ചെന്നൈയുടെ ഹൃദയംകവർന്ന 'തല'; ക്യാപ്റ്റൻ കൂളിനെ തന്ത്രശാലിയെന്ന് വാഴ്ത്തി സ്റ്റാലിൻ

ചെന്നൈയുടെ ഹൃദയംകവർന്ന 'തല'; ക്യാപ്റ്റൻ കൂളിനെ തന്ത്രശാലിയെന്ന് വാഴ്ത്തി സ്റ്റാലിൻ

മഹേന്ദ്ര സിങ് ധോണി എന്ന നായകന്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ നിര്‍ണായക സാന്നിധ്യമായി മാറിയിട്ട് വര്‍ഷങ്ങളായി

അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിച്ച ഒരാൾ വര്‍ഷങ്ങള്‍ക്കിപ്പുറവും ക്രിക്കറ്റിലെ നിര്‍ണായക ഘടകമായി തുടരുക, എല്ലാവര്‍ക്കും സാധ്യമായ കാര്യമല്ല ഇത്. മഹേന്ദ്ര സിങ് ധോണി എന്ന നായകന്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ നിര്‍ണായക സാന്നിധ്യമായി മാറിയിട്ട് വര്‍ഷങ്ങളായി. നായകനായും വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായും അദ്ദേഹം ആ മഞ്ഞക്കുപ്പായത്തില്‍ നിറഞ്ഞാടുകയായിരുന്നു. ഐപിഎല്‍ ഫൈനലില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സംപൂജ്യനായി പുറത്തായിട്ടും ഒരൊറ്റ സ്റ്റമ്പിങ്ങിലൂടെ അദ്ദേഹം ചെന്നൈയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക സാന്നിധ്യമായി.

നായകനായും വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായും അദ്ദേഹം ആ മഞ്ഞക്കുപ്പായത്തില്‍ നിറഞ്ഞാടുകയായിരുന്നു

ശുഭ്മാന്‍ ഗില്ലിനെ സ്റ്റമ്പ് ചെയ്യുന്നതില്‍ ധോണി ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ കളിയാകെ മാറിയേനെയെന്നാണ് ആരാധകര്‍ പറയുന്നത്. തലയുടെ നേതൃത്വപാടവത്തിന്റെ മികവില്‍ എത്ര വലിയ എതിരാളിയെയും കീഴടക്കാന്‍ ചെന്നൈ സജ്ജരാണെന്ന് മറ്റു ചിലര്‍. അങ്ങനെ ചെന്നൈ വിജയത്തിന്റെ ക്രെഡിറ്റ് ധോണിയില്‍ ഏല്‍പ്പിക്കുന്ന ഒരാളാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റലിന്‍. ഐപിഎല്‍ കിരീട നേട്ടത്തില്‍ ധോണിയെ പ്രശംസിച്ചുകൊണ്ടാണ് സ്റ്റാലിന്റെ ട്വീറ്റ്.

''ഏത് സാഹചര്യത്തിലും വ്യക്തമായ തന്ത്രമുള്ള നായകന്റെ കീഴില്‍ അഞ്ചാം കിരീടം നേടിയ മഞ്ഞപ്പടയ്ക്ക് അഭിനന്ദനങ്ങള്‍,'' ധോണിയെ ടാഗ് ചെയ്തുകൊണ്ട് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. സമ്മര്‍ദങ്ങള്‍ മറികടന്ന് ചെന്നൈയെ ചരിത്ര വിജയത്തിലേക്ക് നയിച്ച രവീന്ദ്ര ജഡേജയെയും അദ്ദേഹം അഭിനന്ദിച്ചു.

തമിഴ്നാടിന് പുറത്തുനിന്ന് എത്തി ചെന്നൈയുടെ ഹൃദയം കവർന്ന 'തലകൾ' രണ്ടാണ്, സൂപ്പർ സ്റ്റാർ രജനീകാന്തും ധോണിയും. ഏപ്രില്‍ 30ന് ചെപ്പോക്കില്‍ നടന്ന ചെന്നൈ-പഞ്ചാബ് മത്സരത്തില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ചെന്നൈയുടെ 'തല'യെ മൈതാനം സ്വീകരിച്ചത് രജനികാന്തിന്റെ തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രമായ 'ബാഷ'യിലെ ഗാനത്തിന്റെ അകമ്പടിയോടുകൂടിയായിരുന്നു. തമിഴിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ഗാനമല്ലാതെ മറ്റൊന്നും ക്രിക്കറ്റ് സൂപ്പര്‍ സ്റ്റാറായ ധോണിയെ വരവേല്‍ക്കാനില്ലെന്നായിരുന്നു ആരാധകർ വാഴ്ത്തിയത്.

ധോണിയില്ലാതെ ചെന്നൈ സൂപ്പർകിങ്സോ, ചെന്നൈ സൂപ്പർ കിങ്സില്ലാതെ ധോണിയോ ഇല്ലെന്ന് ടീം ഉടമയായ എൻ ശ്രീനിവാസനും ഒരിക്കല്‍ പറഞ്ഞിരുന്നു

1995ല്‍ പുറത്തിറങ്ങിയ ബാഷ രജനികാന്തിന്റെ കരിയറില്‍ വലിയ നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു. തമിഴകം ആരാധനയോടെ രജനിയെ നെഞ്ചിലേറ്റിയതും 'തല'യായി വാഴ്ത്തിയതും ഈ ചിത്രത്തോടെയായിരുന്നു. . അങ്ങനെയെങ്കില്‍, രജനി ചുവടുവച്ച ബാഷയിലെ ഗാനമല്ലാതെ മറ്റേത് വേണം ധോണിയെ വരവേല്‍ക്കാൻ.

ധോണിയില്ലാതെ ചെന്നൈ സൂപ്പർകിങ്സോ, ചെന്നൈ സൂപ്പർ കിങ്സില്ലാതെ ധോണിയോ ഇല്ലെന്ന് ടീം ഉടമയായ എൻ ശ്രീനിവാസനും ഒരിക്കല്‍ പറഞ്ഞിരുന്നു. ധോണിയെ അത്രകണ്ട് ചെന്നൈ ഹൃദയത്തിലേറ്റിയെന്ന് ചുരുക്കം.

logo
The Fourth
www.thefourthnews.in