ഇംഗ്ലണ്ട് താരങ്ങളായ ജോണ്‍ സ്റ്റോണ്‍സും കെയ്ല്‍ വാക്കറും ഡേവിനൊപ്പം
ഇംഗ്ലണ്ട് താരങ്ങളായ ജോണ്‍ സ്റ്റോണ്‍സും കെയ്ല്‍ വാക്കറും ഡേവിനൊപ്പം

പൂച്ചയ്ക്കൊരു 'ബ്രിട്ടീഷ് ടച്ച്'; ഖത്തറില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് പാറി ഡേവ്

ബ്ലഡ് ടെസ്റ്റുകളും വാക്‌സിനേഷനും നാലു മാസത്തെ ക്വാറന്റീനും കൂടി കഴിഞ്ഞാല്‍ മാര്‍ജാര ചരിതമെഴുതാന്‍ ഡേവ് ഇംഗ്ലണ്ടിന്റെ മണ്ണില്‍ പറന്നെത്തും.

ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റുകൊണ്ട് ആരൊക്കെ വൈറലാകും? പ്രകടനം കൊണ്ട് താരങ്ങള്‍, റഫറികള്‍ തുടങ്ങി കാണികള്‍ വരെ ജനശ്രദ്ധയാകര്‍ഷിക്കും. എന്നാല്‍ ഖത്തര്‍ ലോകകപ്പില്‍ 'പെര്‍ഫോമന്‍സ്' കൊണ്ട് വൈറലായത് ഡേവ് എന്ന പൂച്ചയാണ്. ഇംഗ്ലണ്ട് താരങ്ങളെപ്പോലെ തന്നെ എല്ലാവര്‍ക്കും പരിചിതമായ മുഖമാണ് ഡേവ് എന്ന പൂച്ച. അത്രമാത്രം ചിത്രങ്ങളാണ് ഖത്തര്‍ ലോകകപ്പിന്റെ സമയത്ത് ഇംഗ്ലണ്ട് താരങ്ങള്‍ ഡേവിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുള്ളത്.

പരിശീലന സമയത്തും വിശ്രമ വേളകളിലും ടീമിനൊപ്പം സമയം ചെലവഴിച്ച് ഏവരുടെയും പ്രീതി പിടിച്ചുപറ്റിയ മാര്‍ജാര വീരനെ ലോകകപ്പ് സ്വന്തമാക്കിയാല്‍ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവരുമെന്നും താരങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട് കിരീട മോഹം പൊലിഞ്ഞതോടെ ഡേവിന്റെ ബ്രിട്ടീഷ് ബന്ധത്തിന് ചുവപ്പ് കാര്‍ഡ് കണ്ടു.

പക്ഷേ, ആഴ്ചകളോളം കൂട്ടിനുണ്ടായിരുന്ന ഡേവിനെ ഉപേക്ഷിക്കാന്‍ താരങ്ങള്‍ക്കും മനസ് വന്നില്ല. ഡേവിനെ ഉപേക്ഷിക്കുകയാണോ എന്നും ഡേവിനെ ഇനിയെന്ത് ചെയ്യുമെന്നുമുള്ള നിരവധി ചോദ്യങ്ങളാണ് താരങ്ങളുടെ ഇന്‍ബോക്‌സുകളില്‍ നിറഞ്ഞത്. എന്നാല്‍ ആരാധകര്‍ക്ക് ഇനി ശാന്തരാകാം. താരങ്ങളോടൊപ്പം ഡേവും ഇനി ഇംഗ്ലണ്ടിലുണ്ടാകും.

മത്സരം പരാജയപ്പെട്ടെങ്കിലും ഡേവിനെ ദത്തെടുത്ത് ഒപ്പം കൂട്ടുമെന്ന് ഇംഗ്ലീഷ് പ്രതിരോധ താരം കെയ്ല്‍ വാക്കര്‍ അറിയിച്ചു. താരങ്ങള്‍ ഖത്തറില്‍ നിന്ന് തിരിച്ചതിനു പിന്നാലെ തന്നെ ഡേവും അവരോടൊപ്പമെത്താനുള്ള യാത്ര ആരംഭിച്ചുകഴിഞ്ഞു. അല്‍ വക്ര യില്‍ നിന്ന് ഒരു പ്രാദേശിക വെറ്റിനറി ക്ലിനിക്കിലേക്ക് മാറ്റുന്ന ഡേവിന് ബ്ലഡ് ടെസ്റ്റുകളും വാക്‌സിനേഷനും നടത്തും. നാല് മാസം ക്വാറന്റീനും കൂടി കഴിഞ്ഞാല്‍ മാര്‍ജാര ചരിതമെഴുതാന്‍ ഡേവ് ഇംഗ്ലണ്ടിന്റെ മണ്ണില്‍ പറന്നെത്തും.

logo
The Fourth
www.thefourthnews.in