''ഫ്രാന്‍സ് നടത്തിയ പരീക്ഷണം ഒരുപക്ഷേ കടുത്ത അനീതി ആയേനെ''; വിമര്‍ശിച്ച് ഓസ്ട്രേലിയന്‍ സഹപരിശീലകന്‍
ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങാതെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചാണ് ഫ്രാന്‍സ് ടുണീഷ്യയുമായുള്ള മൂന്നാം മത്സരത്തിനിറങ്ങിയത്. നല്ല ഫോമില്‍ നില്‍ക്കുന്ന ടീം ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിന് ഒന്‍പത് മാറ്റങ്ങളുമായി കളത്തിലിറങ്ങി പരാജയപ്പെടുകയായിരുന്നു. ഒരുപക്ഷേ, ലോകകപ്പില്‍ അസ്വഭാവികമായൊരു കാര്യമാകാം. എന്നാല്‍, മത്സരഫലം ബാധിക്കില്ല എന്നതിനാലാണ് ഫ്രാന്‍സ് ബെഞ്ചിന്റെ ശക്തി പരീക്ഷിക്കാന്‍ തയ്യാറായത്. പക്ഷേ, ഫ്രാന്‍സിന്റെ പരീക്ഷണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ടീമിന്റെ സഹ പരിശീലകന്‍ റെനെ മ്യുലന്‍സ്റ്റീന്‍.
''നിര്‍ണായക മത്സരത്തില്‍ മാറ്റങ്ങള്‍ വരുത്തി ഫ്രാന്‍സ് ടുണീഷ്യയോട് തോറ്റു. അതിനുശേഷം ഡെന്‍മാര്‍ക്കിനോട് ഞങ്ങള്‍ പരാജയപ്പെടുകയും ലോകകപ്പില്‍ നിന്ന് പുറത്ത് പോവേണ്ടി വരികയും ചെയ്തിരുന്നെങ്കില്‍ അത് അവിശ്വസനീയമായ അനീതി ആയേനെ'' എന്നായിരുന്നു മ്യുലന്‍സ്റ്റീന്റെ പ്രതികരണം. ഗ്രൂപ്പ് ഡി മത്സരങ്ങളുടെ അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ പൊതുവെ ദുര്‍ബലരായ ടുണീഷ്യയോട് കരുത്തരായ ഫ്രാന്‍സ് തോല്‍ക്കാത്തിടത്തോളം ഡെന്മാര്‍ക്കുമായുള്ള സമനില പോലും ഓസ്‌ട്രേലിയയെ അവസാന പതിനാറിലേക്ക് നിഷ്പ്രയാസം എത്തിക്കുമായിരുന്നു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. ഒന്‍പത് മാറ്റങ്ങളുമായിറങ്ങിയ ഫ്രാന്‍സിന് കളിമികവ് പുറത്തെടുക്കാന്‍ സാധിച്ചില്ല. കളിയുടെ 58ാം മിനുറ്റില്‍ വഹ്ബി ഖസ്രിയുടെ ഗോളില്‍ ടുണീഷ്യ ലോകചാമ്പ്യന്മാര്‍ക്കെതിരെ മുന്നിലെത്തി.
ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനോട് 4-1ന് തോറ്റ സോക്കറൂസ് പ്രതീക്ഷിക്കാത്തതാണ് അവസാന ഗ്രൂപ്പ് മത്സരങ്ങളില്‍ സംഭവിച്ചത്. കുറച്ച് സമയത്തേക്കെങ്കിലും അവര്‍ പുറത്താകലിന്റെ വക്കിലെത്തി. ഭാഗ്യവശാല്‍ രണ്ട് മിനുറ്റിന് ശേഷം മാത്യു ലക്കി സോക്കറൂസിന്റെ വിജയഗോള്‍ നേടി. മുന്‍ ചാമ്പ്യന്മാരെ ആശ്രയിക്കാതെതന്നെ ഓസ്‌ട്രേലിയ സ്വന്തം വിധികുറിച്ച് ചരിത്രത്തില്‍ രണ്ടാം തവണ പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചു. എന്നാല്‍ ഫ്രാന്‍സ് വരുത്തിയ ഒന്‍പത് മാറ്റങ്ങള്‍ ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനത്തെത്താന്‍ ടുണീഷ്യയെ സഹായിച്ചിരുന്നുവെങ്കില്‍ അതൊരിക്കലും തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലായിരുന്നുവെന്ന് മ്യുലന്‍സ്റ്റീന്‍ പറയുന്നു. ടുണീഷ്യയുടെ ഗോളിനെക്കുറിച്ച് മൈല്‍ ജെഡിനാക് ടീമിനെ അറിയിച്ചപ്പോള്‍ ആരും വിശ്വസിച്ചില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
''ഞങ്ങള്‍ പകരക്കാരനെ ഇറക്കിയതിനു ശേഷമാണ് ആരോ എന്നോട് പറയുന്നത്, ടുണീഷ്യ സ്‌കോര്‍ ചെയ്തു. അവരിപ്പോള്‍ 1-0 ന് മുന്നിലാണ്. ഈ സമയം ഞാന്‍ ഗ്രഹാമിനോട് ഒന്നും പറഞ്ഞില്ല. പക്ഷേ അതു കഴിഞ്ഞ് രണ്ട് മിനുറ്റുകള്‍ക്കു ശേഷം ഞങ്ങളും ഗോള്‍ നേടി. അതിനു ശേഷമാണ് ടുണീഷ്യ ഗോള്‍ നേടിയ കാര്യം ഗ്രഹാമിനോട് പറഞ്ഞത്. അതിനുശേഷം ഗോള്‍ വഴങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പകരക്കാരെക്കുറിച്ച് കൂടുതല്‍ ചിന്തിക്കണമെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്തി'' -മ്യുലന്‍സ്റ്റീന്‍ വ്യക്തമാക്കി. ശേഷം മൈലിനോട് കളിക്കാരെ വിളിച്ചുകൂട്ടി ടുണീഷ്യ ജയിക്കാന്‍ പോകുന്ന കാര്യം അറിയിക്കാന്‍ പറഞ്ഞു-
''തമാശ എന്തെന്നാല്‍ ഇത് പറഞ്ഞ മൈല്‍ കുറച്ച് നേരത്തേക്ക് കോമാളിയാക്കപ്പെട്ടു എന്നതാണ്. അവര്‍ വിചാരിച്ചത് അദ്ദേഹം തമാശ പറയുകയാണ് എന്നാണ്, അവരെ ബോധ്യപ്പെടുത്താന്‍ മൈലിന് കുറച്ച് പണിപ്പെടേണ്ടി വന്നു.''
മുന്‍ചാമ്പ്യന്മാരുടെ സഹായമില്ലാതെ തല ഉയര്‍ത്തി തന്നെയാണ് സോക്കറൂസുകള്‍ പ്രീ ക്വാര്‍ട്ടറിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. ഒരു പക്ഷേ ഭാഗ്യം തുണച്ചില്ലായിരുന്നെങ്കില്‍ ഫ്രാന്‍സിന്റെ പിഴവില്‍ ഓസ്‌ട്രേലിയയ്ക്ക് ലോകകപ്പ് വേദിയില്‍ നിന്ന് കണ്ണീരോടെ പടിയിറങ്ങേണ്ടി വന്നേനെ.