ഗോദ വിട്ടുള്ള ഗുസ്തിയില്‍ ചുവട് തെറ്റുമ്പോള്‍

ഗോദ വിട്ടുള്ള ഗുസ്തിയില്‍ ചുവട് തെറ്റുമ്പോള്‍

ഈ വര്‍ഷം ന്യൂഡല്‍ഹിയില്‍ നടക്കേണ്ടിയിരുന്ന ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പ് വേദി മാറ്റുമെന്ന് ലോക ഗുസ്തി സംഘടന ഏപ്രില്‍ 28 ന് അറിയിച്ചിരുന്നുവെന്ന് അറിയുമ്പോള്‍ സസ്‌പെന്‍ഷന്‍ തീരുമാനത്തില്‍ അത്ഭുതമില്ല.

ലോക ഗുസ്തി ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ ട്രയല്‍സ് ഇന്നലെയും ഇന്നുമായി പട്യാലയയില്‍ നിശ്ചയിച്ചിരിക്കെയാണ് ബുധനാഴ്ച രാത്രി റസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ്ങിന്റെ തീരുമാനം വന്നത്. ഈ വര്‍ഷം ന്യൂഡല്‍ഹിയില്‍ നടക്കേണ്ടിയിരുന്ന ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പ് അവിടുന്നു മാറ്റുന്നുവെന്ന് ലോക ഗുസ്തി സംഘടന ഏപ്രില്‍ 28 ന് കത്തയച്ചിരുന്നുവെന്ന് ഓര്‍ക്കുമ്പോള്‍ സസ്‌പെന്‍ഷന്‍ തീരുമാനത്തില്‍ അത്ഭുതമില്ല. ഏപ്രിലില്‍ അയച്ച കത്തിന്റെ പകര്‍പ്പ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനു മാത്രമല്ല, കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയത്തിനും അയച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. വരാനിരിക്കുന്നതിന്റെ സൂചനയായിരുന്നു അത്.

സ്‌പോര്‍ട്‌സ് സംസ്‌കാരം നിലനില്‍ക്കുമ്പോള്‍ നടത്തിപ്പുകാരുടെ തമ്മിലടി രാജ്യത്തിന്റെ കായിക സംസ്‌കാരത്തെ മലീമസമാക്കാതെ നോക്കേണ്ടത് അത്യാവശ്യമാണ്

വനിതാ ഗുസ്തി താരങ്ങള്‍ ഉയര്‍ത്തിയ ലൈംഗികാതിക്രമ പരാതിയില്‍, ആരോപണവിധേയനായ റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷന്‍ ശരന്‍ സിങ്ങിന്റെ ഒരു വ്യാഴവട്ടം നീണ്ട ഏകാധിപത്യ ഭരണം അവസാനിച്ച് മേയ് ഏഴിന് തിരഞ്ഞെടുപ്പ് നടത്തേണ്ടതായിരുന്നു. ഫെഡറേഷന്‍ പിരിച്ചുവിട്ട് താല്‍ക്കാലിക സമിതിക്ക് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ചുമതല നല്‍കിയത് ഏപ്രില്‍ 27നായിരുന്നു. അതു സ്വീകരിച്ച ലോക സംഘടന 45 ദിവസത്തിനുള്ളില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കണമെന്നു മുന്നറിയിപ്പു നല്‍കിയിരുന്നു.

ഹൈക്കോടതി റിട്ട. ജഡ്ജി മുഹഷ് മിറ്റല്‍ കുമാര്‍ റിട്ടേണിങ് ഓഫിസര്‍ ആയി നിയമിക്കപ്പെട്ടു. ജൂലൈ 11 നു നടത്താന്‍ ആലോചിച്ച തിരഞ്ഞെടുപ്പ് വിവിധ സംസ്ഥാന ഘടകങ്ങള്‍ കോടതിയില്‍ എത്തിയതോടെ ഓഗസ്റ്റ് 12 ലേക്കു മാറ്റി. ഒടുവില്‍ ഹരിയാന സംസ്ഥാന അസോസിയേഷന്‍ കോടതി ഉത്തരവിലൂടെ അതും മാറ്റിയെടുത്തു. തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീണ്ടതോടെ ലോക സംഘടന സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ചു. ഭരണം താല്‍ക്കാലിക സമിതിയുടെ കൈകളിലായതിനാല്‍ താരങ്ങളെ ബാധിക്കില്ല. ലോക ചാംപ്യന്‍ഷിപ്പില്‍ സ്വതന്ത്ര താരങ്ങളായി മത്സരിക്കണമെങ്കിലും ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ സംഘാംഗങ്ങള്‍ തന്നെയായി ഗോദയില്‍ ഇറങ്ങാം.

പക്ഷേ, കഴിഞ്ഞ നാല് ഒളിംപിക്‌സില്‍ തുടര്‍ച്ചയായി ഇന്ത്യക്കു മെഡല്‍ നേടിത്തന്ന ഏക ഇനമാണ് ഗുസ്തി എന്ന് ഓര്‍ക്കണം. ഏഷ്യന്‍ ഗെയിംസിന് ബജ്‌റങ് പൂനിയയ്ക്കും വിനേഷ് ഫോഗട്ടിനും ട്രയല്‍സ് ഇല്ലാതെ എന്‍ട്രി നല്‍കി വിവാദത്തിലായ താല്‍ക്കാലിക സമിതി ഇനിയുള്ള നീക്കങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിക്കണം.

ലോക ചാംപ്യന്‍ഷിപ്പില്‍ സ്വതന്ത്ര താരങ്ങളായി മത്സരിക്കണമെങ്കിലും ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ സംഘാംഗങ്ങള്‍ തന്നെയായി ഗോദയില്‍ ഇറങ്ങാം

സ്‌പോര്‍ട്‌സ് മാത്രം നോക്കാന്‍ നമുക്ക് കോടതിയില്ല. നമ്മുടെ കോടതികള്‍ പരാതിക്കാരും എതിര്‍ കക്ഷികളുമായ ഫെഡറേഷന്‍ ഭാരവാഹികളുടെ വാദം കേട്ട് വിധി പറയുകയാണു പതിവ്. പലപ്പോഴും ലോക സംഘടനയുടെ മുന്നറിയിപ്പ് കോടതിയുടെ ശ്രദ്ധയില്‍ ആരും പെടുത്താറില്ല. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനിലെ പ്രശ്‌ന പരിഹാരം വ്യവഹാരത്തിലൂടെ നീണ്ടപ്പോള്‍ ഫിഫ എ ഐ.എഫ്.എഫിനെ സസ്‌പെന്‍ഡ് ചെയ്തു. ഒടുവില്‍ അണ്ടര്‍ 17 വനിതാ ലോക കപ്പ് ഫുട്‌ബോള്‍ ആതിഥേയത്വം ഇന്ത്യക്കു നഷ്ടമാകും എന്ന് കോടതിയെ അറിയിച്ചാണ് നടപടികള്‍ അവസാനിപ്പിച്ചതും സസ്‌പെന്‍ഷന്‍ പിന്‍വലിപ്പിച്ചതും. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇടപെട്ടാണ് അണ്ടര്‍ 17 ലോക കപ്പ് വേദി നഷ്ടപ്പെടാതെ രക്ഷിച്ചത്. ഗുസ്തിയുടെ കാര്യത്തില്‍ ഉടനെ പ്രശ്‌നങ്ങളൊന്നുമില്ല എന്ന് ആശ്വസിക്കാം.

പക്ഷേ, ദേശീയ സംഘടനകളുടെ സസ്‌പെന്‍ഷന്‍ ലോക കായികവേദിയില്‍ രാജ്യത്തിന് ഉണ്ടാക്കുന്ന നാണക്കേട് ചില്ലറയല്ല. അഭയാര്‍ഥി ടീമിനെ വരെ മത്സരിപ്പിക്കുന്ന പാരമ്പര്യമാണ് രാജ്യാന്തര ഒളിംപിക് സമിതിയുടേത്. അത്തരം സ്‌പോര്‍ട്‌സ് സംസ്‌കാരം നിലനില്‍ക്കുമ്പോള്‍ നടത്തിപ്പുകാരുടെ തമ്മിലടി രാജ്യത്തിന്റെ കായിക സംസ്‌കാരത്തെ മലീമസമാക്കാതെ നോക്കേണ്ടത് അത്യാവശ്യമാണ്. രാഷ്ട്രീയം നമ്മുടെ കായിക സംഘടനകളില്‍ പിടിമുറുക്കിയിരിക്കെ ഇത് എത്രത്തോളം സാധ്യമാകുമെന്ന ചോദ്യം അവശേഷിക്കുന്നു. എന്തായാലും താരങ്ങള്‍ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസ് ലക്ഷ്യമാക്കി പരിശീലനം തുടരുക. ഗോദയ്ക്കു പുറത്തെ ഗുസ്തി തല്‍ക്കാലം ശ്രദ്ധിക്കേണ്ട.

logo
The Fourth
www.thefourthnews.in