ജീവന്‍ ജോസഫും സഹോദരി ജില്‍ന ജോസഫും മെഡലുകളുമായി.
ജീവന്‍ ജോസഫും സഹോദരി ജില്‍ന ജോസഫും മെഡലുകളുമായി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ 'ഇടിച്ചുകയറ്റല്‍'; ഒന്നാമന്‍ പുറത്ത്, മൂന്നാമന്‍ അകത്ത്

ഒന്നാം സ്ഥാനക്കാരനെ ഒഴിവാക്കി മൂന്നാം സ്ഥാനക്കാരനെ ദേശീയ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന് അയക്കാന്‍ നീക്കം

കേരള കായികരംഗം പടവലങ്ങ പോലെ താഴേക്ക് വളരാന്‍ കാരണമെന്തെന്ന ചോദ്യത്തിന് ഉത്തരമായി ചൂണ്ടിക്കാട്ടാന്‍ ഒരു 'ഇടിച്ചുകയറ്റല്‍' കൂടി. സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയ താരത്തെ ഒഴിവാക്കി മൂന്നാം സ്ഥാനക്കാരനെ ദേശീയ സര്‍വകലാശാല ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന് അയക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല നടത്തുന്ന നീക്കമാണ് വിവാദമാകുന്നത്.

ഈ മാസമാദ്യം എട്ട്, ഒമ്പതു തീയതികളിലായി നടന്ന കാലിക്കറ്റ് സര്‍വകലാശാല ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയ തൃശൂര്‍ കൊടകര സഹൃദയ കോളജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ജീവന്‍ ജോസഫാണ് സ്വജന പക്ഷപാതത്തിന് ഇരയായത്. സര്‍വകലാശാല അധികൃതര്‍ നടത്തിയ കള്ളക്കളികള്‍ തുറന്നു പറഞ്ഞു ജീവന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതോടെയാണ് സംഭവം പുറത്തുവന്നത്.

13 ഭാരവിഭാഗങ്ങളിലായി നടത്തുന്ന സര്‍വകലാശാല ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനത്ത് എത്തുന്ന താരങ്ങളെ ദേശീയ സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പിന് അയയ്ക്കണമെന്നാണ് നിയമം. ഇതുപ്രകാരം 67 കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ ജീവന്‍ ജോസഫിനാണ് അവസരം ലഭിക്കേണ്ടിയിരുന്നത്.

എന്നാല്‍ ജീവനെ തഴഞ്ഞു മറ്റൊരു താരത്തിന് അവസരം നല്‍കാന്‍ ഈ ഭാരവിഭാഗത്തിനു മാത്രമായി സര്‍വകലാശാല പ്രത്യേക സെലക്ഷന്‍ ട്രയല്‍സ് നടത്തുകയായിരുന്നു. ഇക്കഴിഞ്ഞ 23-ന് തട്ടിക്കൂട്ടി നടത്തിയ ട്രയല്‍സിനൊടുവില്‍ ജീവനെക്കാള്‍ മികവ് കാട്ടിയെന്ന കാരണം പറഞ്ഞു മറ്റൊരു ബോക്‌സര്‍ക്ക് ദേശീയ ചാമ്പ്യന്‍ഷിപ്പിന് അവസരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പില്‍ ജീവനു പിന്നില്‍ മൂന്നാം സ്ഥാനം മാത്രം നേടിയ താരത്തിനാണ് ഇപ്പോള്‍ അവസരം നല്‍കിയത്. ഇരുവരും സര്‍കലാശാല ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ജീവനൊപ്പമായിരുന്നു.

സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിക്കുമ്പോള്‍ സെലക്ഷന്‍ കമ്മിറ്റിയിലെ ഒരാള്‍ ഈ താരത്തിന്റെ പരിശീലകനായിരുന്നുവെന്നും ജീവന്‍ ആരോപിക്കുന്നു. കൂടാതെ ദേശീയ ഇത്തരത്തില്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തുന്ന കാര്യം തന്നെയോ തന്റെ കോളജിനെയോ അറിയിച്ചില്ലെന്നും ജീവന്‍ 'ദ ഫോര്‍ത്തിനോട്' പറഞ്ഞു.

23-ന് ട്രയല്‍സിനെത്തണമെന്ന് ഈ മാസം 22-ന് വൈകിട്ടാണ് ജീവനെ സര്‍വകലാശാല അധികൃതര്‍ അറിയിക്കുന്നത്. സഹൃദയ കോളജ് അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് യാതൊരു അറിയിപ്പും ഇതുവരെ സര്‍വകലാശാല അധികൃതരുടെ ഭാഗത്തുനിന്നും ലഭിച്ചിട്ടില്ല.

വിവരങ്ങള്‍ കാണിച്ച് കാലിക്കറ്റ് സര്‍വകലാശാല മേധാവിക്ക് കത്തയച്ചിട്ടും യാതൊരുവിധ മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ജീവന്‍ പറഞ്ഞു. കരിയറിലുടനീളം മികച്ച പ്രകടനം മാത്രം കാഴ്ചവച്ച താരത്തിനാണ് ഈ ഗതികേട്. സബ് ജൂനിയര്‍, ജൂനിയര്‍, യൂത്ത് തലത്തില്‍ സംസ്ഥാന ചാമ്പ്യനായ താരമാണ് ജീവന്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയിരുന്ന ജീവന്‍ ഇക്കുറി പ്രകടനം മെച്ചപ്പെടുത്തി സ്വര്‍ണം കരസ്ഥമാക്കുകയായിരുന്നു.

ജീവനു പുറമേ സഹോദരി ജില്‍നയ്ക്കും ഇതേ വിധിയാണ് കാലിക്കറ്റ് സര്‍വകലാശാല വിധിച്ചിരിക്കുന്നത്. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ സഹൃദയ കോളജിനെ പ്രതിനിധീകരിച്ച് ജില്‍ന മത്സരിക്കുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്തിരുന്നു. എന്നാല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് ഇതുവരെ അനുമതി നല്‍കാന്‍ സര്‍വകലാശാല അധികൃതര്‍ തയാറായിട്ടില്ല.

സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജില്‍നയ്ക്ക് അനുമതി നിഷേധിക്കുന്നത്. ദേശീയ ചാമ്പ്യന്‍ഷിപ്പിന് അവസരം നിഷേധിക്കുന്നതിന്റെ കാരണം ആരാഞ്ഞ ജില്‍നയ്ക്ക് ''എല്ലാ വിഭാഗത്തിലെയും ഒന്നാം സ്ഥാനക്കാരെ കൊണ്ടുപോകാനാകില്ല'' എന്നാണ് സര്‍വകലാശാല ഉന്നതര്‍ നല്‍കിയ മറുപടി. 2019 സംസ്ഥാന ജൂനിയര്‍ ചാമ്പ്യനായ ജില്‍ന കഴിഞ്ഞ രണ്ടു വര്‍ഷമായി സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവാണ്. ഇക്കുറി ചേട്ടനെപ്പോലെ നേട്ടം പൊന്നാക്കി മാറ്റിയെങ്കിലും സര്‍വകലാശാലയുടെ സ്വജനപക്ഷപാതം ദേശീയ ചാമ്പ്യന്‍ഷിപ്പ് എന്ന സ്വപ്‌നത്തിനു വിലങ്ങുതടിയാകുകയാണ്.

logo
The Fourth
www.thefourthnews.in