ലയണല്‍ മെസ്സി
ലയണല്‍ മെസ്സി

മിശിഹാ ഗോളില്‍ ഫ്രഞ്ച് ലീഗ് കിരീടം ചൂടി പിഎസ്ജി; റോണോയുടെ റെക്കോർഡ് തകർത്ത് മെസ്സി

സ്ട്രാസ്‌ബോര്‍ഗിനെതിരെ 1-1 സമനില വഴങ്ങിയാണ് പിഎസ്ജിയുടെ കിരീടനേട്ടം

വിവാദങ്ങള്‍ക്ക് ഇനി കുറച്ച് വിശ്രമിക്കാം. ലയണല്‍ മെസ്സിയുടെ ഗോളില്‍ പതിനൊന്നാം തവണയും ഫ്രഞ്ച് ലീഗ് വണ്‍ കിരീടമുയര്‍ത്തി പിഎസ്ജി. സ്ട്രാസ്‌ബോര്‍ഗിനെതിരെ 1-1 സമനില വഴങ്ങിയാണ് പിഎസ്ജിയുടെ കിരീടനേട്ടം. ഇതോടെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡ് തകര്‍ത്താണ് മെസ്സി എതിരാളികളുടെ ഗോള്‍ വല കുലുക്കിയത്. പ്രധാനപ്പെട്ട അഞ്ച് യൂറോപ്യന്‍ ലീഗുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന പട്ടം ഇനി മെസ്സിക്ക് സ്വന്തം.

യൂറോപ്യന്‍ കരിയറിലെ മെസ്സിയുടെ 496-ാം ഗോളാണ് ഇത്

രണ്ടാം പകുതിയില്‍ 59-ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയുടെ പാസ് ലക്ഷ്യത്തിലേക്ക് തൊടുത്ത് മെസ്സി പിഎസ്ജിയെ ലീഡിലെത്തിച്ചു. 79-ാം മിനിറ്റില്‍ മുന്‍ പിഎസ്ജി സ്‌ട്രൈക്കര്‍ കെവിന്‍ ഗമേറോ സ്ട്രാസ്ബര്‍ഗിനായി സമനില പിടിച്ചു. 1-1 സമനിലയില്‍ കളി അവസാനിച്ചപ്പോള്‍ ഒരു കളി ബാക്കി നില്‍ക്കെ പിഎസ്ജി പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരായ ലെന്‍സിനേക്കാള്‍ നാല് പോയിന്റ് മുന്നിലെത്തി കിരീടം ഉറപ്പിച്ചു.

യൂറോപ്യന്‍ കരിയറിലെ മെസ്സിയുടെ 496-ാം ഗോളാണ് ഇത്. ബാഴ്‌സലോണയില്‍ 474 ലാ ലിഗ ഗോളുകള്‍, പാരീസിയന്‍സിനായി 22 ലീഗ് വണ്‍ ഗോളുകള്‍ എന്നിങ്ങനെയാണ് നേട്ടം. 495 ഗോളുകളാണ് ക്രിസ്റ്റിയാനോയുടെ അക്കൗണ്ടിലുള്ളത്.

മെസ്സി പിഎസ്ജിയുമായി കരാര്‍ പുതുക്കുന്നില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. അർജന്റീനയ്ക്കായി ലോകകപ്പില്‍ അവിസ്മരണീയ പോരാട്ടം നടത്തിയ മെസ്സിക്ക് പിഎസ്ജിക്കായി വലിയ മുന്നേറ്റം നടത്താന്‍ കഴിയുന്നില്ലെന്നാരോപിച്ച് ആരാധകര്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ലോകകപ്പിന് ശേഷം അര്‍ജന്റീന താരങ്ങള്‍ എംബാപ്പെയ്ക്കും ഫ്രാന്‍സ് താരങ്ങള്‍ക്കും എതിരെ നടത്തിയ പ്രകടനങ്ങളും പരാമര്‍ശങ്ങളും പിഎസ്ജി ആരാധകരെ ചൊടിപ്പിച്ചിരുന്നു. മെസിയുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും ആരാധക രോഷത്തിന് കാരണമായി. കരാര്‍ അവസാനിക്കാനിരിക്കെ മെസ്സിയുടെ വിജയഗോള്‍ വിമര്‍ശകര്‍ക്ക് മറുപടിയാകും.

അടുത്തമാസം കരാര്‍ അവസാനിക്കാനിരിക്കെ ശനിയാഴ്ച ആയിരിക്കും മെസ്സി അവസാനമായി പിഎസ്ജി ജേഴ്‌സിയില്‍ കളത്തിലിറങ്ങുക. താരം തന്റെ പഴയ തട്ടകമായ ബാഴ്‌സയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായ പ്രസ്താവനകള്‍ ഒന്നും വന്നിട്ടില്ല. മെസ്സിക്ക് വേണ്ടി വമ്പന്‍ ചൂണ്ടയുമായി സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലും, എം എല്‍ എസ് ക്ലബ്ബായ ഇന്റര്‍ മിയാമിയും രംഗത്തുണ്ട്. മെസി അല്‍ഹിലാലുമായി 400 കോടി എന്ന വമ്പന്‍ ഓഫറിന് ധാരണയായെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും പിതാവ് ഹോര്‍ഗെ മെസ്സി അത് നിഷേധിച്ചിരുന്നു.

logo
The Fourth
www.thefourthnews.in