ഒടുവില്‍ ജോക്കോ വീണു; വിംബിള്‍ഡണ്‍ കിരീടം അല്‍കാരസിന്

ഒടുവില്‍ ജോക്കോ വീണു; വിംബിള്‍ഡണ്‍ കിരീടം അല്‍കാരസിന്

അഞ്ച് മണിക്കൂറിനടത്തു നീണ്ടു നിന്ന ഫൈനല്‍ പോരാട്ടത്തില്‍ രണ്ടിനെതിരേ മൂന്നു സെറ്റുകള്‍ക്കായിരുന്നു സ്പാനിഷ് താരത്തിന്റെ ജയം. സ്‌കോര്‍ 1-6, 7-6, 6-1, 3-6, 6-4.

അഞ്ചു വര്‍ഷത്തിനിടെ വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ ആദ്യ തോല്‍വി വഴങ്ങി സെര്‍ബിയന്‍ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ച്. തുടര്‍ച്ചയായ അഞ്ചാം വിംബിള്‍ഡണ്‍ കിരീടം ലക്ഷ്യമിട്ടിറങ്ങിയ സെര്‍ബിയന്‍ താരത്തെ ആവശപ്പോരാട്ടത്തില്‍ കീഴടക്കി ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിന്റെ കാര്‍ലോസ് അല്‍കാരസ് ജേതാവായി.

ഇന്ന് അഞ്ച് മണിക്കൂറിനടത്തു നീണ്ടു നിന്ന ഫൈനല്‍ പോരാട്ടത്തില്‍ രണ്ടിനെതിരേ മൂന്നു സെറ്റുകള്‍ക്കായിരുന്നു സ്പാനിഷ് താരത്തിന്റെ ജയം. സ്‌കോര്‍ 1-6, 7-6, 6-1, 3-6, 6-4. കരിയറിലെ ആദ്യ വിംബിള്‍ഡണ്‍ കിരീടമാണ് അല്‍കാരസിന് ഇത്, രണ്ടാമത്തെ ഗ്രാന്‍ഡ്സ്ലാം കിരീടവും. മനോലോ സന്റാനയ്ക്കും റാഫേല്‍ നദാലിനും ശേഷം വിംബിള്‍ഡണ്‍ ജേതാവാകുന്ന മൂന്നാമത്തെ മാത്രം സ്പാനിഷ് താരം കൂടിയായി അല്‍കാരസ്.

മറുവശത്ത് കരിയറിലെ ആദ്യ കലണ്ടര്‍ സ്ലാം എന്ന സ്വപ്‌നം വീണ്ടും പൊലിയുന്നത് കാണേണ്ടി വന്നു ജോക്കോയ്ക്ക്. ഈ സീസണില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും ജയിച്ചു വന്ന ജോക്കോവിച്ചിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു അല്‍കാരസിന്റേത്.

മികച്ച തുടക്കമായിരുന്നു സെര്‍ബിയന്‍ താരത്തിന് ലഭിച്ചത്. ആദ്യ സെറ്റ് വെറും 29 മിനിറ്റിലാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. എന്താണ് സംഭവിച്ചത് എന്ന് സ്പാനിഷ് യുവതാരം മനസിലാക്കുമ്പോഴേക്കും 6-1ന് സെറ്റ് ജോക്കോവിച്ച് നേടിക്കഴിഞ്ഞിരുന്നു. എന്നാല്‍ വിട്ടുകൊടുക്കാന്‍ അല്‍കാവസും തയാറായിരുന്നില്ല.

രണ്ടാം സെറ്റിലാണ് മത്സരത്തിലെ ഏറ്റവും മികച്ച ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടത്. വിട്ടുകൊടുക്കാതെ കൊണ്ടുംകൊടുത്തും ഇരുതാരങ്ങളും മത്സരത്തിച്ചപ്പോള്‍ രണ്ടാം സെറ്റ് നീണ്ടത് ഒരു മണിക്കൂറും 25 മിനിറ്റുമാണ്. ഒടുവില്‍ ടൈബ്രേക്കറിലേക്ക് നീണ്ട പോരാട്ടത്തിനു ശേഷം 7-6(8-6) എന്ന നിലയില്‍ സെറ്റ് നേടി അല്‍കാരസ് ഒപ്പമെത്തി.

ഇതോടെ ആത്മവിശ്വാസം വീണ്ടെടുത്ത താരം മൂന്നാം സെറ്റില്‍ ജോക്കോവിച്ചിനെ കടന്നാക്രമിക്കുകയായിരുന്നു. ബേസ്‌ലൈനില്‍ നിന്നുള്ള മിന്നുന്ന ഡ്രോപ് ഷോട്ടുകളിലൂടെയും അപ്രതീക്ഷിത സര്‍വ് ആന്‍ഡ് വോളി സ്‌റ്റൈല്‍ ഗെയിമിലൂടെയും പോയിന്റുകള്‍ നേടി അല്‍കാരസ് 60 മിനിറ്റ് കൊണ്ട് 6-1ന് മൂന്നാം സെറ്റ് നേടി ലീഡ് സ്വന്തമാക്കി.

എന്നാല്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ പരിചയസമ്പത്ത്് മുതലെടുത്തു തിരിച്ചു വരുന്നതില്‍ മിടുക്കനായ ജോക്കോവിച്ച് നാലാം സെറ്റില്‍ അതേനാണയത്തില്‍ തിരിച്ചടിച്ചതോടെ വീണ്ടും തുല്യത. 55 മിനിറ്റ് പോരാട്ടത്തില്‍ 6-3ന് നാലാം സെറ്റ് നേടിയ ജോക്കോ മത്സരം നിര്‍ണായകമായ അഞ്ചാം സെറ്റിലേക്കു നീട്ടുകയായിരുന്നു. എന്നാല്‍ അവസാന സെറ്റില്‍ സ്പാനിഷ് യുവതാരത്തിന്റെ വേഗതയ്ക്ക് ഒപ്പം പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പോയ ജോക്കോവിച്ച് 4-6 എന്ന സ്‌കോറില്‍ സെറ്റും മത്സരവും അല്‍കാരസിന് അടിയറ വയ്ക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in