അല്‍തുമാമയില്‍ നടന്നത് പട്ടാഭിഷേകം; ഇനിയസ്റ്റ ഒഴിച്ചിട്ട സിംഹാസനം ഇനി ഗാവിക്ക് സ്വന്തം

അല്‍തുമാമയില്‍ നടന്നത് പട്ടാഭിഷേകം; ഇനിയസ്റ്റ ഒഴിച്ചിട്ട സിംഹാസനം ഇനി ഗാവിക്ക് സ്വന്തം

ലോകകപ്പ് ചരിത്രത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരം, സ്പെയിനിന്റെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്നീ റെക്കോഡുകളാണ് മത്സരത്തിൽ ഗാവി സ്വന്തമാക്കിയത്.

അൽ തുമാമ സ്റ്റേഡിയത്തിൽ സ്പാനിഷ് അര്‍മഡ കോസ്റ്റാറീക്കയെ നിഷ്പ്രഭരാക്കിയപ്പോൾ അത് ലോകത്തോടാകെയുള്ള ഒരു പ്രഖ്യാപനമായിരുന്നു. കാൽപ്പന്താരാധകരെ മോഹിപ്പിച്ച കളിമികവും പ്രതാപവും തങ്ങള്‍ വീണ്ടെടുത്തുവെന്ന സ്പാനിഷ് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പ്രഖ്യാപനം. 2010ൽ കിരീടം ഉയർത്തിയ ശേഷം ലോകകപ്പിൽ കാര്യമായ നേട്ടങ്ങൾ സ്പെയിനിന് കൈവരിക്കാനായിട്ടില്ല. അതിനു മാറ്റം കുറിക്കാനാണ് ലൂയിസ് എന്റ്‌റിക്വെ എന്ന പരിശീലകനും ഒരു പിടി യുവതാരങ്ങളും ഇക്കുറി അറബ് നാട്ടില്‍ എത്തിയിരിക്കുന്നത്.

കോസ്റ്റാറീക്കയ്ക്കെതിരായ മത്സരത്തിൽ തകര്‍പ്പന്‍ ജയത്തിനൊപ്പം ഒരുപിടി നേട്ടങ്ങളും കുറിച്ചാണ്‌ സ്പാനിഷ് സംഘം തിരികെ കയറിയത്. ലോകകപ്പ് ചരിത്രത്തിലെ അവരുടെ നൂറാം ഗോളും, അവരുടെ ഏറ്റവും വലിയ ജയവും ലാ റോജകൾ മത്സരത്തിൽ കുറിച്ചു. ഒപ്പം വരും നാളുകളിൽ സ്പാനിഷ് മധ്യനിരയെ ഭരിക്കാൻ പോകുന്ന പാബ്ലോ മാർട്ടിൻ പായെസ്‌ ഗവിര എന്ന ഗാവി ചരിത്രത്തിലേക്ക് നടന്നുകയറിയ മത്സരം കൂടെയായി ഇത്. ലോകകപ്പ് ചരിത്രത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരം, സ്പെയിനിന്റെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്നീ റെക്കോഡുകളാണ് മത്സരത്തിൽ ഗാവി സ്വന്തമാക്കിയത്. 18 വയസും 110 ദിവസവുമാണ് ലോകകപ്പിലെ ആദ്യ ഗോൾ നേടുമ്പോൾ ഗാവിയുടെ പ്രായം.

സാക്ഷാൽ പെലെയും മെക്സിക്കോയുടെ മനുവേൽ റോസാസുമാണ് ഈ കണക്കിൽ ഗാവിയെക്കാളും മുന്നിലുള്ളത്. ആദ്യ ഗോൾ നേടുമ്പോൾ പെലെയുടെ പ്രായം 17 വയസും 239 ദിവസവുമാണെങ്കിൽ, റോസാസിന്റേത് 18 വയസും 93 ദിവസവും. ഒരു യൂറോപ്യന്‍ ടീം 1962ന് ശേഷം അവരുടെ മധ്യനിരയുടെ കടിഞ്ഞാൺ 20 വയസിൽ താഴെ പ്രായമുള്ളവർക്ക് ഏൽപ്പിക്കുന്നത് ആദ്യം. ഗാവിയെയും ബാഴ്‌സലോണയിലെ ഗാവിയുടെ കൂട്ടുകാരനായ പെഡ്രിയെയുമാണ് കോച്ച് എന്റ്‌റിക്വെ ആ ദൗത്യം ഏൽപ്പിച്ചത്. ലോകകപ്പ് പോലൊരു വേദിയിൽ പ്രായത്തിന്റേതായ ഒരു പകപ്പുമില്ലാതെ ഇരുവരും കളി മെനഞ്ഞപ്പോൾ സ്പാനിഷ് ആരാധകർ അവരുടെ സുവർണകാലം ഓർത്തുകാണും.

സ്പെയിനിന്റെ ആൻഡലൂസിയയിൽ നിന്നാണ് ഗാവിയെ ബാഴ്‌സ കണ്ടെത്തുന്നത്. ആറ് വർഷം ലാ മസിയയിൽ കളി പഠിച്ച ഗാവിക്ക് 2020ൽ ക്ലബ് ആദ്യ പ്രൊഫഷണൽ കോൺട്രാക്ട് കൊടുത്തു. ഇതിനോടകം അറുപതോളം മത്സരങ്ങളിൽ ബാഴ്‌സയ്‌ക്കായി 18 കാരൻ കളത്തിലിറങ്ങി. ദേശീയ ടീമിലും റെക്കോഡ് തിരുത്തിക്കൊണ്ടായിരുന്നു ഗാവിയുടെ അരങ്ങേറ്റം. സ്പെയിനിനായി കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന 85 വർഷം പഴക്കമുള്ള റെക്കോഡാണ് 2021 ഒക്ടോബർ ആറിന് ഗാവി മാറ്റിയെഴുതിയത്. വരും നാളുകളിൽ ബാഴ്‌സയുടെയും സ്പെയിനിന്റെയും ജേഴ്‌സികളിൽ ഈ അഞ്ചിടി ആറിഞ്ച്കാരന് ഒരുപാട് ചെയ്യാനുണ്ട്, അത് ലോകത്തിന് മുന്നിൽ കാട്ടുകയായിരുന്നു ഗാവി തന്റെ ലോകകപ്പ് അരങ്ങേറ്റത്തിൽ.

logo
The Fourth
www.thefourthnews.in