വായനയുടെ ലോകത്തില്‍ നിന്ന് ഷൂട്ടിങ്ങിലേക്ക്; ഏഷ്യന്‍ ഗെയിംസില്‍ വെങ്കലത്തിളക്കവുമായി രമിത

വായനയുടെ ലോകത്തില്‍ നിന്ന് ഷൂട്ടിങ്ങിലേക്ക്; ഏഷ്യന്‍ ഗെയിംസില്‍ വെങ്കലത്തിളക്കവുമായി രമിത

വായനയില്‍ തന്റെ മുഴുവന്‍ സമയവും അര്‍പ്പിച്ചിരുന്ന രമിതയുടെ ജീവിതത്തിലെ വഴിത്തിരിവുണ്ടായത് കായിക മേഖലയിലേക്ക് മകള്‍ എത്തണമെന്ന മാതാപിതാക്കളുടെ ആഗ്രഹമായിരുന്നു

അക്കൗണ്ട്സും ഫിനാന്‍സും ഇഷ്ടപ്പെടുന്ന വിദ്യാര്‍ഥി, കണക്കുകള്‍ മനസില്‍കൂട്ടി ട്രിഗര്‍ വലിച്ചപ്പോള്‍ രമിത ജിന്‍ഡാല്‍ സ്വന്തമാക്കിയത് ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ മെഹുലി ഖോഷിനെ മറികടന്ന് 230.1 സ്കോറോടെയാണ് രമിതയുടെ മെഡല്‍ നേട്ടം. ചൈനയുടെ ഹുവാങ് യുട്ടിങ്ങും ഹാന്‍ ജിയാവും സ്വര്‍ണവും വെള്ളിയും നേടി.

2016ലാണ് രമിത ഷൂട്ടിങ് മേഖലയിലേക്ക് എത്തുന്നത്. പിതാവ് അരവിന്ദ് ജിന്‍ഡാലായിരുന്നു കുരുക്ഷേത്രയിലുള്ള കരണ്‍ ഷൂട്ടിങ് റെയ്ഞ്ചില്‍ രമിതയെ എത്തിച്ചത്. മത്സരങ്ങള്‍ ദേശിയതലത്തിലാണെങ്കിലും അന്താരാഷ്ട്ര വേദിയിലാണെങ്കിലും സ്കോറുകള്‍ മനസില്‍ കണക്കുകൂട്ടുന്ന ശീലം രമിത പുലര്‍ത്തിയിരുന്നു. പരിശീലകരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്കോറിനേക്കാള്‍ ഉപരി ഓരോ ഷോട്ടിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരംഭിച്ചതെന്നാണ് ജൂനിയര്‍ ലോകചാമ്പ്യന്‍ഷിപ്പിന് ശേഷം ദേശീയ മാധ്യമമായ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് 19കാരിയായ രമിത പറഞ്ഞത്.

വായനയുടെ ലോകത്തില്‍ നിന്ന് ഷൂട്ടിങ്ങിലേക്ക്; ഏഷ്യന്‍ ഗെയിംസില്‍ വെങ്കലത്തിളക്കവുമായി രമിത
ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിങ്ങില്‍ രമിതയ്ക്ക് വെങ്കലം, മെഡല്‍ നേട്ടം അഞ്ചാക്കി ഇന്ത്യ; പുരുഷ ഹോക്കിയിലും തകര്‍പ്പന്‍ ജയം

വായനയില്‍ തന്റെ മുഴുവന്‍ സമയവും അര്‍പ്പിച്ചിരുന്ന രമിതയുടെ ജീവിതത്തിലെ വഴിത്തിരിവുണ്ടായത് കായിക മേഖലയിലേക്ക് മകള്‍ എത്തണമെന്ന മാതാപിതാക്കളുടെ ആഗ്രഹമായിരുന്നു. കരണ്‍ ഷൂട്ടിങ് റെയ്ഞ്ചിലെത്തിയതിന് ശേഷം പരിശീലനങ്ങള്‍ ഇന്നുവരെ രമിത മുടക്കിയിട്ടില്ലെന്നാണ് പിതാവ് അരവിന്ദ് പറയുന്നത്.

രമിതയുടെ ഏകാഗ്രതയും മികവും വൈകാതെ തന്നെ പരിശീലകന്‍ ജഗ്ബീര്‍ സിങ്ങിന്റെ ശ്രദ്ധയാകര്‍ഷിച്ചു. റൈഫിളിലേക്കുള്ള ചുവടുമാറ്റത്തില്‍ ധാരാളം വെല്ലുവിളികള്‍ നിറഞ്ഞിരുന്നെങ്കിലും രമിതയുടെ യാത്ര മുന്നോട്ട് തന്നെയായിരുന്നു. കൈത്തണ്ടയുടെ സ്ഥാനത്തിന്റെ കാര്യത്തില്‍ മാത്രം അല്‍പ്പം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നു രമിതയ്ക്ക്. 300 മീറ്റര്‍ റൈഫിള്‍ വിഭാഗത്തില്‍ മത്സരിക്കുമ്പോഴും അനായസത രമിതയ്ക്കുണ്ടായിരുന്നെന്ന് ജഗ്ബീര്‍ ഓര്‍ത്തെടുക്കുന്നു.

റൈഫിളിലേക്കുള്ള ചുവടുമാറ്റത്തില്‍ ധാരാളം വെല്ലുവിളികള്‍ നിറഞ്ഞിരുന്നെങ്കിലും രമിതയുടെ യാത്ര മുന്നോട്ട് തന്നെയായിരുന്നു

ഫൈനലില്‍ ഓരോ ഷോട്ടുകളും പ്രധാനപ്പെട്ടതാണെന്ന തന്റെ വാക്കുകളോട് നീതി പുലര്‍ത്തുന്ന പ്രകടനമായിരുന്നു താരം പുറത്തെടുത്തതും. മത്സരത്തിലെ രമിതയുടെ ഏറ്റവും മോശം ഷോട്ട് പോലും 10.3 സ്കോറിലെത്തി. വളരെ വേഗത്തിലുള്ള ഷോട്ടുകള്‍ തന്നെയാണ് ഫൈനലിലും രമിതയ്ക്ക് മുതല്‍ക്കൂട്ടായത്. ഓരോ മികച്ച സ്കോറും ആത്മവിശ്വാസം വര്‍ധിപ്പിച്ചതോടെ മെ‍ഡല്‍ നേട്ടത്തിലേക്ക് രമിതയെത്തുകയായിരുന്നു.

logo
The Fourth
www.thefourthnews.in