിയേഷനില്‍ വാദിച്ചത് അജിത് കുമാറായിരുന്നു. കാരണം അജിത് കുമാറിന്റെ ജയറാമിന്റെ നായക പാടവം അറിയാമായിരുന്നു. ജയറാമിനു കീഴില്‍ കോളജ് ടീമില്‍ കളിച്ചിട്ടുള്ള അനുഭവമാണ് അജിത് കുമാര്‍ ഓര്‍മിക്കുന്നത്.

''എറണാകുളം മഹാരാജാസ് കോളേജിൽ പഠിക്കുമ്പോഴാണ് ജയറാമിനെ ഞാൻ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ഞങ്ങൾ ഇക്കണോമിക്സ് ഡിപ്പാ‍ർട്ട്മെന്റായിരുന്നു. കോളേജിൽ ജയറാം എന്റെ സീനിയറായിരുന്നു. മഹാരാജാസിൽ 1974-77 ബാച്ചായിരുന്നു ജയറാം. അന്ന് ഞാൻ പ്രീഡി​ഗ്രീ വിദ്യാര്‍ഥിയായിരുന്നു. അപ്പോൾ തന്നെ ഞാൻ കോളേജ് ടീമിൽ കയറിയിരുന്നു. അന്ന് കോളേജ് ടീമിലെ പ്രധാനപ്പെട്ട കളിക്കാരനായിരുന്നു ജയറാം. നാല് വർഷം ഞങ്ങൾ മഹാരാജാസിന് വേണ്ടി ഒരുമിച്ച് കളിച്ചിരുന്നു.

പിന്നെ അദ്ദേഹം ടീമിന്റെ ക്യാപ്റ്റനായി മാറി. എന്റെ ഒന്നും രണ്ടും വർഷ ഡി​ഗ്രി പഠനകാലയളവിലാണ് ജയറാമിന്റെ ക്യാപ്റ്റൻസിയിൽ കളിക്കാനുളള ഭാ​ഗ്യമെനിക്ക് ഉണ്ടായത്. രണ്ട് കൊല്ലം ജയറാമിന്റെ ക്യാപ്റ്റൻസിയിലായിരുന്നു ഞാൻ കളിച്ചിരുന്നത്. ഒരു വ്യക്തി എന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും വളരെ ശ്രദ്ധേയമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു ജയറാം. ടീമിലെ മറ്റ് അം​ഗങ്ങൾക്ക് വളരെ പ്രചോദനമായിരുന്നു. പിന്നീട് ഞാന്‍ കേരളാ ക്രിക്കറ്റ് അസോസിയേഷനില്‍ എത്തിയപ്പോള്‍ ജയറാമിനെ ക്യാപ്റ്റനാക്കണമെന്ന് വളരെയധികം വാദിച്ചവരിൽ ഒരാളാണ് ഞാൻ. കാരണം അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് എനിക്ക് നന്നായി അറിയാമായിരുന്നു.

1985-86 സീസണാണ് ജയറാമിനെ ക്രിക്കറ്റ് ലോകത്ത് പ്രശസ്തനാക്കിയത്. അഞ്ച് മത്സരങ്ങളില്‍ നാല് സെഞ്ചുറിയുമായാണ് ജയറാം അന്ന് തിളങ്ങിയത്. ആദ്യ മത്സരത്തില്‍ ഗോവയ്‌ക്കെതിരേ 125 നോട്ടൗട്ട്‌, രണ്ടാം മത്സരത്തില്‍ ഹൈദരാബാദിനെതിരേ ആദ്യ ഇന്നിങ്‌സില്‍ 133, മൂന്നാം മത്സരത്തില്‍ ആന്ധ്രയ്‌ക്കെതിരേ 144, കര്‍ണാടയ്‌ക്കെതിരേ 105. അങ്ങനെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന കേരള താരമായി.തമിഴ്നാടിനെതിരയുളള കളിയുടെ രണ്ടാം ഇന്നിം​ഗ്സിൽ 31 റൺസ് എടുത്ത് നിൽക്കവെ അദ്ദേഹം റൺ ഔട്ടാവുകയായിരുന്നു. അല്ലെങ്കിൽ ഉറപ്പായും അഞ്ചാമത്തെ സെഞ്ചുറി സംഭവിക്കുമായിരുന്നു.

ഇന്ത്യന്‍ ടീം സെലക്ഷന് തൊട്ടരികെ എത്തിയ ആദ്യ കേരള താരമായിരുന്നു ജയറാം. അദ്ദേഹത്തിന്റെ കരിയറിനെ കുറിച്ച് ഓർക്കുമ്പോൾ വളരെയധികം സന്തോഷമുണ്ട്, ഒപ്പം വ്യസനവും. ഇന്നായിരുന്നെങ്കിൽ അദ്ദേഹം ഉറപ്പായും ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുമായിരുന്നു. കാരണം അത്രമാത്രം ക്ലാസിക് പ്ലെയർ ആയിരുന്നു ജയറാം. മികച്ച ഒരു ഓൾ റൗണ്ടറായിരുന്നു. ബോളിങും വളരെ നന്നായി ചെയ്യുമായിരുന്നു അദ്ദേഹം.

ഞാൻ കെസിഎയുടെ സെക്രട്ടറിയായിരിക്കുന്ന കാലത്ത് കേരള സംസ്ഥാന രഞ്ജി ടീമിന്റെ അണ്ടർ 25, അണ്ടർ 22 ടീമുകളുടെ സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാൻ പദവിയിലും അദ്ദേഹം എത്തിയിരുന്നു. പിന്നാലെ ദേശീയ ജൂനിയർ സെലക്ഷന്‍ കമ്മിറ്റിയിലും അദ്ദേഹം അം​ഗമായിരുന്നു. ഒടുവിൽ, ബിസിസിഐ മാച്ച് റഫറിയാകാനുളള ഭാ​ഗ്യവും അദ്ദേഹത്തിനുണ്ടായി. ആറ് ലിസ്റ്റ് എ മത്സരങ്ങളും രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും നിയന്ത്രിക്കാനായി. ഞാൻ അസോസിയേഷൻ വിട്ടതിനു ശേഷവും ജയറാമുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കാൻ സാധിച്ചിരുന്നു.

logo
The Fourth
www.thefourthnews.in