ഐ എം വിജയൻ
ഐ എം വിജയൻ

വിജയാ, ഇതാണ് വിധിയുടെ ഫ്രീകിക്ക്

ഐ എം വിജയൻ അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്റെ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത് കാവ്യനീതിയോ...?

പത്തിരുപത്തഞ്ചു വര്‍ഷം മുന്‍പാണ്. കാലത്ത് ഐ എം വിജയന്റെ ഫോണ്‍: ``രവിയേട്ടാ, ഉച്ചക്ക് മുന്‍പ് ഞാനങ്ങോട്ട് വരുന്നുണ്ട്. ഒരു അര്‍ജന്റ് കാര്യത്തിനാണ്. ങ്ങള് സ്ഥലം വിടരുത്....''

പറഞ്ഞപോലെ കൃത്യ സമയത്ത് വിജയന്‍ വന്നു. പതിവ് പരിവാരങ്ങളൊന്നുമില്ല കൂടെ. ഒറ്റയ്ക്കാണ്. കയ്യിലെ നീണ്ട കവര്‍ നീട്ടി സ്വതഃസിദ്ധമായ നര്‍മ്മബോധത്തോടെ വിജയന്‍ പറയുന്നു: ``മ്മക്ക് ഇതിനൊരു മറുപടി കൊടുക്കണം രവിയേട്ടാ. ഇംഗ്‌ളീഷില്‍ തന്നെ വേണം. ഇല്ലെങ്കില്‍ അവര്‍ വിചാരിക്കും ഞാനല്ല എഴുതീത് എന്ന്.'' ആ ട്രേഡ് മാര്‍ക്ക് പൊട്ടിച്ചിരി പിന്നാലെ.

കവര്‍ തുറന്നുനോക്കിയപ്പോള്‍ ഉള്ളില്‍ അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്റെ ലെറ്റര്‍ ഹെഡിലുള്ള ഒരു വാറോല. ``കഴിഞ്ഞ മാസം ഇത്രാം തീയതി കണ്ണൂരില്‍ ഒരു സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ താങ്കള്‍ കളിക്കാരനെന്ന നിലക്ക് പങ്കെടുത്തതായി രേഖാമൂലമുള്ള തെളിവ് ലഭിച്ചിരിക്കുന്നു. ഫെഡറേഷന്‍ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് അതെന്ന്, വര്‍ഷങ്ങളായി ദേശീയ ടീമിന് കളിച്ചുവരുന്ന താങ്കളെ പറഞ്ഞു ബോധ്യപ്പെടുത്തണ്ട കാര്യമില്ലല്ലോ. ഇതിന്റെ പേരില്‍ താങ്കള്‍ക്കെതിരെ ശിക്ഷാനടപടി കൈക്കൊള്ളാതിരിക്കാന്‍ വല്ല കാരണവും ഉണ്ടെങ്കില്‍ ഈ കത്ത് കൈപ്പറ്റി നാല് ദിവസത്തിനകം അത് ബോധിപ്പിച്ചു കൊള്ളേണ്ടതാകുന്നു.'' -- ഇതാണ് ഇംഗ്‌ളീഷിലുള്ള നോട്ടീസിന്റെ രത്‌നച്ചുരുക്കം. അടിയില്‍ പേരെഴുതി ഒപ്പിട്ടിരിക്കുന്നത് എഐഎഫ്എഫ് അച്ചടക്ക സമിതി അധ്യക്ഷന്‍.

ഐ എം വിജയൻ
ഐ എം വിജയൻ

അപ്പോള്‍, സംഭവം സീരിയസ്സാണ്. സെവന്‍സിനെതിരെ ദേശീയ -- സംസ്ഥാന ഫുട്ബാള്‍ സംഘടനകള്‍ ഒന്നടങ്കം കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന കാലം. കളിക്കാരുടെ ശാരീരിക ക്ഷമതയും അച്ചടക്കബോധവും സ്റ്റാമിനയും നശിപ്പിച്ചുകളയും സെവന്‍സ് എന്നായിരുന്നു അവരുടെ കാഴ്ച്ചപ്പാട്. നാട്ടിലങ്ങോളമിങ്ങോളം ഇത്തരം ``അനധികൃത'' ടൂര്‍ണമെന്റുകള്‍ നടത്തി പലരും ലക്ഷങ്ങള്‍ കൊയ്യുന്നതിന്റെ കെറുവ് വേറെ. ഫെഡറേഷനും സംസ്ഥാന അസോസിയേഷനുകളും കൊട്ടിഘോഷിച്ചു നടത്തുന്ന അംഗീകൃത ``ലെവന്‍സ്'' ടൂര്‍ണമെന്റുകള്‍ കാണികളെ ആകര്‍ഷിക്കാനാവാതെ ഊര്‍ദ്ധശ്വാസം വലിക്കുന്ന സാഹചര്യത്തിലാണ് സെവന്‍സുകാരുടെ ആനമയിലൊട്ടകം കളി. തങ്ങള്‍ക്ക് കിട്ടേണ്ട കാശ് മറ്റു വല്ലവന്റെയും കീശയിലേക്ക് ഒഴുകുന്നത് എങ്ങനെ സഹിക്കാനാകും, നിസ്വാര്‍ത്ഥമതികളും നിഷ്‌കാമകര്‍മ്മികളുമായ ഫുട്ബാള്‍ മേധാവികള്‍ക്ക്? ``അപ്പൊ, നീ ശരിക്കും സെവന്‍സ് കളിച്ചോ?''-- എന്റെ ചോദ്യം. ``ദെന്തൊരു ചോദ്യാ രവിയേട്ടാ... ഒന്നും അറിയാത്ത പോലെ'' -- ചിരിച്ചുകൊണ്ട് വിജയന്റെ മറുപടി. ``മ്മള് ഇത് പാത്തും പതുങ്ങിയും ചെയ്യണ കാര്യം അല്ലല്ലോ. നാട്ടുകാര്‍ക്ക് മൊത്തം അറിയാം. ചെലപ്പോ പേപ്പറിലും വരും...'' ശരിയാണ്. തിരക്കു പിടിച്ച ദേശീയ--അന്തര്‍ദേശീയ--ക്ലബ് ഷെഡ്യൂളിനിടക്ക് നാട്ടിലെത്തുമ്പോള്‍ അപൂര്‍വമായി സെവന്‍സ് കളിക്കാന്‍ പോകാറുണ്ട് വിജയന്‍; പലപ്പോഴും അടുത്ത കൂട്ടുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി.

പത്തു പതിനഞ്ചു മിനുട്ട് ഒന്ന് ഇറങ്ങിക്കയറിയാല്‍ മതി എന്ന് പറഞ്ഞാണ് പലരും വിളിച്ചുകൊണ്ടുപോകുക. മിക്ക ഇന്റര്‍നാഷണല്‍ താരങ്ങളും അങ്ങനെ ഷോപീസുകളായി സെവന്‍സില്‍ വന്നു കളിച്ചുപോകാറുണ്ട്. സാമാന്യം ഭേദപ്പെട്ട പ്രതിഫലവും കിട്ടും. ഇന്നത്തെ പോലെ ഫുട്ബാള്‍ അത്രവലിയ പണക്കൊഴുപ്പുള്ള കളിയൊന്നുമല്ല അന്ന്. കൊല്‍ക്കത്ത ടീമുകള്‍ക്ക് കളിച്ചാല്‍ പോലും കിട്ടുന്ന വരുമാനത്തിന് പരിധിയുണ്ട്. സ്വന്തമായി കിടപ്പാടം ഉണ്ടാക്കാനും ജീവിതം കരുപ്പിടിപ്പിക്കാനുമുള്ള പങ്കപ്പാടിലാണ് അന്ന് വിജയന്‍. ആ ലക്ഷ്യം കൂടിയുണ്ട് സെവന്‍സുകാരുടെ ക്ഷണം സ്വീകരിക്കുന്നതിന് പിന്നില്‍.

``നമ്മള്‍ അവിഹിതമായി ഉണ്ടാക്കുന്ന പണമൊന്നുമല്ലല്ലോ ? ഗ്രൗണ്ടില്‍ വിയര്‍പ്പൊഴുക്കിയിട്ടല്ലേ?''-- വിജയന്റെ ചോദ്യം. കളിയുടെ ക്യാന്‍വാസില്‍ മാത്രമേ ഉള്ളൂ മാറ്റം; കളിക്കാരുടെ എണ്ണത്തിലും. ഷോക്കോസ് നോട്ടീസിന് മറുപടി കൊടുക്കും മുന്‍പ് അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്റെ സെക്രട്ടറി ആയ പി പി ലക്ഷ്മണനെ ഒന്ന് വിളിച്ചു നേരിട്ട് സംസാരിച്ചാല്‍ നന്നാകുമെന്ന് തോന്നി എനിക്ക്. അടുത്ത സൗഹൃദമുണ്ട് അദ്ദേഹവുമായി. കാര്യം പറഞ്ഞാല്‍ മനസ്സിലാകുന്ന ആളാണ്. വിജയന്റെ മുന്നില്‍ വെച്ചുതന്നെ ലാന്‍ഡ് ഫോണില്‍ വിളിച്ചപ്പോള്‍ ലക്ഷ്മണേട്ടന്‍ ചിരിച്ചു: ``ഞാന്‍ പറഞ്ഞിട്ടാണ് നോട്ടീസയച്ചത്. ഓനോട് ദേഷ്യം ണ്ടായിട്ടൊന്നും അല്ല. പക്ഷേ ഒരു ഡിസിപ്ലിന്‍ വേണ്ടേ? പുതിയ കുട്ട്യോള്‍ക്ക് മാതൃക ആവേണ്ട ആളാ. ഓന്‍ തന്നെ ഇങ്ങനെ പുറപ്പെട്ടാല്‍ നമ്മളിപ്പോ എന്താ ചെയ്യുക?'' വിജയനോട് വാത്സല്യമുള്ള ആളാണ് പി പി ലക്ഷ്മണന്‍. മാത്രമല്ല, കൊല്‍ക്കത്ത ലോബിയുടെ എതിപ്പുകളും പാരകളും അതിജീവിച്ച് മലയാളി താരങ്ങളെ ദേശീയ ടീമില്‍ നിലനിര്‍ത്താന്‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങള്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു താനും. ``വിജയനെതിരെ നടപടിയെടുക്കാന്‍ ഫെഡറേഷനിലെ ചില ഗ്രൂപ്പുകളില്‍ നിന്ന് കാര്യമായ സമ്മര്‍ദ്ദം ഉണ്ട്. അതിന് വഴങ്ങിക്കൊടുത്താല്‍ കുറച്ചു കാലത്തേക്ക് ഓനെ സസ്പെന്‍ഡ് ചെയ്യേണ്ടി വരും.''-- ലക്ഷ്മണേട്ടന്‍ പറഞ്ഞു.

``തല്‍ക്കാലം ഓനോട് നിങ്ങള്‍ ഒരു കാര്യം പറയ്. വിശദീകരണം എഴുതി അയക്കുമ്പോ, ചെയ്ത കാര്യം ന്യായീകരിക്കാന്‍ നിക്കേണ്ട. എന്തായാലും കളിച്ചതല്ലേ? തെറ്റ് മനസ്സിലായി, മാപ്പാക്കണം എന്നെഴുതിയാല്‍ മതി. അതാണ് സേഫ്. ബാക്കി കാര്യം ഞാന്‍ നോക്കിക്കൊള്ളാം...'' വിജയന് കാര്യം എളുപ്പം പിടികിട്ടി. ``രവിയേട്ടാ, ങ്ങള് വേണ്ടപോലെ എഴുതിയാല്‍ മതി. സസ്പെന്‍ഷന്‍ ഒഴിവാക്കിക്കിട്ടിയാല്‍ സന്തോഷം.''-- വിജയന്‍ പറഞ്ഞു.

ഒരു നിബന്ധനയേ ഉണ്ടായിരുന്നുള്ളു അവന്. ``എഴുത്ത് കലക്കണം. വായിച്ചിട്ട് അവര്‍ ഞെട്ടണം.'' വിജയന്റെ ആഗ്രഹപ്രകാരം കഴിയുന്നത്ര ``കാവ്യാത്മക''മായിത്തന്നെ എന്റെ ദൗത്യം നിര്‍വഹിച്ചു ഞാന്‍. കാരണംകാണിക്കല്‍ നോട്ടീസിനുള്ള മറുപടിയായി ഇംഗ്ലീഷ് കവിത അയച്ചുകിട്ടുന്നത് നടാടെയായിരിക്കും ലക്ഷ്മണേട്ടന്റെ സംഘാടക ജീവിതത്തില്‍. ``അതെഴുതിയത് ആരെന്ന് എനിക്ക് മനസ്സിലായി.''-- വിശദീകരണം കൈപ്പറ്റിയ വിവരം അറിയിക്കാന്‍ മൂന്ന് ദിവസം കഴിഞ്ഞു വിളിച്ച ലക്ഷ്മണേട്ടന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ``എന്തായാലും ഇത്തവണ മാപ്പാക്കാം. ഇനി ആവര്‍ത്തിക്കരുതെന്ന് ഓനെ പറഞ്ഞു മനസ്സിലാക്കണം..'' വര്‍ഷങ്ങള്‍ക്കിപ്പുറം വിജയന്‍ അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്റെ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ആയി നിയമിക്കപ്പെട്ട സന്തോഷ വാര്‍ത്തയറിഞ്ഞപ്പോള്‍ ആ പഴയ നോട്ടീസും മറുപടിയും ഓര്‍മ്മയില്‍ തെളിഞ്ഞു വീണ്ടും; ഇംഗ്‌ളീഷിലേ എഴുതാവൂ എന്ന വിജയന്റെ നിര്‍ബന്ധവും.

സ്ഥാനലബ്ധിയില്‍ അഭിനന്ദനം അറിയിക്കാന്‍ വിളിച്ചപ്പോള്‍ അക്കഥ ഓര്‍ത്തോര്‍ത്തു ചിരിച്ചു ഞങ്ങള്‍. ``ഓരോ കാലം, അല്ലേ രവിയേട്ടാ. അന്ന് അങ്ങനെയൊക്കെ നടന്നു എന്ന് ഇന്ന് വിശ്വസിക്കാന്‍ പ്രയാസം.''-- വിജയന്‍ പറഞ്ഞു. ``പാവം ലക്ഷ്മണേട്ടന്‍. മൂപ്പരും പോയില്ലേ..''

logo
The Fourth
www.thefourthnews.in