സൂറിച്ച് ഡയമണ്ട് ലീഗ്; നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം, ലോങ്ജംപിൽ ശ്രീശങ്കർ അഞ്ചാം സ്ഥാനത്ത്

സൂറിച്ച് ഡയമണ്ട് ലീഗ്; നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം, ലോങ്ജംപിൽ ശ്രീശങ്കർ അഞ്ചാം സ്ഥാനത്ത്

അവസാന റൗണ്ടിൽ 85.71 മീറ്റർ എറിഞ്ഞാണ് താരം രണ്ടാം സ്ഥാനത്തെത്തിയത്.

സൂറിച്ചിൽ നടന്ന പുരുഷന്മാരുടെ ജാവലിൽ ത്രോയിൽ ലോക ചാമ്പ്യനും ഒളിംപിക് സ്വർണ മെഡൽ ജേതാവുമായ നീരജ് ചോപ്ര രണ്ടാം സ്ഥാനത്തെത്തി. അവസാന റൗണ്ടിൽ 85.71 മീറ്റർ എറിഞ്ഞാണ് താരം രണ്ടാം സ്ഥാനത്തെത്തിയത്. ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്‌ലെച്ചിനാണ് (85.86 മീറ്റർ) ഒന്നാംസ്ഥാനം. 15 സെന്റിമീറ്ററിന്റെ വ്യത്യാസത്തിലാണ് നീരജിന് ഒന്നാംസ്ഥാനം നഷ്ടമായത്. ജർമനിയുടെ ജൂലിയൻ വെബർ 85.04 മീറ്റർ എറിഞ്ഞ് മൂന്നാംസ്ഥാനത്തെത്തി.

ലോക ചാംപ്യൻഷിപ്പിലെ സ്വർണനേട്ടത്തിന് ശേഷമുള്ള നീരജ് ചോപ്രയുടെ ആദ്യ മത്സരമാണിത്. ആദ്യ ശ്രമത്തിൽ തന്നെ 80.79 മീറ്റർ എറിഞ്ഞാണ് ചോപ്ര തുടങ്ങിയത്. രണ്ടാമത്തെയും മൂന്നാമത്തെയും ശ്രമങ്ങൾ ഫൗൾ ആയതോടെ ചോപ്ര അഞ്ചാം സ്ഥാനത്തേക്കെത്തി. മൂന്ന് അവസരങ്ങൾ ഫൗളായപ്പോൾ 85 മീറ്റർ കടന്നത് രണ്ട് ത്രോകൾ മാത്രമാണ്. നാലാം ശ്രമത്തിൽ 85.22 മീറ്റർ എറിഞ്ഞാണ് സ്റ്റാൻഡിങിൽ തിരിച്ചെത്തിയത്. ഇതോടെ, മൂന്ന് മീറ്റുകളിൽ നിന്ന് 23 പോയിന്റുമായി സെപ്റ്റംബർ 17 ന് അമേരിക്കയിലെ യൂജിനിൽ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിലേക്ക് ചോപ്ര യോഗ്യത നേടി. കഴിഞ്ഞ വർഷം ഡയമണ്ട് ലീഗ് ട്രോഫി നേടിയിരുന്നു.

80.79 മീറ്റർ എറിഞ്ഞ് ചോപ്ര മത്സരം തുടങ്ങിയപ്പോൾ, 81.62 മീറ്റ‍ർ എറിഞ്ഞ് ലിത്വാനിയയുടെ എഡിസ് മാറ്റുസെവിസിയസ് മുന്നിലെത്തി. രണ്ടാം ശ്രമത്തിൽ ജാക്കൂബ് വാഡ്‌ലെച്ച് 83.46 മീറ്റ‍ർ എറിഞ്ഞു. രണ്ടാം ശ്രമവും ഫൗൾ ആയതിനാൽ നീരജ് മൂന്നാം സ്ഥാനത്ത് തുട‍ർന്നു. പിന്നീട് ജൂലിയൻ വെബർ 84.75 മീറ്റ‍ർ എറിഞ്ഞു. രണ്ടാം റൗണ്ട് അവസാനിച്ചപ്പോഴും വെബ‍ർ ഒന്നാം സ്ഥാനത്ത് തുടർന്നപ്പോൾ നീരജ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചോപ്രയുടെ മൂന്നാം ശ്രമവും ഫൗളായി. ലീഡ് നിലനിർത്തി വെബർ മൂന്നാം റൗണ്ട് അവസാനിപ്പിച്ചു. നാലാം ശ്രമത്തിൽ ജാക്കൂബ് 85.86 മീറ്റ‍ർ എറിഞ്ഞ് മുന്നിലെത്തി. ഇത്തവണയും പരമാവധി ശ്രമിച്ച നീരജ് ചോപ്ര 85.22 മീറ്റർ ദൂരം താണ്ടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. അവസാന ത്രോയിൽ 85.71 മീറ്റ‍ർ ദൂരം താണ്ടാൻ ചോപ്രയ്ക്ക് സാധിച്ചെങ്കിലും ചെറിയ വ്യത്യാസത്തിൽ സ്വ‍ർണം നേടാനായില്ല.

അതേസമയം, ലോക ചാമ്പ്യൻഷിപ്പിലെ മോശം പ്രകടനത്തിന്റെ നിരാശ തീർക്കാനിറങ്ങിയ മലയാളി താരം മുരളി ശ്രീശങ്കർ പുരുഷന്മാരുടെ ലോങ്ജമ്പിൽ അഞ്ചാമതായി. 7.99 മീറ്റർ ചാടിയാണ് ശ്രീശങ്കർ അഞ്ചാം സ്ഥാനത്തെത്തിയത്. ഗ്രീസിന്റെ മിൽതിയാഡിസ് ടെന്റോഗ്ലു 8.20 മീറ്റർ ചാടി ഒന്നാമതെത്തി.

logo
The Fourth
www.thefourthnews.in