തിരിച്ചുവരവിന്റെ കഥ തുടരുന്നു; ഓസ്ട്രേലിയന്‍ ഓപ്പണിലെ 'അമ്മക്കരുത്ത്'

തിരിച്ചുവരവിന്റെ കഥ തുടരുന്നു; ഓസ്ട്രേലിയന്‍ ഓപ്പണിലെ 'അമ്മക്കരുത്ത്'

മാതൃത്വത്തിന്റെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവുകളുടെ കഥ ഓസ്ട്രേലിയന്‍ ഓപ്പണിലും തുടരും

കായിക മേഖലയില്‍ തിരിച്ചുവരവുകള്‍ വലിയ തോതില്‍ ആഘോഷിക്കപ്പെടാറുണ്ട്. ഏത് മേഖലയേക്കാള്‍ കൂടുതല്‍ തിരിച്ചുവരവുകള്‍ക്ക് വേദിയായിട്ടുള്ളത് ടെന്നിസാണ്. അതില്‍ എടുത്ത് പറയേണ്ട ഒന്ന് വനിതകളുടേതുതന്നെ. പ്രതിസന്ധികളും പരുക്കും മാനസിക സമ്മർദവും താണ്ടി വന്നവർ, മാതൃത്വമുണ്ടാക്കിയ ഇടവേളയ്ക്ക് ശേഷം ചോരാത്ത പോരാട്ടവീര്യവുമായി എത്തിയവർ. അങ്ങനെ ടെന്നിസ് കോർട്ട് സാക്ഷ്യം വഹിച്ച അസാധ്യ തിരിച്ചുവരവുകള്‍ നിരവധിയാണ്. ഒരു വിജയമോ കിരീടമോ ഇവിടെ ഗ്യാരന്റിയല്ല...

ഓസ്ട്രേലിയന്‍ ഓപ്പണിന്റെ വനിത വിഭാഗം മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമായിരിക്കുകയാണ്. ഇഗ സ്വിയാതെക്, അരിന സബലെങ്ക, എലന റൈബാകിന, കൊക്കൊ ഗോഫ് തുടങ്ങിയ താരങ്ങള്‍ സുപ്രധാന കിരീടങ്ങള്‍ നേടിയ ആത്മവിശ്വാസത്തിലാണ് 2024ലെ ആദ്യ ഗ്രാന്‍ഡ് സ്ലാമിലേക്ക് എത്തുന്നത്. എന്നാല്‍ ഗ്രാന്‍ഡ് സ്ലാമില്‍ ഏവരും ആകാംഷയോടെ കാത്തിരിക്കുന്നത് കളത്തിലേക്ക് തിരിച്ചെത്തുന്ന അമ്മമാരുടെ പ്രകടനത്തിനായായിരിക്കും.

തിരിച്ചുവരവിന്റെ കഥ തുടരുന്നു; ഓസ്ട്രേലിയന്‍ ഓപ്പണിലെ 'അമ്മക്കരുത്ത്'
ഇന്ത്യന്‍ ഫുട്ബോളിന് മുന്നിലെ ധർമസങ്കടം; ഛേത്രിക്ക് ശേഷം ഇനി ആര്?

കഴിഞ്ഞ സീസണില്‍ എലിന സ്വിറ്റോലിന, കരോലിന്‍ വോസ്നിയാക്കി എന്നിവരായിരുന്നു സമാനരീതിയില്‍ തിരിച്ചുവരവ് നടത്തിയത്. വിരമിക്കലിന് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്ന വോസ്നിയാക്കി യുഎസ് ഓപ്പണിന്റെ നാലാം റൗണ്ടിലെത്തിയിരുന്നു. കുഞ്ഞിന് ജന്മം നല്‍കിയതിന് ആറ് മാസങ്ങള്‍ക്ക് ശേഷമായിരുന്നു എലിന വിംബിള്‍ഡണില്‍ മാറ്റുരച്ചത്. ഇത്തരം കഥകള്‍ ഇത്തവണയും തുടരുമെന്നാണ് മുന്‍ ലോക ഒന്നാം നമ്പർ താരങ്ങളായ നവോമി ഒസാക്ക, ആഞ്ചലിക് കെർബർ എന്നിവരുടെ തിരിച്ചുവരവുകള്‍ സൂചിപ്പിക്കുന്നത്.

ഒസാക്കയും കെർബറും ഏകദേശം ഒരു വർഷത്തിന് മുകളിലായി ഒരു സുപ്രധാന ടൂർണമെന്റിന്റെ ഭാഗമായിട്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കെർബർ കുഞ്ഞിന് ജന്മം നല്‍കിയത്, ഒസാക്ക ജൂലൈയിലും. ഓസ്ട്രേലിയന്‍ ഓപ്പണിലൂടെ ഗ്രാന്‍ഡ് സ്ലാമിലേക്ക് തിരിച്ചുവരുമ്പോള്‍ ഇരുവർക്കും ചാമ്പ്യന്‍ഷിപ്പ് നേട്ടത്തിന്റെ ഓർമ്മകളും ഒപ്പമുണ്ടാകും. 2016ലാണ് കെർബർ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിടുന്നത്. 2019, 2021 വർഷങ്ങളിലായിരുന്നു ഒസാക്കയുടെ കിരീടനേട്ടം.

തിരിച്ചുവരവിന്റെ കഥ തുടരുന്നു; ഓസ്ട്രേലിയന്‍ ഓപ്പണിലെ 'അമ്മക്കരുത്ത്'
നെവിൽ ഡിസൂസ ഓസ്ട്രേലിയയെ നാണം കെടുത്തിയ ദിവസം

ഒസാക്കയുടെ തിരിച്ചുവരവിലാണ് ഏവരും ഉറ്റുനോക്കുന്നത്. 26 വയസിനുള്ളില്‍ തന്നെ നാല് ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കിയിട്ടുള്ള ഒസാക്ക പോയ വർഷം വിരമിക്കലിന്റെ പടിവാതില്‍ക്കല്‍ വരെ എത്തിയിരുന്നു. തുടർച്ചയായ പരുക്കുകള്‍ താരത്തിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു. കളിയില്‍ നിന്ന് സന്തോഷം ലഭിക്കുന്നില്ല എന്ന വെളിപ്പെടുത്തലും ഒസാക്ക നടത്തി. നിലവില്‍ 833-ാം റാങ്കിലാണ് ഒസാക്ക. ബ്രിസ്‌ബനില്‍ നടന്ന ടൂർണമെന്റില്‍ രണ്ടാം റൗണ്ടില്‍ പുറത്തായെങ്കിലും തന്റെ പ്രതാപകാലത്തെ ഓർമ്മിപ്പിക്കുന്ന നിമിഷങ്ങള്‍ ഒസാക്ക സമ്മാനിച്ചിരുന്നു.

ഇരുവരുടേയും തിരിച്ചുവരവില്‍ അതിയായ സന്തോഷമുണ്ടെന്നായിരുന്നു മുന്‍ ലോക ഒന്നാം നമ്പർ താരവും 2009 യുഎസ് ഓപ്പണ്‍ ജേതാവുമായ കിം ക്ലൈസ്റ്റേഴ്സ് പറഞ്ഞത്. സമാനമായ തിരിച്ചുവരവിലായിരുന്നു കിം അന്ന് കിരീടം നേടിയതും. അമ്മമാരുടെ കിരീടനേട്ടങ്ങള്‍ ടെന്നിസില്‍ ആദ്യമായല്ല. മാർഗ്രറ്റ് കോർട്ട്, ഇവോണ്‍ ഗുലഗോങ് എന്നിവരാണ് ക്ലൈസ്റ്റേഴ്സിന് മുന്‍പ് കിരീട നേട്ടം കൊണ്ട് തിരിച്ചുവരവ് ആഘോഷമാക്കിയത്. അമ്മയായതിന് ശേഷം 2018ല്‍ തിരിച്ചുവരവ് നടത്തിയ ഇതിഹാസ താരം സെറീന വില്യംസ് നാല് മേജർ ടൂർണമെന്റുകളില്‍ ഫൈനലിലെത്തി. പക്ഷേ, കിരീടം മാത്രം അകന്നുനിന്നു.

തിരിച്ചുവരവിന്റെ കഥ തുടരുന്നു; ഓസ്ട്രേലിയന്‍ ഓപ്പണിലെ 'അമ്മക്കരുത്ത്'
ഇഷാന്റെ 'വികൃതി' അതിരുവിട്ടോ?; അച്ചടക്കം പഠിച്ചശേഷം മാത്രം ഇനി ഇന്ത്യന്‍ ജഴ്‌സിയില്‍?

തിരിച്ചുവരവ് കഠിനം, അകന്നു നില്‍ക്കുന്ന പ്രശംസ

മാതൃത്വത്തില്‍ നിന്ന് പ്രൊഫഷണല്‍ ലെവലിലേക്കുള്ള തിരിച്ചുവരവ് കഠിനം തന്നെയാണ്. അമ്മയായതിന് ശേഷം രണ്ട് മേജർ ടൂർണമെന്റുകളുടെ സെമിയിലും ഫൈനലിലുമെത്തിയ സാനിയ മിർസ പറയുന്നത് വെല്ലുവിളികള്‍ പുറംലോകം വിചാരിക്കുന്നതിലുമേറെയാണെന്നാണ്.

"കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷമുണ്ടാകുന്ന ശാരീരികമായ മാറ്റങ്ങളോട് മാത്രമല്ല മാനസിക സംഘർഷങ്ങളോടും പൊരുതേണ്ടതുണ്ട്. ഉറക്കമില്ലാത്ത രാത്രികള്‍, ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിങ്ങനെ നിരവധിയാണ് താണ്ടേണ്ട പാതകള്‍. ഒരു അമ്മയെന്ന നിലയില്‍ ഒരിക്കലും സ്വയം മുന്‍ഗണന നല്‍കാനാകില്ല. ഇത്തരം പശ്ചാത്തലത്തില്‍ നിന്നുള്ള തിരിച്ചുവരവ് എളുപ്പമല്ല," സാനിയ മിർസ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

"15 വർഷങ്ങള്‍ക്ക് മുന്‍പ് അമ്മയായതിന് ശേഷം കോർട്ടിലേക്ക് തിരികെയെത്തുന്ന താരങ്ങളുടെ എണ്ണം ചുരുക്കമായിരുന്നു. എന്നാല്‍ ഇന്ന് അത് കൂടുതല്‍ സാധാരണമായിരിക്കുന്നു. ശരിക്കും വലിയ കാര്യമാണ്. പക്ഷേ, ഇത്തരം തിരിച്ചുവരവുകള്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിക്കാറില്ല," സാനിയ കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in