ലൂയിസ് എന്റിക്ക
ലൂയിസ് എന്റിക്ക

അപ്രതീക്ഷിത പുറത്താകല്‍; എന്റ്‌റിക്വെയുടെ കസേര തെറിച്ചു

ഖത്തര്‍ ലോകകപ്പില്‍ സ്പാനിഷ് ടീമിന്റെ പ്രീക്വാര്‍ട്ടര്‍ തോല്‍വിയുടെ ഉത്തരവാദിത്തം നേരത്തെ എന്റ്‌റിക്വെ ഏറ്റെടുത്തിരുന്നു.

ഖത്തര്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ മൊറോക്കോയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പുറത്തായതിനു പിന്നാലെ ലൂയിസ് എന്റിക്കയെ സ്‌പെയ്ന്‍ ദേശീയ ടീം പരിശീലക സ്ഥാനത്തു നിന്നും നീക്കി. ടീമിന്റെ പ്രീക്വാര്‍ട്ടര്‍ തോല്‍വിയുടെ ഉത്തരവാദിത്തം നേരത്തെ എന്റ്‌റിക്വെ ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെ രാജിവയ്ക്കാന്‍ എന്റ്‌റിക്വെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഇതു മുഖവിലയ്‌ക്കെടുത്താണ് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ രാജി സ്വീകരിച്ചത്. എന്റ്‌റിക്വെയ്ക്കു പകരം സ്‌പെയിന്‍ അണ്ടര്‍ 21 ടീമിന്റെ പരിശീലകനായ ലൂയിസ് ഡി ഫ്യൂയെന്റെയ്ക്കു ചുമതല നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മൂന്നു വര്‍ഷമായി സ്പാനിഷ് ടീം പരിശീലകനായിരുന്നു എന്റ്‌റിക്വെ. ചൊവ്വാഴ്ച്ച നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ആഫ്രിക്കന്‍ ടീമായ മൊറോക്കോയാണ് സ്‌പെയിനെ അട്ടിമറിച്ചത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കോസ്റ്റാറിക്കയെ 7-0ന് തുരത്തി വന്‍ ജയം നേടിയ സ്‌പെയിനു പിന്നീട് മികവ് തുടരാനായില്ല. രണ്ടാം മത്സരത്തില്‍ ജര്‍മനിയോട് സമനിലയും ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ജപ്പാനോട് കനത്ത പരാജയവും ഏറ്റുവാങ്ങേണ്ടി വന്നു. ഗ്രൂപ്പ് ഇ യില്‍ രണ്ടാമന്മാരായി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ച സ്‌പെയ്ന്‍ മൊറോക്കോയ്‌ക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒരു തവണ പോലും വലകുലുക്കാനാവാതെ തലകുനിച്ചാണ് മടങ്ങിയത്. ഇതോടെ എന്റിക്കയ്ക്ക് പരിശീലകന്റെ സ്ഥാനവും ഒഴിയേണ്ടി വന്നു.

2020 യൂറോ കപ്പില്‍ സ്‌പെയ്‌നിനെ സെമി ഫൈനലിലേക്ക് നയിച്ചു. അവിടെയും സ്‌പെയ്‌നിനെ ചതിച്ചത് പെനാല്‍റ്റി ആയിരുന്നു

സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ എന്റിക്കയാക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രസ്ഥാവനയിറക്കി. '' ലൂയിസ് എന്റിക്കയ്ക്കും ടീമിനും പുതിയ പദ്ധതികള്‍ക്ക് ആശംസകള്‍ നേരുന്നു, പരിശീലകന്‍ ദേശീയ ടീമിന്റെയും മുഴുവന്‍ ഫെഡറേഷനുകളുടെയും സ്‌നേഹവും പ്രശംസയും അര്‍ഹിക്കുന്നു. ഇത് എപ്പോഴും നിങ്ങളുടെ വീട് തന്നെയാണ്.'' സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

2018 ലാണ് എന്റിക്കെ സാപാനിഷ് ടീമിന്റെ ചുമതല ഏറ്റെടുത്തത്. 2020 യൂറോ കപ്പില്‍ സ്‌പെയ്‌നിനെ സെമി ഫൈനലിലേക്ക് നയിച്ചു. അവിടെയും സ്‌പെയ്‌നിനെ ചതിച്ചത് പെനാല്‍റ്റി ആയിരുന്നു. ഇറ്റലിയോട് പെനാല്‍റ്റിയില്‍ തോറ്റ് സെമിയില്‍ പുറത്തായി. യുഇഎഫ്എ ചാമ്പ്യന്‍ഷിപ്പിന്റ അവസാന പതിപ്പില്‍ സ്‌പെയ്‌നിനെ രണ്ടാം സ്ഥാനത്തെത്തിക്കാനും എന്റിക്കയ്ക്ക് കഴിഞ്ഞിരുന്നു. ഇത്തവണ യുവ പ്രതിഭകളുടെ വലിയ നിരയുമായാണ് എന്റിക്കയുടെ കീഴില്‍ സ്‌പെയ്ന്‍ ഖത്തറില്‍ വിമാനമിറങ്ങിയത്. സ്വതസിദ്ധമായ തന്ത്രങ്ങളിലൂടെ സ്‌പെയ്‌നിന്റെ ഭാവി ടീമിനെ ഒരുക്കിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

logo
The Fourth
www.thefourthnews.in