ആധിപത്യം തുടരാന്‍ ഫ്രാന്‍സ്; നോക്കൗട്ട് ബെര്‍ത്തിന് മറ്റുള്ളവര്‍
ഗ്രൂപ്പ് ഡിയില്‍ കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച് നോക്കൗട്ട് ഉറപ്പിച്ച ആദ്യ ടീമായ ഫ്രാന്‍സ് ആദ്യ റൗണ്ടില്‍ 100 ശതമാനം ജയം ലക്ഷ്യമിട്ട് ഇന്നിറങ്ങും. ഇന്നു നടക്കുന്ന മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ ടുണീഷ്യയാണ് അവരുടെ എതിരാളികള്‍.
അതേസമയം ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയും ഡെന്‍മാര്‍ക്കും ഏറ്റുമുട്ടും. ജയിക്കുന്നവര്‍ പ്രീക്വാര്‍ട്ടറില്‍ കടക്കുമെന്നതിനാല്‍ ഈ മത്സരം അക്ഷരാര്‍ത്ഥത്തില്‍ നോക്കൗട്ടാകും. ടുണീഷ്യയ്ക്കും പ്രീക്വാര്‍ട്ടര്‍ സാധ്യതയുണ്ട്, പക്ഷേ ഫ്രഞ്ച് പടയ്‌ക്കെതിരായ വലിയ ജയം എന്ന കടമ്പയാണ് അവര്‍ക്കു മുന്നിലുള്ളത്.
സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ തകര്‍പ്പന്‍ ഫോമാണ് ഫ്രാന്‍സിന്റെ കരുത്ത്. ഓസ്‌ട്രേലിയയ്‌ക്കെതിരേയും ഡെന്‍മാര്‍ക്കിനെതിരേയും സ്‌കോര്‍ ചെയ്ത എംബാപ്പെ മൂന്നു ഗോളുകളുമായി ടോപ്‌സ്‌കോറര്‍ പോരാട്ടത്തില്‍ മുന്‍പന്തിയിലുണ്ട്. എംബാപ്പെയ്ക്കു പുറമേ അന്റോയിന്‍ ഗ്രീസ്മാന്‍, ഒളിവര്‍ ഗിറൗഡ്, എന്നിവരെല്ലാം മികച്ച ഫോമിലാണ്.
ജീവന്മരണ പോരാട്ടത്തിനാണ് ഇന്ന് ഡെന്‍മാര്‍ക്ക് ഓസ്‌ട്രേലിയയ്‌ക്കെതിരേ ബൂട്ട്‌കെട്ടുന്നത്. രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റുള്ള അവര്‍ക്ക് ഇന്നു ജയം അനിവാര്യമാണ്. അതേസമയം മൂന്നു പോയിന്റുള്ള ഓസ്‌ട്രേലിയയ്ക്ക് ഒരു സമനില പോലും ചിലപ്പോള്‍ നോക്കൗട്ട് ഉറപ്പാക്കും. അതിനാല്‍ തന്നെ ഡെന്‍മാര്‍ക്കിന് മികച്ച പോരാട്ടം പുറത്തെടുക്കേണ്ടി വരും.
പരുക്കേറ്റ് പുറത്തായ തോമസ് ഡെലെനെയിയുടെ അഭാവം ഡെന്‍മാര്‍ക്കിന് തിരിച്ചടിയാണ്. നായകന്‍ ക്രിസ്റ്റിയന്‍ എറിക്‌സണിലേക്കാണ് അവര്‍ ഉറ്റുനോക്കുന്നത്. മറുവശത്ത് ആരോണ്‍ മൂയിയുടെ ഫോമിലാണ് ഓസ്‌ട്രേലിയയുടെ പ്രതീക്ഷയത്രയും.