'അത് ഗോള്‍ തന്നെ'; ദൃശ്യങ്ങൾ പുറത്തുവിട്ട് ഫിഫ

'അത് ഗോള്‍ തന്നെ'; ദൃശ്യങ്ങൾ പുറത്തുവിട്ട് ഫിഫ

വിവാദ ഗോളിൽ വിശദീകരണവുമായി ഫിഫ

ലോകകപ്പിൽ ജർമനിയുടെ പുറത്താകലിനും ജപ്പാന്റെ പ്രീക്വാർട്ടർ പ്രവേശനത്തിനും ഇടയാക്കിയ വിവാദ ഗോളിൽ വിശദീകരണവുമായി ഫിഫ. വിവാദങ്ങൾ അനാവശ്യമെന്നും ഗോൾ തീരുമാനം ശരിയെന്നും ഫിഫ വിശദീകരിക്കുന്നു. മത്സരം കഴിഞ്ഞ മണിക്കൂറുകൾ പിന്നിട്ടെങ്കിലും പന്ത് ഗോൾ ലൈനിന് പുറത്താണോ അല്ലയോ എന്നതിൽ തർക്കം തുടരുന്നതിനിടെയാണ് ഫിഫയുടെ വിശദീകരണം എത്തുന്നത്.

ജപ്പാന്‍-സ്‌പെയിന്‍ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ സ്പാനിഷ് വല കുലുക്കിയ ജാപ്പനീസ് താരം ആവോ ടനാകയുടെ ഗോളാണ് വിവാദമായത്. ഗോൾ ഷോട്ടിന് മുൻപ് പന്ത് ഗോൾ ലൈനിന് പുറത്ത് പോയിരുന്നുവെന്നും അതിനാൽ ഗോൾ അല്ലെന്നുമാണ് പ്രധാനമായും ഉയർന്ന വാദം. ഫീൽഡ് റഫറി ആദ്യം ഗോൾ ൽകിയില്ലെങ്കിലും വാറിലൂടെ ഗോൾ അനുവദിക്കുകയായിരുന്നു. സംശയത്തിന്റെ നിഴലിലായ ഈ തീരുമാനം ശരിവെച്ചാണ് ഇപ്പോള്‍ ഫിഫ തന്നെ രംഗത്ത് വന്നിരിക്കുന്നത്. ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടില്‍ ഗോളിന്റെ വീഡിയോ പങ്കുവെച്ചാണ് ഫിഫയുടെ പ്രതികരണം.

''സ്പെയിനിനെതിരെ 2-1ന് ജയിച്ച ജപ്പാന്റെ രണ്ടാം ഗോള്‍ വാര്‍ പരിശോധനയിലൂടെ പന്ത് പുറത്ത് പോയോ എന്ന് നിര്‍ണയിച്ചു. ഇത് പരിശോധിക്കാൻ ഗോൾ ലൈന്‍ ക്യാമറയിലെ ദൃശ്യങ്ങളാണ് ഉപയോഗിച്ചത്. മറ്റ് ക്യാമറകളിലെ ദൃശ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. '' വിഡിയോയ്ക്കൊപ്പം ഫിഫ ഇങ്ങനെ വിശദീകരണക്കുറിപ്പ് എഴുതി.

51ാം മിനുറ്റിലാണ് ജര്‍മനിയുടെ നെഞ്ചില്‍ ആണിയടിച്ച ജാപ്പനീസ് ഗോളിന്റെ പിറവി. സ്പാനിഷ് പോസ്റ്റിന് കുറുകെ ജപ്പാന്‍ താരം റിറ്റ്‌സു ഡൊവാന്‍ നല്‍കിയ പാസ് നിരങ്ങിയെത്തിയ സഹതാരം ആവോ ടനാക വലയിലേക്കിട്ടു. ബോക്‌സിലേക്ക് പാസ് കൊടുക്കുന്നതിനു മുന്‍പ് തന്നെ പന്ത് ലൈനിനു പുറത്തേക്ക് പോയിരുന്നു എന്നാണ് റഫറിയും സ്പാനിഷ് താരങ്ങളും സംശയിച്ചത്. എന്നാല്‍ വാര്‍ പരിശോധനയില്‍ പന്ത് പുറത്തല്ലെന്നും ഷോട്ട് ഗോള്‍ ആണെന്നും റഫറി വിധിച്ചു.

തോറ്റത് സ്പെയിന്‍ ആണെങ്കിലും അത് കാര്യമായി ബാധിച്ചത് ജര്‍മനിയെയാണ്. കോസ്റ്ററിക്കയെ പരാജയപ്പെടുത്തിയെങ്കിലും ജര്‍മനിക്ക് 2022 ലോകകപ്പില്‍ നിന്ന് പുറത്തേക്ക് പോവേണ്ടി വന്നു. അതുകൊണ്ട് തന്നെ ജപ്പാന്‍ ഗോളിനെതിരെ ഏറ്റവും കൂടുതല്‍ രോഷാകുലരായത് ജര്‍മൻ ആരാധകരാണ്. ഫിഫയുടെ വിശദീകരണം വിവാദങ്ങൾ അവസാനിക്കുമോ എന്നാണ് കാണേണ്ടത്.

logo
The Fourth
www.thefourthnews.in