നീരജിന്റെ പിന്‍ഗാമിയാകാന്‍ തിക്കിത്തിരക്ക്; 'നിഡ്ജാം 2023'-ല്‍ ജാവലിന്‍ എറിയാന്‍ 2000 കുട്ടികള്‍

നീരജിന്റെ പിന്‍ഗാമിയാകാന്‍ തിക്കിത്തിരക്ക്; 'നിഡ്ജാം 2023'-ല്‍ ജാവലിന്‍ എറിയാന്‍ 2000 കുട്ടികള്‍

1100 ആണ്‍കുട്ടികളും 800-ലേറെ പെണ്‍കുട്ടികളുമടക്കം 14 വയസില്‍ താഴെയുള്ള 2000-ഓളം കുട്ടികളാണ് മത്സരത്തിന് എത്തിയിരിക്കുന്നത്.

ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ എറിഞ്ഞിട്ട ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഇന്ത്യന്‍ കൗമാര താരങ്ങള്‍ക്കിടയില്‍ ചെലുത്തിയ സ്വാധീനം എന്തെന്ന് പാറ്റ്‌നയില്‍ നടക്കുന്ന 18-ാമത് ദേശീയ അന്തര്‍ ജില്ലാ ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റ്(നിഡ്ജാം)പറയും.

അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ടാലന്റ് സേര്‍ച്ച് പ്രോഗ്രാമായ നിഡ്ജാമിന്റെ 18-ാമത് എഡിഷന്‍ ഇക്കുറി പാറ്റ്‌നയിലെ പാടലീപുത്ര സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് അരങ്ങേറുന്നത്. മീറ്റില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി സമാപിച്ചപ്പോള്‍ 14 വയസില്‍ താഴെയുള്ള 2000-ഓളം കുട്ടികളാണ് മത്സരത്തിന് എത്തിയിരിക്കുന്നത്.

1100 ആണ്‍കുട്ടികളും 800-ലേറെ പെണ്‍കുട്ടികളും പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 60 മീറ്റര്‍, 600 മീറ്റര്‍, ലോങ് ജമ്പ്, ഹൈജമ്പ് തുടങ്ങി വിവിധ ഇനങ്ങളില്‍ മത്സരിക്കാന്‍ ഇവര്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇവരില്‍ എല്ലാവരും പേര് രജിസ്റ്റര്‍ ചെയ്തത് ഒരേയൊരു ഇനത്തിനു മാത്രമാണ്, ജാവലിന്‍ ത്രോ!

അണ്ടര്‍ 14 കുട്ടികള്‍ക്ക് ജാവലിന്‍ ത്രോ നിര്‍ബന്ധ മത്സരയിനമാക്കണമെന്ന് വിവിധ ജില്ലാ അസോസിയേഷനുകള്‍ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആ തീരുമാനം നിഡ്ജാം 2023 മുതല്‍ പ്രാബല്യത്തില്‍ കൊണ്ടു വരികയാണെന്ന് എ.എഫ്.ഐ. പ്രസിഡന്റ് ഡോ. ആദില്‍ സുമരിവാല പറഞ്ഞു.

നിഡ്ജാം 2023-ല്‍ രാജ്യത്തെ 600 ജില്ലകളില്‍ നിന്ന് അണ്ടര്‍ 14, അണ്ടര്‍ 16 പ്രായവിഭാഗങ്ങളിലുള്ള 5500 കുട്ടികളോളം മത്സരിക്കുന്നുണ്ട്. മത്സരങ്ങള്‍ക്കു പുറമേ അത്‌ലറ്റുകള്‍ക്കും, പരിശീലകര്‍ക്കും മറ്റ് ഒഫീഷ്യലുകള്‍ക്കും ഉത്തേജകമരുന്നിനെതിരായ ബോധവത്കരണ സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.

2003-ലാണ് നിഡ്ജാം പദ്ധതിക്ക് എ.എഫ്.ഐ. തുടക്കമിട്ടത്. അത്‌ലറ്റിക്‌സ് രംഗത്ത് ലോകത്തെ തന്നെ ഏറ്റവും വലിയ ഗ്രാസ്‌റൂട്ട് പ്രോഗ്രാമാണിശതന്ന പ്രത്യേകതയുമുണ്ട്. 2012-ല്‍ ഹരിദ്വാറില്‍ നടന്ന പത്താമത് നിഡ്ജാം മീറ്റിലൂടെയാണ് നീരജ് ചോപ്ര ദേശീയ ശ്രദ്ധയാകര്‍ഷിച്ചതെന്നതും യാദൃശ്ചികമാണ്.

logo
The Fourth
www.thefourthnews.in