ബാഴ്സ വിടാനൊരുങ്ങി സെർജിയോ ബുസ്കെറ്റസ്; വിരാമമിടുന്നത് 18 വർഷം നീണ്ട യാത്രയ്ക്ക്

ബാഴ്സ വിടാനൊരുങ്ങി സെർജിയോ ബുസ്കെറ്റസ്; വിരാമമിടുന്നത് 18 വർഷം നീണ്ട യാത്രയ്ക്ക്

ബാഴ്‌സലോണയ്ക്കായി ഇതുവരെ 719 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സെര്‍ജിയോ ബുസ്‌കെറ്റസ് ക്ലബ്ബിലെ എക്കാലത്തേയും മികച്ച താരങ്ങളുടെ പട്ടികയില്‍ ലയണല്‍ മെസിക്കും സാവിക്കും പിന്നില്‍ മൂന്നാമതാണ്.

ബാഴ്‌സലോണയ്‌ക്കൊപ്പമുള്ള 18 വര്‍ഷം നീണ്ട യാത്രയ്ക്ക് വിരാമമിടാനൊരുങ്ങി സെര്‍ജിയോ ബുസ്‌കെറ്റസ്. ജൂണ്‍ 30ന് ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കുമെന്നും അത് പുതുക്കുന്നില്ലെന്നും ബാഴ്‌സ മിഡ്ഫീല്‍ഡര്‍ ഒരു ട്വിറ്റര്‍ വീഡിയോയിലൂടെ അറിയിച്ചു. 2005 ല്‍ കറ്റാലന്മാരുടെ ഭാഗമായ സെര്‍ജിയോ 2021 മുതല്‍ ടീമിന്റെ നായകനാണ്. ബാഴ്‌സലോണയ്ക്കായി ഇതുവരെ 719 മത്സരങ്ങള്‍ കളിച്ചിട്ടുള്ള അദ്ദേഹം ക്ലബ്ബിലെ എക്കാലത്തേയും മികച്ച താരങ്ങളുടെ പട്ടികയില്‍ ലയണല്‍ മെസിക്കും സാവിക്കും പിന്നില്‍ മൂന്നാമതാണ്.

15 വയസുള്ളപ്പോഴാണ് സെര്‍ജിയോ ജബാക് ടെറസയില്‍ നിന്ന് ബാഴ്‌സലോണയില്‍ ചേരുന്നത്. 2008ല്‍ റേസിങ് സാന്റന്‍ഡറിന് എതിരെയായിരുന്നു സെര്‍ജിയോയുടെ അരങ്ങേറ്റ മത്സരം. അതിനുശേഷം ടീമിനൊപ്പമുള്ള യാത്രകളിലൂടെ അദ്ദേഹം സ്വയം മിനുക്കിയെടുക്കുകയായിരുന്നു. 15 സീസണുകളില്‍ ബാഴ്‌സയ്ക്കായി ബൂട്ട് കെട്ടിയ അദ്ദേഹം ക്ലബ്ബിനൊപ്പം 719 മത്സരങ്ങള്‍ കളിച്ചു. അതിനിടെ ടീമിനൊപ്പം എട്ട് ലാലിഗ കിരീടങ്ങള്‍, ഏഴ് കോപ്പ ഡെല്‍ റെ, ഏഴ് സപാനിഷ് സൂപ്പര്‍ കപ്പുകള്‍, മൂന്ന് ചാമ്പ്യന്‍സ് ലീഗ് എന്നീ നേട്ടങ്ങളൊക്കെ കൈപ്പിടിയിലൊതുക്കി. ബാഴ്‌സയുടെ അമരത്തിരുന്ന് ഒരു കിരീടത്തില്‍ കൂടി മുത്തമിട്ടശേഷം പടിയിറങ്ങാനുള്ള വലിയ സാധ്യത സെര്‍ജിയയോയ്ക്ക് മുന്നിലുണ്ട്. 13 പോയിന്റുമായി ലാലിഗയില്‍ ഒന്നാമതുള്ള ബാഴ്‌സയ്ക്ക് ഞായറാഴ്ച്ച എസ്പാന്‍യോളില്‍ നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ ലീഗ് കിരീടം ഉറപ്പിക്കാം.

ടീമിനൊപ്പം എട്ട് ലാലിഗ കിരീടങ്ങള്‍, ഏഴ് കോപ്പ ഡെല്‍ റെ, ഏഴ് സപാനിഷ് സൂപ്പര്‍ കപ്പുകള്‍, മൂന്ന് ചാമ്പ്യന്‍സ് ലീഗ് എന്നീ നേട്ടങ്ങളൊക്കെ സെർജിയോ കൈപ്പിടിയിലൊതുക്കി

'' ബാഴ്‌സലോണയില്‍ ഇതെന്റെ അവസാന സീസണ്‍ ആണെന്ന് പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതൊരു അവിസ്മരണീയ യാത്രയാണ്, ചെറുപ്പം മുതല്‍ തന്നെ ഞാന്‍ മത്സരങ്ങള്‍ കാണാന്‍ നേരിട്ട് വരികയോ, ടി വിയില്‍ കാണുകയോ ചെയ്യാറുണ്ട്. ഈ സ്‌റ്റേഡിയത്തില്‍ ഇതേ കുപ്പായത്തില്‍ കളിക്കുന്നത് എപ്പോഴും സ്വപ്‌നം കണ്ടു. യാഥാര്‍ഥ്യം സ്വപ്‌നങ്ങളെ മറികടന്നു, ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബില്‍ 15 സീസണുകള്‍ കളിക്കുമെന്ന് ഞാന്‍ വന്നപ്പോള്‍ കരുതിയിരുന്നില്ല.ഒരു ആരാധകന്‍, അംഗം, കളിക്കാരന്‍, ക്യാപ്റ്റന്‍ അങ്ങനെ ഈ ക്ലബിനൊപ്പം ഞാന്‍ എപ്പോഴും ഉണ്ടായിരുന്നു. ഒപ്പം 700 മത്സരങ്ങളും കളിച്ചു.'' ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് വീഡിയോയിലൂടെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ അറിയിച്ചു.

''വര്‍ഷങ്ങളോളം ടീമിനെ പ്രതിനിധീകരിക്കുക എന്നത് ഒരു ബഹുമതിയാണ്, സ്വപ്‌നമാണ്, അഭിമാനത്തിന്റെ ഉറവിടമാണ്. എന്നാല്‍ എല്ലാത്തിനും തുടക്കവും അവസാനവുമുണ്ട്, തീരുമാനമെടുക്കുക എന്നത് എളുപ്പമല്ലെങ്കിലും ഇപ്പോള്‍ അതിനുള്ള സമയം വന്നിരിക്കുന്നു. ഒരു ബാഴ്‌സ ആരാധകനായിരിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം.'' സെര്‍ജിയോ കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ അടുത്ത കാല്‍വെപ്പ് സൗദി അറേബ്യ ആയിരിക്കുമെന്നാണ് കരുതുന്നത്. ലയണല്‍ മെസിയും സൗദി ക്ലബ്ബായ അല്‍ഹിലാലിലേക്ക് പോകുന്നു എന്ന വാര്‍ത്ത ബലപ്പെടുന്നതിനിടെയാണ് സെര്‍ജിയോയുടെയും നീക്കം.

logo
The Fourth
www.thefourthnews.in