ക്വാര്‍ട്ടറിലെ ക്ലാസിക്കില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും കൊമ്പുകോര്‍ക്കും

ക്വാര്‍ട്ടറിലെ ക്ലാസിക്കില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും കൊമ്പുകോര്‍ക്കും

ലോകകപ്പില്‍ ഇതുവരെ രണ്ടു തവണയാണ് ഇരുകൂട്ടരും നേര്‍ക്കുനേര്‍ വന്നത്. രണ്ടു തവണയും ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു.

ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായി നേര്‍ക്കുനേര്‍ വന്നിട്ട് നാലു പതിറ്റാണ്ട് തികയുന്ന വേളയിലാണ് ഇന്ന് ഇംഗ്ലണ്ടും നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ട ഫൈനലില്‍ കൊമ്പുകോര്‍ക്കാനൊരുങ്ങുന്നത്. ആക്രമണ ഫുട്‌ബോളിന്റെ സമസ്ത സൗന്ദര്യവും പേറുന്ന രണ്ടു ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അതൊരു വിരുന്നാകുമെന്നു തീര്‍ച്ചയാണ്.

ഇംഗ്ലണ്ട്-ഫ്രാന്‍സ് മത്സരമെന്നതിനേക്കാള്‍ ഇംഗ്ലീഷ് പ്രതിരോധ താരം കൈല്‍ വാക്കറും ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും തമ്മിലുള്ള മത്സരമെന്ന വിശേഷണം ഈ പോരാട്ടത്തിന് ഇതിനോടകം ആരാധകര്‍ കല്‍പിച്ചു നല്‍കിക്കഴിഞ്ഞു. ഇതിനു പുറമേ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാമും ഫ്രഞ്ച് മധ്യനിര താരം ഓറേലിയന്‍ ഷൗമെനിയും ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്‌നും ഫ്രഞ്ച് പ്രതിരോധ താരം റാഫേല്‍ വരാനെയും തമ്മിലുള്ള പോരാട്ടങ്ങളും ഈ മത്സരത്തില്‍ നിര്‍ണായകമാണ്.

ലോകകപ്പിലെ ഏറ്റവും വലിയ പരീക്ഷണമാണ് ഫ്രാന്‍സിനെതിരേ നേരിടുകയെന്നാണ് ഇംഗ്ലണ്ട് പരിശീലകന്‍ ഗാരെത് സൗത്ത്‌ഗേറ്റ് പറഞ്ഞത്. ഫ്രാന്‍സിനെതിരേ ജയിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് വളരെ സ്‌പെഷല്‍ മത്സരമാണെന്നാണ് ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒളിവര്‍ ജിറൂഡ് പറയുന്നത്.

അതേസമയം ലോകകപ്പ് ചരിത്രം പരിശോധിച്ചാല്‍ കണക്കുകള്‍ ഇംഗ്ലണ്ടിന് അനുകൂലമാണ്. ലോകകപ്പില്‍ ഇതുവരെ രണ്ടു തവണയാണ് ഇരുകൂട്ടരും നേര്‍ക്കുനേര്‍ വന്നത്. രണ്ടു തവണയും ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. ഇംഗ്ലണ്ട് ആദ്യമായും അവസാനമായും ലോകകിരീടത്തില്‍ മുത്തമിട്ട 1966-ലായിരുന്നു ആദ്യ മത്സരം. പിന്നീട് 1982 സ്‌പെയിന്‍ ലോകകപ്പിലും.

എന്നാല്‍ സമീപകാല പ്രകടനങ്ങള്‍ കണക്കിലെടുത്താല്‍ ഇംഗ്ലണ്ടിന് ആശങ്കയാണ്. അവസാനം ഏറ്റുമുട്ടിയ എട്ടു മത്സരങ്ങളില്‍ കേവലം ഒരു ജയം മാത്രമാണ് ഇംഗ്ലണ്ടിന് അവകാശപ്പെടാനുള്ളത്. ആകെ 31 തവണയാണ് ഇരുകൂട്ടരും നേര്‍ക്കുനേര്‍ വന്നത്. അതില്‍ 17 ജയവുമായി ഇംഗ്ലണ്ട് ബഹുദൂരം ലീഡ് ചെയ്യുമ്പോള്‍ ഫ്രാന്‍സിന് ഒ്മ്പതു ജയം മാത്രമാണ് അവകാശപ്പെടാനുള്ളത്. അഞ്ച് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.

ടീം വാര്‍ത്തകള്‍:

ഫ്രാന്‍സിനെതിരായ മത്സരത്തിനു മുമ്പ് പരുക്കിന്റെ ഭീഷണിയാണ് ഇംഗ്ലീഷ് ക്യാമ്പില്‍. മധ്യനിര താരം ഡെക്ലാന്‍ റൈസ് കഴിഞ്ഞ ദിവസം ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയില്ല. സ്‌ട്രൈക്കര്‍ കാളം വില്‍സണും പരുക്കിന്റെ പിടിയിലാണ്. വ്യക്തിപരമായ കാരണങ്ങളാല്‍ ടീം വിട്ട സ്‌ട്രൈക്കര്‍ റഹീം സ്‌റ്റെര്‍ലിങ് ഖത്തറില്‍ തിരിച്ചെത്തി ടീമിനൊപ്പം ചേര്‍ന്നെങ്കിലും ഇന്ന് കളിക്കുന്ന കാര്യം സംശയത്തിലാണ്.

മറുവശയത്ത് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഫിറ്റ്‌നെസ് ഫ്രാന്‍സിന് ആശങ്ക ഉണര്‍ത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഫ്രഞ്ച് ടീമിന്റെ പരിശീലക സെഷനില്‍ നിന്നു വിട്ടുനിന്ന എംബാപ്പെയ്ക്ക് കാല്‍ക്കുഴയിലാണ് പരുക്ക് ഉള്ളത്.

logo
The Fourth
www.thefourthnews.in