സ്പാനിഷ് പരീക്ഷ അതിജീവിച്ച് ജർമനി; സമനിലയോടെ നോക്കൗട്ട് പ്രതീക്ഷ സജീവം

സ്പാനിഷ് പരീക്ഷ അതിജീവിച്ച് ജർമനി; സമനിലയോടെ നോക്കൗട്ട് പ്രതീക്ഷ സജീവം

സ്പെയിൻ - ജർമനി മത്സരം 1-1 ന് സമനിലയിൽ അവസാനിച്ചു

ഒടുവില്‍ ജര്‍മനിക്ക് ആശ്വാസ സമനില. തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും നോക്കൗട്ട് ഘട്ടം കാണാതെ മടങ്ങേണ്ടി വന്നെന്ന നാണക്കേടില്‍ നിന്ന് സമനിലയോടെ തത്ക്കാലം രക്ഷപെടാന്‍ മുന്‍ ചാമ്പ്യന്മാര്‍ക്കായി. സ്‌പെയിന്‍- ജര്‍മനി മത്സരം സമനിലയില്‍ പിരിഞ്ഞതോടെ ഗ്രൂപ്പ് ഇയില്‍ അവസാന റൗണ്ട് മത്സരങ്ങള്‍ എല്ലാ ടീമുകള്‍ക്കും നിര്‍ണായകമായി. ഇതാദ്യമായാണ് ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലൊന്നിൽ പോലും ജയിക്കാൻ ജർമനിക്കാകാത്തത്.

അല്‍ബയാത്ത് സ്റ്റേഡിയത്തില്‍ രണ്ട് യൂറോപ്യന്‍ ശക്തികളുടെ വീറും വാശിയുമേറിയ പോരാട്ടമാണ് കണ്ടത്. സ്‌പെയിനിന്‌റെ പന്തടക്കത്തിനും വേഗതയ്ക്കും പാസുകളിലെ കൃത്യതയ്ക്കും ഒപ്പമെത്താന്‍ ജര്‍മന്‍ സംഘത്തിനായില്ലെങ്കിലും എതിര്‍ഗോള്‍മുഖത്ത് ആശങ്കസൃഷ്ടിച്ച് അവര്‍ ജീവന്‍മരണപോരാട്ടത്തില്‍ പൊരുതി നിന്നു. ആദ്യ പകുതിയുടെ ഏറിയ സമയവും കടന്നല്‍ കൂട്ടംപോലെ മുന്നറിയ സ്പാനിഷ് പടയുടെ മുന്നേറ്റങ്ങളെ പ്രതിരോധിക്കുകയായിരുന്നു ജര്‍മന്‍ദൗത്യം. രണ്ടാം പകുതിയില്‍ കൂടുതല്‍ മെച്ചപ്പെട്ട മുന്നേറ്റങ്ങള്‍ നടത്താന്‍ മാനുവല്‍ ന്യൂവറിന്‌റെ സംഘത്തിനായി.

സൂപ്പര്‍ സബുകള്‍

മത്സരത്തിന്‌റെ രണ്ടാം പകുതിയിലാണ് ഇരുടീമുകളും ലക്ഷ്യംകണ്ടത്. പകരക്കാരനായെത്തിയ ആല്‍വാരോ മൊറാട്ട 62ാം മിനുറ്റില്‍ സ്‌പെയിനിനെ മുുന്നിലെത്തിച്ചു. കൈ മെയ് മറന്ന് കളിച്ച ജര്‍മനിക്കായി 83ാം മിനുറ്റില്‍ നിക്ലാസ് ഫുള്‍ക്രഗാണ് സ്‌കോര്‍ ചെയ്തത് . ആദ്യമത്സരത്തിലെ സബ്‌സ്റ്റിറ്റിയൂഷന്‍ തീരുമാനത്തില്‍ വ്യാപക പഴികേട്ട ജര്‍മന്‍ പരിശീലകന്‍ ഫ്‌ളിക്കിന് ഇക്കുറി തെറ്റിയില്ല.11 ദിവസം മുന്‍പ് മാത്രം ഒമാനെതിരായ സൗഹൃദ മത്സരത്തില്‍ അരങ്ങേറിയ ഫുള്‍ക്രഗ് തന്‌റെ മൂന്നാം രാജ്യാന്തര മത്സരത്തില്‍ പകരക്കാരനായിറങ്ങി നിര്‍ണായക ഗോള്‍ നേടി. അരങ്ങേറ്റമത്സരത്തിലും ബെഞ്ചില്‍ നിന്നെത്തി ഈ 29 കാരന്‍ ഗോള്‍ നേടിയിരുന്നു.

ഗ്രൂപ്പ് സാധ്യതകള്‍

ജപ്പാനുമേല്‍ കോസ്റ്റാറീക്കയുടെ അപ്രീതീക്ഷിത ജയമാണ് സമനിലയിലും ജര്‍മനിക്ക് പ്രതീക്ഷ ബാക്കിയാക്കിയത്. നാല് പോയിന്‌റുമായി ഒന്നാമതുള്ള സ്‌പെയിന്‍ അവസാന മത്സരത്തില്‍ മൂന്ന് പോയിന്‌റുള്ള ജപ്പാനെ നേരിടും. മൂന്ന് പോയിന്‌റുള്ള കോസ്റ്റാറീക്കയെ അവസാന മത്സരത്തില്‍ ജര്‍മനിക്ക് തോല്‍പ്പിച്ചേ മതിയാകൂ. സ്‌പെയിനിന് അവസാനമത്സരത്തില്‍ ഒരു സമനില പോലും മതിയെങ്കിലും മറ്റ് മൂന്ന് ടീമുകള്‍ക്ക് ജയം അനിവാര്യമാണ്.

logo
The Fourth
www.thefourthnews.in